You are here:

പൊതുഗദ്യഭാഷ രൂപപ്പെടുത്തിയത് മാധ്യമപ്രവര്‍ത്തകര്‍-സി.രാധാകൃഷ്ണന്‍

കോഴിക്കോട്:കേരളത്തില്‍ ഒരേ രീതിയിലുള്ള ഗദ്യഭാഷയുണ്ടാക്കിയത് മാധ്യമപ്രവര്‍ത്തകരാണെന്ന് പ്രശസ്ത എഴുത്തുകാരന്‍ സി.രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. കേരള പ്രസ് അക്കാദമി പ്രസിദ്ധപ്പെടുത്തിയ, വി.പി.സുബൈറിന്റെ 'മലയാളപത്രഭാഷ വികാസപരിണാമങ്ങള്‍' എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാള മനോരമ പത്രത്തില്‍ ചീഫ് സബ് എഡിറ്ററാണ് സുബൈര്‍.

സാങ്കേതികതയ്ക്ക് കൂടി യോജിച്ച രീതിയില്‍  മലയാളഭാഷയെ മാറ്റിയെടുക്കേണ്ടതുണ്ട്. അച്ചടിക്ക് യോജിച്ച രീതിയിലാണ് ഇപ്പോള്‍. ഓരോ പത്രമാധ്യമത്തിനും ഭാഷായുപയോഗം അവരുടേതായ രീതികളിലാണ്.

ഇംഗ്ലീഷ് പുസ്തകങ്ങളില്‍ തെറ്റുകള്‍ വരാതിരിക്കാനുള്ള പ്രധാനകാരണം കമ്പ്യൂട്ടറില്‍ വ്യാകരണത്തെറ്റും അക്ഷരത്തെറ്റും പരിശോധിക്കാനുള്ള സംവിധാനം ഉണ്ടായത് കൊണ്ടാണ്. അങ്ങനെ മലയാളത്തിലും ഉണ്ടാവേണ്ടതുണ്ട്. കേരളസര്‍ക്കാര്‍ മുന്‍കൈയ്യെടുത്താല്‍ ഇത് സാധിക്കാവുന്നതേയുള്ളൂ- സി.രാധകൃഷ്ണന്‍ പറഞ്ഞു.

എന്‍.പി.ഹാഫിസ് മുഹമ്മദ് പുസ്തകം ഏറ്റുവാങ്ങി. കേരളപ്രസ് അക്കാദമി ചെയര്‍മാന്‍ എന്‍.പി.രാജേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ഡോ.കെ.എം.അനില്‍ പുസ്തകം പരിചയപ്പെടുത്തി. മലയാള മനോരമ മുന്‍ റസിഡന്റ് എഡിറ്റര്‍ കെ.അബൂബക്കര്‍, കോഴിക്കോട് പ്രസ് ക്ലബ് ഇന്‍സ്റ്റിറ്റിയൂട്ട് ആന്റ് കമ്യൂണിക്കേഷന്‍സ് ആന്റ് ജേര്‍ണലിസം ഡയറക്ടര്‍ വി.ഇ.ബാലകൃഷ്ണന്‍, പ്രസ് ക്ലബ് സെക്രട്ടറി വിനോദ് ചന്ദ്രന്‍, കേരളപ്രസ് അക്കാദമി എക്‌സിക്യൂട്ടിവ് ബോര്‍ഡ് അംഗം എന്‍.രാജേഷ്, പ്രസ് അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗം ഇ.പി.ഷാജുദ്ദിന്‍ എന്നിവര്‍ പ്രസംഗിച്ചു. വി.പി.സുബൈര്‍ മറുപടി പ്രസംഗം നടത്തി.