You are here:

പ്രാദേശിക ലേഖകര്‍ക്ക് പഠനക്യാമ്പ് നടത്തി

തൃശ്ശൂര്‍: മാധ്യമരംഗത്തെ ഔപചാരിക പഠനങ്ങള്‍ക്ക് ഉപരിയായി വാര്‍ത്തകള്‍ കണ്ടെത്തുന്നതിനും അവ ലളിതമായി അവതരിപ്പിക്കുന്നതിനുമുള്ള കഴിവാണ് മികച്ച മാധ്യമപ്രവര്‍ത്തകരെ സൃഷ്ടിക്കുന്നതെന്ന് പത്രപ്രവര്‍ത്തകന്‍ കെ.എം. റോയ് അഭിപ്രായപ്പെട്ടു. കേരള പ്രസ് അക്കാദമിയുടെ ആഭിമുഖ്യത്തില്‍ തൃശ്ശൂര്‍, മലപ്പുറം, പാലക്കാട് ജില്ലകളില്‍നിന്നുള്ള പ്രദേശിക പത്രപ്രവര്‍ത്തകര്‍ക്കായി സംഘടിപ്പിച്ച ദ്വിദിന മാധ്യമപഠനക്യാമ്പ് മുളങ്കുന്നത്തുകാവ് കില ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മാറിക്കൊണ്ടിരിക്കുന്ന മാധ്യമരീതികളെക്കുറിച്ചും പ്രവണതകളെക്കുറിച്ചുമുള്ള പരിജ്ഞാനം പത്രപ്രവര്‍ത്തകരുടെ പ്രവര്‍ത്തനമികവ് വര്‍ധിപ്പിക്കാന്‍ ഉതകുമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമമേഖലയിലെ വിവിധ രംഗങ്ങളിലെ സാങ്കേതിക മുന്നേറ്റങ്ങളെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കുന്നതിന് കേരള പ്രസ് അക്കാദമി വിവിധ പഠനക്യാമ്പുകള്‍ സംഘടിപ്പിച്ചുവരികയാണെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച പ്രസ് അക്കാദമി ചെയര്‍മാന്‍ എന്‍.പി. രാജേന്ദ്രന്‍ പറഞ്ഞു.

അധികാരവികേന്ദ്രീകരണ പ്രവര്‍ത്തനങ്ങള്‍ സാര്‍ത്ഥകമാക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രധാന പങ്ക് വഹിക്കാനുണ്ടെന്നും വികസനപ്രവര്‍ത്തനങ്ങള്‍ സാര്‍ത്ഥകമാക്കാന്‍ മാധ്യമ ഇടപെടല്‍ സഹായകമാണെന്നും ആശംസ നേര്‍ന്ന് സംസാരിച്ച കില ഡയറക്ടര്‍ ഡോ. പി.പി. ബാലന്‍ പറഞ്ഞു. പ്രസ് ക്ലബ്ബ് പ്രസിഡന്റ് ജോയ് എം. മണ്ണൂര്‍ , ക്യാമ്പ് കോഓര്‍ഡിനേറ്റര്‍ എന്‍. രാജേഷ്, പ്രസ് അക്കാദമി സെക്രട്ടറി വി.ആര്‍. അജിത്കുമാര്‍ എന്നിവര്‍ സംസാരിച്ചു. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ വി.ജി. രേണുക, പ്രസ് അക്കാദമി അസി. സെക്രട്ടറി എന്‍.പി. സന്തോഷ് എന്നിവര്‍ പങ്കെടുത്തു.

മാതൃഭൂമി പ്രത്യേക ലേഖകന്‍ കെ.എസ്. വിപിനചന്ദ്രന്‍, മംഗളം എക്‌സി. എഡിറ്റര്‍ എ. സജീവന്‍, ഡോ. ഒ.കെ. മുരളീകൃഷ്ണന്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസെടുത്തു. വൈകീട്ട് നടന്ന മുഖാമുഖത്തില്‍ മാതൃഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ എം.പി. സുരേന്ദ്രന്‍, മലയാള മനോരമ കോ ഓഡിനേറ്റിങ്ങ് എഡിറ്റര്‍ പി.എ. കുര്യാക്കോസ്, ഇന്ത്യാവിഷന്‍ എഡിറ്റര്‍ എം.പി. ബഷീര്‍ എന്നിവര്‍ പങ്കെടുത്തു. മൂന്ന് ജില്ലകളില്‍നിന്നായി നൂറോളം പ്രാദേശിക ലേഖകര്‍ ക്യാമ്പില്‍ പങ്കെടുത്തു. സമാപനദിവസമായ ശനിയാഴ്ച ദേശാഭിമാനി ചീഫ് ന്യൂസ് എഡിറ്റര്‍ പി.പി. അബൂബക്കര്‍, മനോരമ ചീഫ് റിപ്പോര്‍ട്ടര്‍ ജിജോ ജോണ്‍ പൂത്തേഴത്ത്, വിവരാവകാശ സംഘടനാ ജന.സിക്രട്ടറി അഡ്വ. ഡി.ബി. ബിനു എന്നിവര്‍ ക്ലാസെടുത്തു.

സമാപന സമ്മേളനത്തില്‍ അഡ്വ. ഡി.ബി.ബിനു സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. അക്കാദമി അസി.സിക്രട്ടറി എന്‍.പി.സന്തോഷ് സ്വാഗതം പറഞ്ഞു.

 

 

.

Click here for Invitation [PDF]