Vivekanand P.V.
വി.വി.വിവേകാനന്ദ്
ഗള്‍ഫിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകനും ഗള്‍ഫ് ടുഡേ കണ്‍സള്‍ട്ടിംഗ് എഡിറ്ററുമായിരുന്നു പി.വി വിവേകാനന്ദ്. ഒറ്റപ്പാലം പുതുക്കുടി വലിയവീട്ടില്‍ കുടുംബാംഗമാണ് .
ഗള്‍ഫ് മേഖലയില്‍ മൂന്നരപതിറ്റാണ്ടുകാലം മാധ്യമ -സാമൂഹിക മേഖലയില്‍ നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു. പശ്ചിമേഷ്യന്‍ പ്രശ്നങ്ങളെക്കുറിച്ച് ആധികാരികമായി എഴുതിയിരുന്ന വിവേകാനന്ദന് , നേരത്തേ അമ്മാനില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന 'ജോര്‍ദാന്‍ ടൈംസി'ല്‍ എഡിറ്ററായിരുന്നു.രണ്ടു പതിറ്റാണ്ടുകാലം ജോര്‍ദാനിലായിരുന്നു പത്രപ്രവര്‍ത്തനം. ഇറാന്-ഇറാഖ് യുദ്ധവും പലസ്തീന് സമരവും ലബനനിലെ ആഭ്യന്തരയുദ്ധവും യമനിലെ യുദ്ധവും സൊമാലിയന്‍ പ്രശ്നങ്ങളും ഗള്‍ഫ് യുദ്ധങ്ങളുമെല്ലാം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
രണ്ട് ദശാബ്ദത്തിനിടെ മേഖലയിലുണ്ടായ സംഘര്‍ഷങ്ങളെല്ലാം 'ഗള്‍ഫ് ടുഡെ'ക്കുവേണ്ടി റിപ്പോര്‍ട്ട് ചെയ്തു. സൊമാലിയയില്‍ വെച്ച് തീവ്രവാദികള്‍ വിവേകാനന്ദിനെ തട്ടിക്കൊണ്ടുപോയ സംഭവവുമുണ്ടായി. റുവാണ്ടയില്‍ വെച്ച് മര്‍ദനമേറ്റതും ബോസ്നിയയില്‍ വെച്ച് വെടിയേറ്റതുമായ ഒട്ടേറെ അനുഭവങ്ങള്‍ വിവേകാനനെ തേടിയെത്തി. പത്രപ്രവര്‍ത്തന മേഖലയിലെ സംഭാവനകള്‍ മാനിച്ച് 1997 ല്‍ ടോക്യോ ആസ്ഥാനമായുള്ള രാജ്യാന്തര ജേര്‍ണലിസ്റ്റ് കോണ്‍ഗ്രസ് ജേര്‍ണലിസ്റ്റ് ഓഫ് ദി ഇയര്‍ അവാര്‍ഡ് നല്കി ആദരിച്ചു.
മുംബൈയില്‍ കുടുംബ ബിസിനസ്സ് നടത്തവേയാണ് 1978 ല്‍ ജോലിതേടി അദ്ദേഹം ലെബനനിലെത്തുന്നത്. നിര്‍മ്മാണജോലി ചെയ്താണ് ലെബനനിലെ ആദ്യദിനങ്ങള്‍ തള്ളിനീക്കിയത്. വൈകാതെ ലെബനനില്‍ ബന്ദിയാക്കപ്പെട്ടു. ലെബനീസ് സൈനിക ക്യാമ്പില്‍ നിന്ന് അത്ഭുതകരമായി രക്ഷപെട്ട് ജോര്‍ദാനിലെത്തി. അവിടെ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ സെയില്‍സ്മാനായി ജോലിതുടങ്ങിയിടത്തുനിന്നാണ് പത്രപ്രവര്‍ത്തനജീവിതം ആരംഭിക്കുന്നത്. ജോര്‍ദാന്‍ ടൈംസില്‍ താത്കാലിക പ്രൂഫ് റീഡറായി ജോലിയില്‍ ചേര്‍ന്നായിരുന്നു തുടക്കം. മികച്ച റിപ്പോര്‍ട്ടുകളുമായി അദ്ദേഹം വളരെപ്പെട്ടെന്ന് തന്നെ ഗള്‍ഫ് മേഖലയില്‍ മുഴുവന്‍ അറിയപ്പെട്ടു. വൈകാതെ പ്രൂഫ് റീഡറില്‍ നിന്ന് ജോര്‍ദാന്‍ ടൈംസിന്റെ ഒന്നാം പേജ് എഡിറ്ററായി വളര്‍ന്നു- വെറും 15 മാസത്തിനുള്ളിലായിരുന്നു ഈ വളര്‍ച്ച.
1981 ല്‍ ഇറാന്-ഇറാഖ് പ്രശ്നത്തെക്കുറിച്ച് രാഷ്ട്രീയലേഖനങ്ങളെഴുതി ശ്രദ്ധിക്കപ്പെട്ടു. ജോര്‍ദാന്‍ ടൈംസ് വിട്ട അദ്ദേഹം 1984 ല്‍ യു.എന്‍.ഐയുടെ ജോര്‍ദാന്‍ കറസ്പോണ്ടന്റായി. 92 മുതല്‍ ടൈംസ് ഓഫ് ഇന്ത്യക്ക് വേണ്ടി ഗള്‍ഫില്‍ നിന്ന് റിപ്പോര്‍ട്ടുകളെഴുതി. 1998 ലാണ് ഷാര്‍ജയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ഗള്‍ഫ് ടുഡേ എഡിറ്ററാകുന്നത്. വിരമിച്ച ശേഷം കണ്‍സള്‍ട്ടിംഗ് എഡിറ്ററായി തുടരുകയായിരുന്നു. 2013 ഡിസംബര്‍ മൂന്നിന് കോഴിക്കോട്ട് അന്തരിച്ചു.
ചിത്രയാണ് ഭാര്യ. മക്കള്‍: അനൂപ്, വിസ്മയ.