You are here:

Sreedharan C. P.

പത്രപ്രവര്‍ത്തനരംഗത്തെ അപൂര്‍വ്വതയായിരുന്നു സി.പി.ശ്രീധരന്‍.   പത്രാധിപരുടെ കസേരക്കപ്പുറം ഉജ്ജ്വലനായ വാഗ്മി, സാഹിത്യകാരന്‍, സാഹിത്യപ്രസ്ഥാനങ്ങളുടെ നായകന്‍, സംഘാടകന്‍, രാഷ്ട്രീയ നേതാവ് എന്നിവയൊക്കെ അദ്ദേഹത്തിന്റെ വ്യത്യസ്ത മുഖങ്ങള്‍.   

പരന്ന വായനയും  തെളിഞ്ഞ ചിന്തയും കൊണ്ട് പ്രകാശം പരത്തിയ സി.പി. വേറിട്ട വ്യക്തിത്വംകൊണ്ട് ഒറ്റപ്പെട്ടുനിന്ന റിബലുമായിരുന്നു. തെറ്റായ ഒന്നിനോടും രാജിയാവാത്ത അദ്ദേഹം ഔദ്യോഗിക ജീവിതത്തില്‍ തന്റെ രാജി എന്നും  പോക്കറ്റിലിട്ട് നടന്നിരുന്നു എന്നു പറയാറുണ്ട്.  1931 ഡിസംബര്‍ 24-ന് കാസര്‍കോട് ജില്ലയിലെ പയ്യന്നൂരിലാണ് സി.പി.ശ്രീധരന്‍ ജനിച്ചത്.  കെ.ഗോവിന്ദകുറുപ്പിന്റേയും  ജാനകി അമ്മയുടെയും മകനായി.

ചിറക്കല്‍-കാസര്‍കോട് മേഖലയില്‍ നാഷണല്‍ സ്റ്റുഡന്‍സ് കോഗ്രസ്സിന്റെ സെക്രട്ടറിയായാണ് പൊതുരംഗത്ത് കടക്കുന്നത്.  നാലു പതിറ്റാണ്ടോളം നീണ്ടുകിടക്കുന്നു അദ്ദേഹത്തിന്റെ പത്രപ്രവര്‍ത്തന ജീവിതം.  സ്‌കൂള്‍ജീവിതകാലത്തുതന്നെ പത്രപ്രവര്‍ത്തനത്തിന്റെ ഹരിശ്രീ കുറിച്ചു.  സ്വാതന്ത്ര്യസമരസേനാനി തറമ്മല്‍ കൃഷ്ണന്റെ പത്രാധിപത്യത്തില്‍ കോഴിക്കോട്ട് നിന്നിറങ്ങിയിരുന്ന നവകേരളം ദിനപത്രത്തിന്റെ ലേഖകനായി തുടക്കം.  പിന്നീട് ഫോര്‍ട്ടുകൊച്ചിയില്‍ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ജനശക്തി വാരികയുടെ പ്രധാനപത്രാധിപര്‍.

മലയാളമനോരമയുടെ മലബാര്‍ ഓഫീസിന്റെ ചുമതലക്കാരനായി,  പിന്നീട് മടങ്ങി 1953-ല്‍ കോട്ടയത്ത് മനോരമയുടെ പത്രാധിപ സമിതി അംഗമായി.  പതിനഞ്ച് വര്‍ഷം ആ സേവനം നീണ്ടു.  1968-ല്‍ രാജിവച്ചു. 1976-ല്‍ കോണ്‍ഗ്രസ്സിന്റെ മുഖപത്രമായ വീക്ഷണത്തിന്റെ പത്രാധിപരായി.  ഇണങ്ങിയും  പിണങ്ങിയും വീക്ഷണത്തിന്റെ അമരക്കാരനായിരുന്നു ദീര്‍ഘകാലം. വീക്ഷണത്തില്‍ നിന്ന് വിവാദമായ ഒരു മുഖപ്രസംഗത്തിന്റെ പ്രസിദ്ധീകരണത്തെ തുടര്‍ന്ന് രാജിവച്ച ശ്രീധരന്‍ കേരള ടൈംസിലെത്തി.

1996 ഒക്‌ടോബര്‍ 24-നായിരുന്നു സി.പി.യുടെ മരണം.  മരണത്തിന് രണ്ട്ദിവസം മുമ്പ് തന്റെ അവസാനത്തെ മുഖപ്രസംഗവും എഴുതി പൂര്‍ത്തിയാക്കിയാണ് ശ്രീധരന്‍ വിട പറഞ്ഞത്.  
സ്വാമി വിവേകാനന്ദന്‍, നമ്മുടെ സാഹിത്യകാരന്മാര്‍ തുടങ്ങിയ അദ്ദേഹത്തിന്റെ കൃതികള്‍ നിത്യനൂതനമാണ്.  എഴുത്തുകാരുടെ സഹകരണസംഘമായ എസ്.പി.സി.എസ്സിന്റെ രൂപീകരണത്തിലും വളര്‍ച്ചയിലും സി.പി. വലിയ പങ്ക് വഹിച്ചു,.  സമസ്തകേരള സാഹിത്യ പരിഷത്ത്, കേരള സാഹിത്യ അക്കാദമി എന്നിവയിലും നായകത്വം വഹിച്ചിട്ടുണ്ട്.