You are here:

മാധ്യമങ്ങള്‍ സ്വന്തം അജന്‍ഡ പൊതു നിലപാടായി ചിത്രീകരിക്കുന്നു : ശശികുമാര്‍

കൊച്ചി: ദൃശ്യമാധ്യമങ്ങള്‍ സ്വയം അജന്‍ഡ തയ്യാറാക്കുകയും അത് സമൂഹത്തിന്റെ പൊതു നിലപാടാണ് എന്ന് തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നതായി ചെന്നൈ ഏഷ്യന്‍ സ്‌കൂള്‍ ഓഫ് ജേണലിസം ചെയര്‍മാന്‍ ശശികുമാര്‍ അഭിപ്രായപ്പെട്ടു. 

തങ്ങളുടെ അഭിപ്രായങ്ങള്‍ രാഷ്ട്രത്തിന്റെ തന്നെയും അഭിപ്രായങ്ങളാണെന്നുപോലും തെറ്റിദ്ധരിപ്പിക്കുവാന്‍ ചിലപ്പോല്‍ ചാനലുകള്‍ ശ്രമം നടത്തുന്നു.  തങ്ങളുടെ അഭിപ്രായങ്ങളോട് യോജിക്കാത്തവരെ മൂലയിലിരുത്തുകയും അവരെ തെറ്റുകാരായി മുദ്രയടിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. 
കേരള പ്രസ് അക്കാദമി സംഘടിപ്പിച്ച എന്‍ എന്‍ സത്യവ്രതന്‍ അനുസ്മരണച്ചടങ്ങില്‍ 'വാര്‍ത്താമാധ്യമങ്ങളുടെ സാമൂഹിക ഓഡിറ്റിങ്' എന്ന വിഷയത്തില്‍ സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു ശേശികുമാര്‍.
 
അടുത്തിടെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുണ്ടായ അസ്വാരസ്യങ്ങളും ഡല്‍ഹിയിലെ സംഭവവികാസങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ പരിശോധിച്ചാല്‍ ഈ അജന്‍ഡ സൃഷ്ടിക്കല്‍ വ്യക്തമായി കാണാം. തൂക്കുമരമാണ് ബലാത്സംഗംചെയ്യുന്നവനു നല്‍കേണ്ടതെന്ന് ദേശീയ ദൃശ്യമാധ്യമങ്ങള്‍ അജന്‍ഡ തയ്യാറാക്കി. അതിനെതിരെ സംസാരിക്കുന്നവന്‍ ബലാത്സംഗത്തെ അനുകൂലിക്കുന്നവനാണെന്ന് ചിത്രീകരിച്ചു. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നത് മാധ്യമങ്ങള്‍ സ്വയം ശവക്കുഴി തോണ്ടുന്നതിനു തുല്യമാണ്. മാധ്യമങ്ങളുടെ വിശ്വാസ്യത കുറയുകയാണ്. മാധ്യമങ്ങള്‍ സ്വയം വാര്‍ത്തകളെ വിമര്‍ശന വിധേയമാക്കുകയും പ്രസിദ്ധപ്പെടുത്തുകയും ചെയ്യണമെന്നും ശശികുമാര്‍ പറഞ്ഞു. 

എന്‍ എന്‍ സത്യവ്രതന്റെ മാധ്യമപഠന ഗ്രന്ഥമായ 'വാര്‍ത്തയുടെ ശില്‍പ്പശാല'യുടെ രണ്ടാം പതിപ്പിന്റെ പ്രകാശനം മലയാള മനോരമ എഡിറ്റോറിയല്‍ ഡയറക്റ്ററും പ്രസ് അക്കാദമി  മുന്‍ ചെയര്‍മാനുമായ തോമസ് ജേക്കബ് മാതൃഭൂമി ഡപ്യൂട്ടി എഡിറ്ററും പ്രസ് അക്കാദമി ജനറല്‍ കൗണ്‍സിലംഗവുമായ വി രാജഗോപാലിനു നല്‍കി നിര്‍വഹിച്ചു. ഇന്ത്യയിലെതന്നെ ഏറ്റവും മികച്ച ഹ്യൂമണ്‍ ഇന്ററസ്റ്റ് സ്റ്റോറികള്‍ ജനിച്ചത് സത്യവ്രതന്റെ തൂലികത്തുമ്പില്‍ നിന്നാണെന്ന് തോമസ് ജേക്കമ്പ്  പറഞ്ഞു.  പ്രസ് അക്കാദമി ചെയര്‍മാന്‍ എന്‍ പി രാജേന്ദ്രന്‍ അധ്യക്ഷതവഹിച്ചു. പ്രസ് അക്കാദമി സിക്രട്ടറി വി.ജി.രേണുക സ്വാഗതവും അസി.സിക്രട്ടറി എന്‍.പി.സന്തോഷ് നന്ദിയും പറഞ്ഞു.