You are here:

വിഷന്‍ 2025- പ്രസ് അക്കാദമി വികസനത്തിന് സമഗ്രപദ്ധതി തയ്യാറാക്കുന്നു

33 വര്‍ഷം മുമ്പ് രൂപംകൊണ്ട കേരള പ്രസ് അക്കാദമിയുടെ ആധുനീകരണവും വികസനവും ലക്ഷ്യം വെച്ച് സമഗ്രപദ്ധതി തയ്യാറാക്കുന്നു. പദ്ധതി തയ്യാറാക്കുന്നതിനുള്ള ആദ്യപടിയായി VISION 2025  തയ്യാറാക്കുന്നതിന് പ്രസ് അക്കാദമി ടെന്‍ഡര്‍ ക്ഷണിച്ചു.
http://archive.keralamediaacademy.org/sites/default/files/Vision-2025_0.pdf

കാക്കനാട്ടെ മൂന്ന് ഏക്കര്‍ വരുന്ന ക്യാമ്പസ്സിന്റെയും ആസ്ഥാന മന്ദിരത്തിന്റെയും മുഖഛായ മാറ്റുന്നതിനുള്ള പ്ലാന്‍ തയ്യാറാക്കാന്‍, റജിസ്റ്റര്‍ ചെയ്ത ആര്‍ക്കിടെക്റ്റ് സ്ഥാപനങ്ങളില്‍ നിന്നാണ് ടെന്‍ഡര്‍ ക്ഷണിച്ചിട്ടുള്ളത്. ടെന്‍ഡര്‍ ഫോറം സൈറ്റില്‍ നിന്ന് ഡൗണ്‍്‌ലോഡ് ചെയ്യുകയോ അക്കാദമി ഓഫീസില്‍ നിന്ന് വാങ്ങുകയോ ചെയ്യാം. ആഗസ്റ്റ് 21 ന് മൂന്നുമണിക്ക് മുമ്പ് ടെന്‍ഡര്‍ സമര്‍പ്പിക്കണം.

കെട്ടിടത്തിന്റെ പ്രവേശന കവാടം, പൂമുഖം, ലോബി, ക്ലാസ് മുറികള്‍, ലൈബ്രറി വിഭാഗം, റിസപ്ഷന്‍, ഓഫീസ് മുറി, വിവിധ ഉദ്യോഗസ്ഥരുടെ ക്യാബിനുകള്‍, ഇലക്ട്രിസിറ്റി സംവിധാനം തുടങ്ങി കെട്ടിടത്തിന്റെ മുഴുവന്‍ ഭാഗങ്ങളും പരിഷ്‌കരിക്കേണ്ടതുണ്ട്. പ്രധാന കെട്ടിടത്തിന് പുറമെ ജീര്‍ണിച്ചുകൊണ്ടിരിക്കുന്ന ഹോസ്റ്റല്‍ കെട്ടിടവും  നവീകരിക്കണം. ഇപ്പോള്‍ വിദ്യാര്‍ത്ഥിനികള്‍ താമസിക്കുന്ന ഹോസ്റ്റല്‍ കെട്ടിടത്തിന്റെ സുരക്ഷാപരമായ മുന്‍കരുതലുകള്‍ വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്. ക്യാമ്പസ്സിനെ ചുറ്റി കടന്നുപോകുന്ന റോഡ് വല്ലാതെ ഉയരത്തിലായതോടെ ക്യാമ്പസ്സിന്റെ ചുറ്റുമതിലുകള്‍ പ്രയോജനരഹിതമായിരിക്കുന്നു. ഹോസ്റ്റലിന് ചുറ്റുമതിലും ഗേറ്റും പണിയണം.
കെട്ടിടം നില്‍ക്കുന്ന ഭാഗം ഒഴിച്ചുള്ള ക്യാമ്പസ് ആര്‍ക്കും കടന്നുചെല്ലാന്‍ പോലും കഴിയാത്ത വിധം കാടുപിടിച്ച് കിടക്കുകയാണ്. വലിയ മരങ്ങളൊഴിച്ചുള്ളതെല്ലാം വെട്ടിമാറ്റി ക്യാമ്പസ്സില്‍ കളിസ്ഥലം, പൂന്തോട്ടം, കൃഷിയിടം എന്നിവ നിര്‍മിച്ചെടുക്കേണ്ടതുണ്ട്. ഭാവിയില്‍ എവിടെ എന്തെല്ലാം തരത്തില്‍ കെട്ടിടം പണിയണം എന്നുകൂടി വിഷന്‍ 2025 ന്റെ ഭാഗമായി ആസൂത്രണം ചെയ്യാനാണ് ആലോചന.
ഭരണഘടന
ആസ്ഥാന മന്ദിരം, ക്യാമ്പസ് എന്നിവയുടെ ആധുനീകരണത്തോടൊപ്പം കേരള പ്രസ് അക്കാദമിയുടെ പ്രവര്‍ത്തനരീതികളിലും മാറ്റം വരുത്തേണ്ടതായിട്ടുണ്ട്. 33 വര്‍ഷം മുമ്പ് രൂപം നല്‍കി അക്കാദമി ഭരണഘടന കലോചിതമായി പരിഷ്‌കരിക്കാനുള്ള ശ്രമത്തിന് തുടക്കം കുറിച്ചുകഴിഞ്ഞു. ഭേദഗതികള്‍ നിര്‍ദ്ദേശിക്കാന്‍ നിയോഗിക്കപ്പെട്ട ഉപസമിതി കരട് നിര്‍ദ്ദേശങ്ങള്‍ക്ക് രൂപം നല്‍കുകയാണ്.
കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന ഒരു സ്വയംഭരണ സ്ഥാപനമായി അക്കാദമിയെ വളര്‍ത്തുക എന്നതാണ് ലക്ഷ്യം. കേരളത്തിലെ തന്നെ മറ്റ് അക്കാദമികളുമായി താരതമ്യമപ്പെടുത്തുമ്പോള്‍ നിരാശാജനകമാണ് പ്രസ് അക്കാദമിയുടെ നില. സ്വയംഭരണാവകാശം ഒട്ടും ഇല്ലാതെ ഓരോ നിസ്സാര കാര്യത്തിനും പബഌക് റിലേഷന്‍സ് വകുപ്പിനെയും സര്‍ക്കാറിനെയും ആശ്രയിക്കേണ്ടിവരികയാണിപ്പോള്‍. പത്രപ്രവര്‍ത്തനരംഗത്ത് വലിയ സംഭാവനകള്‍ ചെയ്യുക എന്ന ലക്ഷ്യത്തോടെ രൂപം കൊണ്ട അക്കാദമി ഇപ്പോള്‍ ഒരു ജേണലിസം ഇന്‍സ്റ്റിറ്റിയൂട്ട് നടത്തുന്നതില്‍ ഒതുങ്ങിയിരിക്കുകയാണ്.   ഈ നില സമൂലം മാറ്റുകയാണ് VISION 2025 ന്റെ ലക്ഷ്യം

ഇന്‍സ്റ്റിറ്റിയൂട്ട്
അക്കാദമി നടത്തിവരുന്ന ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്റെ പ്രവര്‍ത്തനവും കാലോചിതമായി പരിഷ്‌കരിക്കേണ്ടതുണ്ട്. ടെലിവിഷന്‍, ഫോട്ടോഗ്രാഫി തുടങ്ങി മാധ്യമപ്രവര്‍ത്തനത്തിന്റെ ഭാഗമായ പ്രൊഫഷനുകളില്‍ പരിശീലനം നല്‍കുക എന്നത് പ്രധാനമാണ്. ഇക്കാര്യം അക്കാദമിക് കൗണ്‍സില്‍ ചര്‍ച്ചക്കെടുക്കുന്നുണ്ട്. ഇന്‍സ്റ്റിറ്റിയൂട്ട് ഇപ്പോള്‍ നടത്തിവരുന്ന ജേണലിസം കോഴ്‌സ് പരിഷ്‌കരിച്ചുവരികയാണ്. സിലബസ്, കരിക്കുലം, ഫാക്കല്‍ട്ടി എന്നിവ പുന: സംഘടിപ്പിക്കുന്നു. ഇന്‍സ്റ്റിറ്റിയൂട്ടിന് മാത്രമായി പ്രത്യേകഭരണഘടന, കോഴ്‌സ് പരിഷ്‌കാരം, അക്കാദമി ഭരണഘടനാ പരിഷ്‌കാര നിര്‍ദ്ദേശങ്ങള്‍ എന്നിവയ്ക്ക് സപ്തമ്പറില്‍ കൗണ്‍സില്‍  അന്തിമരൂപം നല്‍കും.

ദേശീയ തലത്തിലും സംസ്ഥാനതലത്തിലും സര്‍ക്കാര്‍-സ്വകാര്യമേഖലകളില്‍ അത്യാധുനിക സൗകര്യങ്ങളോടെ ജേണലിസം പഠനസ്ഥാപനങ്ങള്‍ രൂപം കൊള്ളുന്ന സാഹചര്യത്തില്‍ അക്കാദമിയുടെ സമഗ്രമായ ആധുനീകരണം അടിയന്തരചുമതലയായി ഉയര്‍ന്നുവന്നിട്ടുണ്ട്.

അക്കാദമിയുടെ പ്രൊഫഷനല്‍ പ്രസിദ്ധീകരണം, മാധ്യമസംബന്ധമായ ഗ്രന്ഥങ്ങളുടെ രചനയും പ്രസിദ്ധീകരണവും, ജേണലിസ്റ്റുകള്‍ക്ക് വേണ്ടിയുള്ള പഠന-പരിശീലന പദ്ധതികള്‍ എന്നിവയില്‍ ഏറെ മുന്നോട്ടുപോകാനായി. മീഡിയ എന്ന മാധ്യമപ്രസിദ്ധീകരണം ഏപ്രിലില്‍ പ്രസിദ്ധീകരണം തുടങ്ങിയ ശേഷം കേരളത്തിനകത്തും പുറത്തും നിന്നുള്ള  മാധ്യമപ്രവര്‍ത്തകരില്‍ നിന്ന് ആവേശകരമായ പ്രതികരണമാണ് ഉണ്ടായിട്ടുള്ളത്. സമയബന്ധിതമായി പുസ്തകപ്രസിദ്ധീകരണവും പരിശീലന പരിപാടികളും  നടത്തുന്നതിനുള്ള ആസൂത്രണവും നടന്നുവരുന്നു.