You are here:

Perunna K N Nair

ഉന്നതനായ പത്രപ്രവര്‍ത്തകനും ചരിത്രകാരനുമായിരുന്നു പെരുന്ന കെ.എന്‍.നായര്‍.(ജനനം1923 ജനുവരി 26 മരണം 2008 സെപ്തംബര്‍ 21 )
ചങ്ങനാശ്ശേരി പെരുന്നയില്‍ തെക്കില്ലത്തുവീട്ടില്‍ നാണിക്കുട്ടി അമ്മയുടെയും കെ.വേലായുധന്‍പിളളയുടെയും മകനായി ജനിച്ചു. വിദ്യാര്‍ത്ഥി കോണ്‍ഗ്രസ്സിലൂടെ രാഷ്ട്രീയരംഗത്തേയ്ക്ക് വന്ന അദ്ദേഹം ക്വിറ്റ് ഇന്ത്യാസമരത്തിലും, 1947ലെ തിരുവിതാംകൂര്‍ ഉത്തരവാദ ഭരണപ്രക്ഷോഭണത്തിലും പങ്കെടുത്ത് രണ്ടുതവണ ജയില്‍വാസം അനുഭവിച്ചു.

സ്വാതന്ത്ര്യലബ്ധിക്കുശേഷം സജീവരാഷ്ട്രീയംവിട്ട പെരുന്ന പത്രപ്രവര്‍ത്തനത്തില്‍ മുഴുകി. ഭാരതകേസരി, കേരളകൗമുദി, എക്‌സ്പ്രസ്സ്, പ്രഭാതം, ദീനബന്ധു, യോജന എന്നിവയില്‍ സബ്ബ് എഡിറ്റര്‍, ന്യൂസ് എഡിറ്റര്‍, എഡിറ്റര്‍ നിലകളിലും ഡെക്കാഹെറാള്‍ഡ്, യൂനൈറ്റഡ് പ്രസ്സ് ഓഫ് ഇന്ത്യ എന്നിവയില്‍ ലേഖകനായും പ്രവര്‍ത്തിച്ചു.

പത്രപ്രവര്‍ത്തകസംഘടനാരംഗത്ത് അദ്ദേഹം മികച്ച സംഭാവനകള്‍ ചെയ്തു. ഇന്ത്യന്‍ ഫെഡറേഷന്‍ ഓഫ് വര്‍ക്കിംഗ് ജര്‍ണലിസ്റ്റ്‌സ്(ഐ.എഫ്്.ഡബ്യൂ.ജെ.), സംസ്ഥാന പത്രപ്രവര്‍ത്തകയൂണിയന്‍(കെ.യു.ഡബ്യൂ.ജെ) എന്നിവ കെട്ടിപ്പടുക്കുന്നതില്‍ പങ്കു വഹിച്ചു. 1953ല്‍ തിരുവനന്തപുരത്തുവെച്ച്  എം.ചലപതിറാവുവിന്റെ അദ്ധ്യക്ഷതയില്‍ നടന്ന ഐ.എഫ്്.ഡബ്യൂ.ജെ. രണ്ടാം ദേശീയ സമ്മേളനത്തിന്റെ നടത്തിപ്പിന് നേതൃത്വം വഹിച്ചവരില്‍ പ്രധാന  കെ.എന്‍.നായരായിരുന്നു. ജസ്റ്റിസ് രാജാദ്ധ്യക്ഷ ചെയര്‍മാനും ആചാര്യനരേന്ദ്രദേവ്, സി.പി.രാമസ്വാമി അയ്യര്‍ മുതലായവര്‍ അംഗങ്ങളുമായ ഓം പ്രസ്സ് കമ്മീഷന്റെ മുന്‍പില്‍ തിരുഃകൊച്ചി വര്‍ക്കിംഗ് ജര്‍ണലിസ്റ്റ് യൂണിയനുവേണ്ടി തെളിവുനല്കാന്‍ നിയോഗിക്കപ്പെട്ട നാലംഗപ്രതിനിധി സംഘത്തില്‍ പി.വിശ്വംഭരനും ഇ.ഗോവിന്ദപിളളയ്ക്കും പി.ആര്‍. ജോണിനും ഒപ്പം കെ.എന്‍.നായരുമുണ്ടായിരുന്നു.

ഉത്തമമായ ചരിത്രരചനയുടെ മാതൃകകളായി എടുത്തു കാട്ടാവുന്നവയാണ് അദ്ദേഹത്തിന്റെ ചരിത്രഗ്രന്ഥങ്ങള്‍. 'കൊച്ചി രാജ്യപ്രജാമണ്ഡല ചരിത്രം', കേരളത്തിലെ കോണ്‍ഗ്രസ്സ് പ്രസ്ഥാനം', 'മലയാളപത്രത്തിന്റെ ചരിത്രം', ബാരിസ്റ്റര്‍ ഇ.കെ.പിളളയുടെ 'കോണ്‍ഗ്രസ്സും കേരളവും' എന്ന ഗ്രന്ഥത്തില്‍ എഴുതിചേര്‍ത്ത കേരളത്തിന്റെ 50 വര്‍ഷത്തെ (1935 മുതല്‍ 1985 വരെ) ചരിത്രം എന്നിവ അദ്ദേഹത്തിന്റെ മികച്ച ചരിത്രസംഭാവനകളാണ്. 

എണ്‍പതുകള്‍ക്കു മുമ്പത്തെ അരനൂറ്റാണ്ടിലധികം കാലത്തെ രാഷ്ട്രീയസാഹിത്യപത്രമാധ്യമചരിത്രത്തില്‍ പെരുന്നയ്ക്ക് അറിയാത്ത ഒരു സംഭവവും ഉണ്ടായിരുന്നില്ല. ആ രംഗങ്ങളില്‍ പ്രവര്‍ത്തിച്ചിരു ഏതാണ്ട് എല്ലാ പ്രമുഖ വ്യക്തികളുമായും അദ്ദേഹത്തിന് ആത്മബന്ധമുണ്ടായിരുന്നു. കൊച്ചി രാജ്യപ്രജാമണ്ഡലത്തിന്റെ ഏറ്റവും ആധികാരികമായ ചരിത്രം പെരുന്ന കെ.എന്‍.നായരുടേതാണ്.'

സ്വതന്ത്രകൃതികളും പരിഭാഷകളുമായി മുപ്പതില്‍ കൂടുതല്‍ ഗ്രന്ഥങ്ങള്‍ പെരുയുടേതായിട്ടുണ്ട്. സമാഹരിക്കപ്പെട്ടിട്ടില്ലാത്തതും പല ആനുകാലികങ്ങളില്‍ ചിതറിക്കിടക്കുന്നതുമായ ഒട്ടേറെ ഇംഗ്ലീഷ്മലയാളലേഖനങ്ങള്‍ വേറെയും. കേരളത്തിലെ നമ്പൂതിരി സമുദായത്തെക്കുറിച്ച് ഇല്ലസ്‌ട്രേറ്റ് വീക്കിലിയിലും കേരളത്തിലെ ജൂതരെക്കുറിച്ച് കാരമാനിലും, നമ്മുടെ ചുമര്‍ചിത്രകലയെപ്പറ്റി പാട്രിയറ്റിലും, ചങ്ങമ്പുഴയുടെ രമണനെക്കുറിച്ച് ടൈംസ് ഓഫ് ഇന്ത്യയിലും അദ്ദേഹമെഴുതിയ ലേഖനങ്ങള്‍ പ്രത്യേക പ്രാധാന്യമര്‍ഹിക്കുന്നു. ഗാന്ധിയന്‍ ആദര്‍ശത്തില്‍ അധിഷ്ഠിതമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം.

Previous:
Next: