You are here:

Divakaran M. T

പത്രപ്രവര്‍ത്തനരംഗത്ത് കഴിവ് തെളിയിക്കുകയും യൂണിയന്‍ പ്രവര്‍ത്തനത്തില്‍ മികവ് കാണിക്കുകയും ചെയ്ത എം.ടി. ദിവാകരന്‍ കണ്ണൂര്‍ ജില്ലയിലെ കല്ല്യാശ്ശേരി സ്വദേശിയാണ്.

വിദ്യാര്‍ത്ഥി ഫെഡറേഷനിലൂടെ രാഷ്ട്രീയ രംഗത്തേക്ക് കടന്ന ദിവാകരന്‍ നവജീവനിലൂടെയാണ് പത്രപ്രവര്‍ത്തന രംഗത്തേക്ക് വരുന്നത് ഗുരുവായൂരപ്പന്‍ കോളേജില്‍ വിദ്യാര്‍ത്ഥിയായിരിക്കെ ജനയുഗം പത്രാധിപസമിതിയിലും പ്രവര്‍ത്തിച്ചു. 
കോഴിക്കോട് റിപ്പോര്‍ട്ടറായും ലീഡര്‍ റൈറ്ററായും പരിഭാഷകനായും ശോഭിച്ചു. സാഹിത്യ-സാംസ്‌കാരിക രംഗത്തെ നിറസാന്നിദ്ധ്യവുമായി. വാര്‍ത്തകള്‍ മലയാളത്തില്‍ ഭാഷാന്തരം ചെയ്യാനുള്ള കഴിവ് പ്രശംസനീയമായിരുന്നു.
സി.പി.ഐ. സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന ദിവാകരന്‍ പാര്‍ട്ടി നേതാക്കളായിരുന്ന ടി.വി. തോമസ്, എന്‍.ഇ. ബലറാം, പി.കെ.വി. തുങ്ങിയവരുടെ പ്രസ് സെക്രട്ടറിയായും അറിയപ്പെട്ടു. പാര്‍ട്ടി പത്രത്തിന്റെ റസിഡന്റ് എഡിറ്ററായിരിക്കെ കേരള പത്രപ്രവര്‍ത്തക യൂണിയന്റെ ജനറല്‍ സെക്രട്ടറി സ്ഥാനവും ഭംഗിയായി ദിവാകരന്‍ കൈകാര്യംചെയ്തു. പത്രപ്രവര്‍ത്തകരുടെ അടിസ്ഥാന ശമ്പളം, ജോലിസ്ഥിരത, ആസ്ഥാന മന്ദിരം എന്നിവ യാഥാര്‍ത്ഥ്യമാക്കാന്‍ യൂണിയനിലൂടെ ദിവാകരന്‍ അശ്രാന്ത പരിശ്രമം ചെയ്തു.
ദിവാകരന്‍ കാര്യദര്‍ശിയായപ്പോള്‍ മലമ്പുഴ പികിനിക് ഹാളില്‍ നടത്തിയ ത്രിദിന ശില്പശാലയും പ്രാദേശിക തലങ്ങളില്‍ സംഘടിപ്പിച്ച വര്‍ക്ക്‌ഷോപ്പുകളും ഒരുപാട് പേര്‍ക്ക് പ്രയോജനകരമായി.
കോഴിക്കോട് വിട്ട് സ്ഥിര താമസം പാലക്കാട്ടേക്ക് മാറ്റിയപ്പോഴും പത്രപ്രവര്‍ത്തനവുമായുള്ള ബന്ധം ദിവാകരന്‍ വിച്ഛേദിച്ചില്ല. വള്ളുവ ശബ്ദം എന്ന ആനുകാലിക പ്രസിദ്ധീകരണം സ്വന്തമായി അദ്ദേഹം നടത്തി. പത്രപ്രവര്‍ത്തനം കൂലി എഴുത്തല്ലെന്നും റിപ്പോര്‍ട്ടര്‍ കളി കാണുകയല്ലാതെ കളിക്കാരനായി മാറരുതെന്നും ശാഠ്യംപിടിച്ച ദിവാകരന്‍ ആരുടേയും താല്‍പര്യങ്ങള്‍ക്ക് വഴങ്ങി കൊടുത്തില്ല. ഉത്തരദേശത്തെ ഒരു ഉറൂസില്‍ ഭക്ഷ്യവിഷബാധയേറ്റ് മൂന്നുപേര്‍ മരിച്ചപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മംഗലാട്ട് രാഘവനോടൊപ്പമാണ് ദിവാകരനും പോയത്. തിരിച്ചുപോരാന്‍ ഒരു മന്ത്രിയുടെ നിര്‍ബന്ധത്തിന് വഴങ്ങി കാര്‍ ഏര്‍പ്പാട് ചെയ്തപ്പോള്‍ കാര്‍ ഉപേക്ഷിച്ച് ഞങ്ങള്‍ ബസ്സില്‍ തന്നെ തിരിച്ചുപോകും എന്ന് പറഞ്ഞ് പത്രക്കാരെ നയിച്ചത് ദിവാകരനായിരുന്നു. തീയറ്ററുകളില്‍ പ്രിവ്യു ഷോ നടത്തി എല്ലാ സിനിമകളേക്കുറിച്ചും സകുടുംബം കാണേണ്ട പടമെന്ന് അഭിപ്രായം എഴുതിക്കാറുള്ള കീഴിവഴക്കത്തേയും ദിവാകരന്‍ തകര്‍ത്തു. 2009 ഏപ്രിലില്‍ ദിവാകരന്‍ വിടവാങ്ങി. ആ വിയോഗം പത്രലോകത്തിന് കനത്ത നഷ്ടം വരുത്തി.