You are here:

പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ ടി.വേണുഗോപാല്‍ അന്തരിച്ചു

കോഴിക്കോട്: പ്രശസ്ത മാധ്യമപ്രവര്‍ത്തകനും മാതൃഭൂമി മുന്‍ ഡ്യപ്യൂട്ടി എഡിറ്ററുമായിരുന്ന ടി.വേണുഗോപാല്‍ (82) അന്തരിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ നാലു മണിയോടെ ബേപ്പൂരിലെ വസതിയിലായിരുന്നു അന്ത്യം. സംസ്‌ക്കാരം രാത്രി ഒന്‍പത് മണിക്ക് കോഴിക്കോട് മാവൂര്‍ റോഡ് ശ്മശാനത്തില്‍.

കോഴിക്കോട് സാമൂതിരി കോളേജ്, തൃശ്ശൂര്‍ കേരള വര്‍മ്മ കോളേജ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനു ശേഷം 1952 ല്‍ മാതൃഭൂമിയില്‍ ചേര്‍ന്ന അദ്ദേഹം 1988 വരെ മാതൃഭൂമിയില്‍ പ്രവര്‍ത്തിച്ചു.

സംസ്ഥാനത്തിന്റെ രാഷ്ട്രീയ സാംസ്‌കാരിക വികസന മാധ്യമ മേഖലകളില്‍ നിസ്തുലസേവനം നടത്തിയ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരെ ആദരിക്കാനായി സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സ്വദേശാഭിമാനി- കേസരി പുരസ്‌കാരം ആദ്യമായി ലഭിച്ചത് വേണുഗോപാലിനാണ്. സാഹിത്യ അക്കാദമി അവാര്‍ഡ്, എം.വി പൈലി പുരസ്‌ക്കാരം തുടങ്ങി നിരവധി മറ്റ് അവാര്‍ഡുകളും നേടിയിട്ടുണ്ട്.

കേരളത്തിലെ മുഴുവന്‍ പത്രപ്രവര്‍ത്തകരുടെയും പ്രൊഫഷണലായ അഭ്യുന്നതിക്ക് വലിയ സംഭാവനയാണ് വേണുഗോപാല്‍ നല്‍കിയത്. അക്കാലത്ത് ഒരു ട്രേഡ് യൂണിയന്‍ സംഘടന മാത്രമായിരുന്ന കെ.യു.ഡബ്ല്യു.ജെയുടെ ജനറല്‍ സെക്രട്ടറിയായിരുന്നപ്പോള്‍ വേണുഗോപാല്‍ ന്യൂസ് ക്രാഫ്റ്റ് എന്ന പേരില്‍ ഒരു പ്രസ്ഥാനത്തിന് രൂപം നല്‍കിക്കൊണ്ട് കേരളത്തില്‍ എല്ലാ ജില്ലകളിലും പത്രാധിപന്മാര്‍, ലേഖകര്‍ എന്നിവര്‍ക്ക് മാത്രമല്ല, പാര്‍ട്ട് ടൈം ലേഖകര്‍ക്കുകൂടി പരിശീലനക്കളരികള്‍ സംഘടിപ്പിച്ചു. ഇന്ന് കേരളത്തിലെ പത്രപ്രവര്‍ത്തന രംഗം പ്രൊഫഷണലായി നില്‍ക്കുന്നുവെങ്കില്‍ അതിന്റെ തുടക്കം ന്യൂസ്‌ക്രാഫ്റ്റില്‍ നിന്നാണ്. അവസാനം കേരള പ്രസ് അക്കാഡമിയുടെ രൂപവത്കരണത്തിലെത്തിയതും ഈ ചിന്തയുടെ തുടര്‍ച്ചയാണ്.

പ്രിന്റ് മീഡിയയില്‍ മാതൃഭൂമി, മാധ്യമം, എക്‌സ്പ്രസ്സ്, ദീപിക എന്നീ പത്രങ്ങളില്‍ പരിശീലന വിഭാഗത്തിന്റെ നേതൃത്വം വഹിച്ച വേണുഗോപാല്‍ ഇലക്‌ട്രോണിക് മീഡിയയിലും പത്രപ്രവര്‍ത്തന ഗവേഷണരംഗത്തും കാതലായ സംഭാവന നല്‍കി. സ്വദേശാഭിമാനിയെപ്പറ്റിയുള്ള ഏറ്റവും നല്ല ഗവേഷണ ഗ്രന്ഥം അദ്ദേഹത്തിന്റേതാണ്. സാഹിത്യ നിരൂപകനെന്ന നിലയിലും അറിയപ്പെടുന്നു. മലയാളത്തില്‍ വികസനോന്മുഖ പത്രപ്രവര്‍ത്തനത്തെ പരിപോഷിപ്പിക്കുന്നതില്‍ വേണുഗോപാല്‍ നേതൃത്വപരമായ പങ്ക് വഹിച്ചു.

സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെക്കുറിച്ചുള്ള ' രാജദ്രോഹിയായ രാജ്യസ്‌നേഹി' , തോമസ് ജേക്കബുമായി ചേര്‍ന്നെഴുതിയ നാട്ടുവിശേഷം, പ്രഭാഷകന്റെ വിമര്‍ശന സാഹിത്യം എന്നിവ പ്രമുഖ കൃതികളാണ്. മൂന്നു തവണ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജനറല്‍ സെക്രട്ടറിയായി സേവനമനുഷ്ടിച്ചു.