You are here:

Ayyankali

അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗങ്ങള്‍ക്കു വേണ്ടി നിരന്തരപോരാട്ടങ്ങള്‍ നടത്തിയ ദലിത് നേതാവ് അയ്യന്‍കാളി(ജനനം 1863ആഗസ്ത് 28 -മരണം 1941 ജൂണ്‍ 18) മാധ്യമരംഗത്തും പ്രവര്‍ത്തിച്ചിട്ടുണ്ട്. 

എഴുത്തും വായനയും നിഷേധിക്കപ്പെട്ട പുലയ സമുദായത്തില്‍ ജനിച്ച അയ്യന്‍കാളി 1914-1932 കാലത്തു നടത്തിപ്പോന്നത് സാധുജനപരിപാലിനി എന്ന പ്രസിദ്ധീകരണമാണ്. പേരു വ്യക്തമാക്കുന്നതുപോലെ വിമോചനസന്ദേശം പരത്തുകയായിരുന്നു ലക്ഷ്യം. അദ്ദേഹത്തിനു സ്വാഭാവികമായും അക്ഷരാഭ്യാസമുണ്ടായിരുന്നില്ല. അക്ഷരത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ അദ്ദേഹം പരസഹായത്തോടെയാണ് മാധ്യമപ്രവര്‍ത്തനം നടത്തിയത്.  

എഴുതാനും വായിക്കാനും മാത്രമല്ല, വസ്ത്രം ധരിക്കാനും വഴിനടക്കാനുമുള്ള സ്വാതന്ത്ര്യത്തിനു വേണ്ടിയും പോരാടേണ്ടി വന്ന ലോകത്തിലെ ഏറ്റവും നിര്‍ഭാഗ്യവാന്മാരായിരുന്നല്ലോ കേരളത്തിലെ ദലിതര്‍. അയ്യന്‍കാളി എല്ലാ വിലക്കുകളും ലംഘിച്ച് ദലിതരെ പൊതുസ്ഥലങ്ങളിലേക്കു നയിച്ചത് വലിയൊരു വിപ്ലവമായിരുന്നു. 1907 ല്‍ സാധുജനപരിപാലന സംഘം രൂപവല്‍ക്കരിച്ച് കര്‍ഷകത്തൊഴിലാളി സമരത്തിനു നേതൃത്വം നല്‍കി. കേരളത്തിലാദ്യമായി കര്‍ഷകത്തൊഴിലാളി സമരം നടക്കുന്നത് അയ്യന്‍കാളിയുടെ നേതൃത്വത്തിലാണ്. ദലിത് വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂള്‍ പ്രവേശനവും അദ്ദേഹത്തിന്റെ  പ്രധാന ലക്ഷ്യമായിരുന്നു. ഉച്ചനീചത്വങ്ങള്‍ക്കെതിരെ അധഃസ്ഥിതരുടെ ഇടയില്‍ നിന്നും ആദ്യമുയര്‍ന്ന സ്വരമായിരുന്നു അയ്യന്‍കാളിയുടേത്.

1912 ല്‍ ശ്രീമൂലം സഭാംഗമായി അദ്ദേഹം നിയമിക്കപ്പെട്ടു. 28 വര്‍ഷം ആ സ്ഥാനത്തു തുടര്‍ന്നു. 1936 ല്‍ വെങ്ങൂരില്‍ വന്ന മഹാത്മാഗാന്ധി അയ്യന്‍കാളിയുടെ പ്രവര്‍ത്തനങ്ങളെ മുക്തകണ്ഠം പ്രശംസിച്ചു. പിതാവ്: അയ്യന്‍ , മാതാവ്: മാല. ചെല്ലമ്മയാണ് ഭാര്യ. ആറു മക്കള്‍