You are here:

Ambalappalli Mamukoya

വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ തുടങ്ങി കോണ്‍ഗ്രസ് പ്രവര്‍ത്തകനായി പിന്നീട് മാധ്യമരംഗത്ത്  സ്ഥാനമുറപ്പിച്ച വ്യക്തിയാണ് അമ്പലപ്പള്ളി മാമുക്കോയ.   അല്‍ അമീന്‍ പത്രത്തിലൂടെ രംഗപ്രവേശം ചെയ്ത അമ്പലപ്പള്ളി കുറച്ചുനാള്‍ കേരളകൗമുദിയില്‍ ജോലിചെയ്തശേഷം  വീക്ഷണം പത്രം കോഴിക്കോട്ട് നിന്ന്  പ്രസിദ്ധീകരണമാരംഭിച്ചപ്പോള്‍ ജില്ലാ ബ്യൂറോയിലെത്തി.  പിന്നീട് ബ്യൂറോചീഫും സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റുമായി.

1944 സെപ്തംബര്‍ ഒന്നിന് അമ്പലപ്പള്ളി മുഹമ്മദ്-ആശിയുമ്മ ദമ്പതികളുടെ പുത്രനായി കോഴിക്കോട്ടാണ് ജനനം. കോഴിക്കോട് എം.എം.ഹൈസ്‌കൂളില്‍ വിദ്യാഭ്യാസം.  ഐ.എസ്.ഒയിലൂടെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലേക്ക്. തുടര്‍ന്ന് കെ.എസ്.യുവിന്റെ സജീവ പ്രവര്‍ത്തകനായി.

1967-ല്‍ യൂത്ത് കോണ്‍ഗ്രസ്സിന്റെ കോഴിക്കോട് രണ്ടാം ബ്ലോക്ക് സെക്രട്ടറി. 1969-ല്‍ ബ്ലോക്ക് പ്രസിഡന്റായ അമ്പലപ്പള്ളി അഞ്ചുവര്‍ഷം ജില്ലാ ജനറല്‍ സെക്രട്ടറിയുമായി.  

യൂത്ത്‌കോണ്‍ഗ്രസ്സിന്റെ കലാ-സാംസ്‌കാരിക സംഘടനയായ യുവപ്രതിഭയുടെ ജില്ലാ കവീനറായി പ്രവര്‍ത്തിച്ചിട്ടുണ്ട്.  കോഴിക്കോട്ടെ വിവിധ സാമൂഹ്യ സാംസ്‌കാരിക സംഘടനകളുടെ ഭാരവാഹിയായും സംസ്ഥാന പത്രപ്രവര്‍ത്തക ഉപദേശക സമിതി, സ്റ്റേറ്റ് പ്രസ് അക്രഡിറ്റേഷന്‍ കമ്മിറ്റി എന്നിവയില്‍ അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

അഖിലേന്ത്യാ പത്രപ്രവര്‍ത്തക ഫെഡറേഷന്റെ (ഐ.എഫ്.ഡബ്ല്യൂ.ജെ) നാഷണല്‍ കൗസിലംഗം, കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ക്രെഡന്‍ഷ്യല്‍ ആന്‍ഡ് ഡിസിപ്ലിനറി കമ്മിറ്റി ചെയര്‍മാന്‍, സംസ്ഥാന കമ്മിറ്റി അംഗം, കോഴിക്കോട് പ്രസ് ക്ലബിന്റെയും മലബാര്‍ പ്രസ് ക്ലബിന്റെയും ഭാരവാഹി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.  

കോണ്‍ഗ്രസ് വിചാര്‍ വിഭാഗിന്റെ ജില്ലാ കവീനറും കോഗ്രസിന്റെ നിരവധി പോഷക സംഘടനകളുടെ ഭാരവാഹിയുമായിരുന്നു.  

1968-ല്‍ പത്രപ്രവര്‍ത്തനമാരംഭിച്ച മാമുക്കോയ 1999-ല്‍ വീക്ഷണത്തിന്റെ കോഴിക്കോട് ന്യൂസ് ബ്യൂറോചീഫായാണ് വിരമിക്കുന്നത്. കോഴിക്കോട്ടുനിന്ന് പ്രസിദ്ധീകരിക്കുന്ന ധാര്‍മികത മാസികയുടെ പത്രാധിപരും സീനിയര്‍ ജേര്‍ണലിസ്റ്റ്‌സ് ഫോറത്തിന്റെ സംസ്ഥാന സെക്രട്ടറിയുമാണിപ്പോള്‍.

കോഴിക്കോട് കല്ലായി മാനാരി റോഡിലെ വീട്ടിലാണ് താമസം.  

ഭാര്യ ഖദീജ,   മക്കള്‍ :  അനില്‍ മുഹമ്മദ്, അംജദ് അലി, ആഖിബ് ആസാദ്.

Previous:
Next: