You are here:

ഓരോ ചിത്രവും ഹൃദയത്തോട് സംവദിക്കുന്നതാകണം- രഘുറായ്

കൊച്ചി: ഓരോ ചിത്രവും ഹൃദയത്തോട് സംവദിക്കുന്നതാകണമെന്നും കേവലം മനോഹാരിതയില്‍ മാത്രം ഒതുങ്ങരുതെന്നും പ്രശസ്ത ഫോട്ടോഗ്രാഫര്‍ രഘുറായ്

അഭിപ്രായപ്പെട്ടു. ബുദ്ധിയും അറിവുമല്ല വികാരങ്ങളാണ് ഒന്നാം സ്ഥാനത്ത് ചിത്രീകരിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

കേരള പ്രസ് അക്കാദമി പത്രഫോട്ടോഗ്രാഫര്‍മാര്‍ക്കായി സംഘടിപ്പിച്ച 'ഡിജിറ്റല്‍ യുഗത്തിലെ ഫോട്ടോ ജേര്‍ണലിസം' എന്ന ത്രിദിന ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പ്രൊഫഷണലിസം തലയ്ക്കുപിടിച്ച ഇന്‍ഫോടെയ്ന്‍മെന്റ് യുഗം ജേര്‍ണലിസത്തിന് ദുരന്തമാണ് സമ്മാനിക്കുന്നത്. മുഖം നഷ്ടമായ നിരവധി പത്രങ്ങളാണ് ഇപ്പോള്‍ ഇറങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഒരു ചിത്രത്തിന് ആഗോളമാനം നല്‍കാന്‍ കഴിയുന്നതിലാണ് പത്രഫോട്ടോഗ്രഫി വിജയിക്കുന്നത്. ഓരോ ഫോട്ടോയ്ക്കും ആവശ്യമായ ഇടം പത്രത്തില്‍ നല്‍കുന്നതിനായി എഡിറ്റര്‍മാരോട് കലഹിക്കുന്നതിലും കുഴപ്പമില്ല. പ്രസിഡന്‍സി ഹോട്ടലിലെ വേദിയില്‍ സംശയങ്ങള്‍ക്ക് മറുപടിയേകുകയും അനുഭവങ്ങളുടെ അറിവ് പകരുകയുമായിരുന്നു രഘുറായ്.

തന്റെ 'രഘുറായുടെ ഇന്ത്യ റിഫഌന്‍സ് ഇന്‍ കളര്‍' എന്ന പുസ്തകം അദ്ദേഹം പ്രസ് അക്കാദമി ലൈബ്രറിക്ക് സമ്മാനിച്ചു. അക്കാദമി സിക്രട്ടറി വി.ജി.രേണുക പുസ്തകം ഏറ്റുവാങ്ങി. ഡിജിറ്റല്‍ ഫോട്ടോഗ്രാഫി യുഗം പഴയ തലമുറയ്ക്ക് അന്യമാണെന്നും പുതിയ തലമുറ ഏറെ ഭാഗ്യവാന്മാരാണെന്നും  പ്രസ് അക്കാദമി മുന്‍ ചെയര്‍മാനും മുന്‍ മാതൃഭൂമി പത്രാധിപരുമായ വി.പി. രാമചന്ദ്രന്‍ പറഞ്ഞു.

ന്യൂ മീഡിയ സങ്കല്പങ്ങള്‍ പകര്‍ന്നു നല്‍കാന്‍ തുടര്‍ന്നും ശില്പശാലകള്‍ സംഘടിപ്പിക്കുമെന്ന് അദ്ധ്യക്ഷത വഹിച്ച പ്രസ് അക്കാദമി ചെയര്‍മാന്‍ എന്‍.പി. രാജേന്ദ്രന്‍ പറഞ്ഞു. പ്രസ് അക്കാദമിയുടെ ഉപഹാരമായി ആറന്മുള കണ്ണാടി അദ്ദേഹം രഘുറായിക്ക് സമ്മാനിച്ചു.

ഫോട്ടോഗ്രാഫര്‍മാരിലെ സാധാരണക്കാരനും സാധാരണക്കാരിലെ ഫോട്ടോഗ്രാഫറുമാണ് മനുഷ്യമുഖങ്ങളുടെ വികാരചിത്രങ്ങള്‍ ഒപ്പിയെടുത്ത രഘുറായി എന്ന് ഓണ്‍ലൈന്‍ വിദഗ്ധനായ ആനന്ദ് പാര്‍ത്ഥസാരഥി പറഞ്ഞു.

ഓരോ സംസ്ഥാനത്തും തന്റെ മുദ്ര പതിപ്പിച്ച വ്യക്തിയാണ് രഘുറായിയെന്ന് പത്രപ്രവര്‍ത്തകന്‍ കെ.എം. റോയ് അഭിപ്രായപ്പെട്ടു. ശില്പശാല ശനിയാഴ്ച സമാപിക്കും. പ്രസ് അക്കാദമി സെക്രട്ടറി വി.ജി. രേണുക സ്വാഗതവും എക്‌സി.അംഗം എന്‍.രാജേഷ്‌ നന്ദിയും പറഞ്ഞു. ഡയറക്ടര്‍ എം. രാമചന്ദ്രന്‍, എക്‌സിക്യുട്ടീവ് അംഗം എന്‍. രാജേഷ്, ലക്ചറര്‍ ഹേമലത, അസി. സെക്രട്ടറി എന്‍.പി. സന്തോഷ്, വിവിധ ഫോട്ടോഗ്രാഫര്‍മാര്‍, മറ്റു പത്രപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ആനന്ദ് പാര്‍ത്ഥസാരഥി, മാതൃഭൂമി ഫോട്ടോ എഡിറ്റര്‍ രാജന്‍ പൊതുവാള്‍, മനോരമ മുന്‍ ചീഫ് ഫോട്ടോഗ്രാഫര്‍ പി.മുസ്തഫ, ഫ്രാന്‍സിസ് പരേര, ഫിറോസ് ബാബു, ജോസ് കുട്ടി പനക്കല്‍ എന്നിവര്‍ ക്ലാസ്സെടുത്തു.