You are here:

സ്വതന്ത്ര പത്രപ്രവര്‍ത്തനം അനിവാര്യം വിനോദ് ശര്‍മ

കോഴിക്കോട്: ജനാധിപത്യരാജ്യത്ത് സ്വതന്ത്ര പത്രപ്രവര്‍ത്തനം അത്യന്താപേക്ഷിതമാണെന്ന് ഹിന്ദുസ്ഥാന്‍ ടൈംസിന്റെ രാഷ്ട്രീയകാര്യ പത്രാധിപര്‍ വിനോദ് ശര്‍മ പറഞ്ഞു. കേരള പ്രസ് അക്കാദമി പത്രപ്രവര്‍ത്തന വിദ്യാര്‍ഥികള്‍ക്കായി നടത്തിയ 'പത്രപ്രവര്‍ത്തനത്തിന്റെ ഭാവി' പഠനക്യാമ്പില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അറിവാണ് ശക്തിയെന്ന് വിശ്വസിക്കുന്നവരാണ് നമ്മള്‍. സ്വതന്ത്ര പത്രപ്രവര്‍ത്തനം അതുകൊണ്ടുതന്നെ പ്രധാന്യമേറിയതാണ്. പത്രമാധ്യമങ്ങള്‍ പൊതുജനങ്ങളുടെ അഭിപ്രായരൂപവത്കരണത്തിന് ഇടയാക്കുന്നുണ്ട്. അടുത്ത തിരഞ്ഞെടുപ്പില്‍ നിങ്ങളെ ആര് പ്രതിനിധീകരിക്കണം എന്ന തീരുമാനത്തെവരെ ഇത് സ്വാധീനിക്കുന്നുവെന്നും വിനോദ് ശര്‍മ പറഞ്ഞു.

പത്രത്തിന്റെ വായനക്കാരുടെ സാമൂഹിക സാമ്പത്തിക നിലവാരം എന്തെന്ന് വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെടുന്ന പരസ്യവിതരണക്കാരുണ്ട്. സ്വന്തം വായനക്കാരെ പരസ്യത്തിനുവേണ്ടി തരംതിരിക്കുന്നത് വായനക്കാരോടുള്ള അപരാധമാണ്. വാര്‍ത്തകളിലും ഇതേ പക്ഷപാതിത്വം പ്രകടമാണ്. ഡല്‍ഹിയില്‍ സമ്പന്നര്‍ താമസിക്കുന്ന ദക്ഷിണഡല്‍ഹിയില്‍ ആരെങ്കിലും കൊല്ലപ്പെട്ടാല്‍ അത് പത്രങ്ങളുടെ ഒന്നാംപേജില്‍ വരും. എന്നാല്‍, താഴെക്കിടയിലുള്ളവര്‍ താമസിക്കുന്ന വടക്കന്‍ ഡല്‍ഹിയിലുള്ളവര്‍ക്കാണ് ഇതേ അനുഭവം വന്നതെങ്കില്‍ പത്രങ്ങളുടെ ഉള്‍പേജിലാണ് പ്രത്യക്ഷപ്പെടുകയെന്നുംഅദ്ദേഹം പറഞ്ഞു.

മലയാള പത്രപ്രവര്‍ത്തകരുമായുള്ള ആത്മബന്ധവും മലയാളപത്രപ്രവര്‍ത്തനരംഗത്തെ സംബന്ധിച്ച നിരീക്ഷണങ്ങളും അദ്ദേഹം പങ്കുവെച്ചു. കോസ്‌മോപൊളിറ്റന്‍ നഗരങ്ങളിലെ പത്രപ്രവര്‍ത്തനവുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തില്‍ കുറച്ചുകൂടി അടിസ്ഥാനപരമായ വാര്‍ത്തകള്‍ നല്‍കുന്നുണ്ട്. വാര്‍ത്തകള്‍ക്കുവേണ്ടി പണം ചെലവഴിക്കുന്നതിനും സ്ഥാപനങ്ങള്‍ക്ക് മടിയില്ല എന്നത് അഭിനന്ദനാര്‍ഹമാണെന്നും വിനോദ് ശര്‍മ അഭിപ്രായപ്പെട്ടു.

രാവിലെ നടന്ന ചടങ്ങില്‍ സെമിനാറിന്റെ ഉദ്ഘാടനവും വിനോദ് ശര്‍മ നിര്‍വഹിച്ചു. കേരള പ്രസ് അക്കാദമി ചെയര്‍മാന്‍ എന്‍.പി. രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. മലയാള മനോരമ എഡിറ്റോറിയല്‍ ഡയറക്ടര്‍ തോമസ് ജേക്കബ് സംസാരിച്ചു. വി.ആര്‍. അജിത് കുമാര്‍ സ്വാഗതവും എന്‍. രാജേഷ് നന്ദിയും പറഞ്ഞു. വിവിധ വിഷയങ്ങളില്‍ എ. സഹദേവന്‍, ജെ. ഗോപീകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. സെമിനാര്‍ ഞായറാഴ്ച സമാപിക്കും.

 

 

മാധ്യമ പ്രവര്‍ത്തകര്‍ ധാര്‍മികത കൈവെടിയരുത് :വിളനിലം

 

 സമൂഹത്തിന്റെയും വ്യക്തിയുടെയും അവകാശം സംരക്ഷിക്കുന്നതില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നിര്‍ണായകമായ പങ്കുണ്ടെന്ന് കേരള സര്‍വകലാശാലാ മുന്‍ വൈസ് ചാന്‍സലര്‍ ഡോ.ജെ.വി. വിളനിലം പറഞ്ഞു. ജേണലിസം വിദ്യാര്‍ഥികള്‍ക്കായി കേരള പ്രസ്സ് അക്കാദമി സംഘടിപ്പിച്ച ശില്പശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ പ്രതിനിധികളായ മാധ്യമപ്രവര്‍ത്തകര്‍ക്ക് നിര്‍ഭയമായും സത്യസന്ധമായും പ്രവര്‍ത്തിക്കാന്‍ കഴിയണം. വിപണിയുടെ സമ്മര്‍ദം മാധ്യമപ്രവര്‍ത്തനത്തെ സ്വാധീനിക്കുന്നത് സമൂഹത്തില്‍ ദൂരവ്യാപകമായ പ്രത്യാഘാതം സൃഷ്ടിക്കും. ഭരണകൂടത്തിന്റെ തെറ്റായ നടപടികള്‍ തുറന്നുകാട്ടാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് സാധിക്കണമെന്ന് വിളനിലം പറഞ്ഞു.

പ്രസ്സ് അക്കാദമി ചെയര്‍മാന്‍ എന്‍.പി. രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ലിംഗനീതിയും മാധ്യമവും എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ കെ.എ.ബീന, ആര്‍.പാര്‍വതിദേവി, എന്‍. സുസ്മിത എന്നിവര്‍ സംസാരിച്ചു. അക്കാദമി അംഗങ്ങളായ എന്‍. രാജേഷ്, ഇ.പി. ഷാജുദ്ദീന്‍ , പ്രസ്സ് അക്കാദമി സെക്രട്ടറി വി.ആര്‍. അജിത്കുമാര്‍ എന്നിവര്‍ സംസാരിച്ചു.