You are here:

Dr. Lalkar P B

മലയാള പത്രപ്രവര്‍ത്തന രംഗത്തെ വനിതകളില്‍ പ്രമുഖയാണ് ഡോ.പി.ബി.ലാല്‍ക്കര്‍.  മാതൃഭൂമിയുടെ വനിതാ മാസിക ഗൃഹലക്ഷ്മിയില്‍ സ്വതന്ത്ര പത്രാധിപ ചുമതല വഹിച്ചിരുന്നു.  
പ്രശസ്ത ഗാന്ധിയന്‍ പി.ബാല്‍കൃഷ്ണയുടേയും ലക്ഷ്മിഭായ് കൃഷ്ണയുടേയും മകളായി 1950 ഒക്‌ടോബര്‍ 28-ന് പാലക്കാട് ജില്ലയിലെ പുതുപ്പരിയാരത്താണ്  ലാല്‍ക്കര്‍ ജനിച്ചത്.  അച്ഛന്റെ ഹിന്ദിഭാഷാ പ്രേമത്തിന്റെ തെളിവാണ് മകളുടെ പേരുതന്നെ.
പാലക്കാട് വിക്‌ടോറിയ കോളേജില്‍ നിന്ന് മലയാളത്തില്‍ ബിരുദം നേടിയ ലാല്‍ക്കര്‍ തൃശൂര്‍ കേരളവര്‍മ്മ കോളേജില്‍ നിന്നാണ് ബിരുദാനന്തര ബിരുദം നേടിയത്.  മലയാള സാഹിത്യത്തിലും ജേര്‍ണലിസത്തിലും ഡോക്ടറേറ്റ്. മലയാള കവിതയില്‍ ഭക്തി ഒരു മൂല്യനിര്‍ണ്ണയ ഘടകം എന്ന വിഷയത്തില്‍ ഡോ.എം.ലീലാവതിയുടെ മേല്‍നോട്ടത്തിലാണ് മലയാളത്തില്‍ ഡോക്ടറേറ്റ് ലഭിച്ചത്.  ഡോ.ജെ.വി.വിളനിലം ഗൈഡായിരുന്ന ജേര്‍ണലിസം ഡോക്ടറേറ്റ് ദക്ഷിണേന്ത്യന്‍ സര്‍വകലാശാലകളില്‍ പത്രപ്രവര്‍ത്തനത്തിലെ ആദ്യത്തേതാണ്.  കേരളത്തിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ മാധ്യമങ്ങള്‍ എങ്ങനെ റിപ്പോര്‍ട്ട് ചെയ്യുന്നു എന്നതായിരുന്നു തിസീസ്.
ലാല്‍ക്കര്‍ ഔദ്യോഗിക ജീവിതമാരംഭിക്കുന്നത് പാലക്കാട് മേഴ്‌സി കോളേജില്‍ അധ്യാപികയായിട്ടാണ്.  1976 മുതല്‍ 79 വരെ വീക്ഷണം പത്രത്തില്‍ സബ് എഡിറ്ററായി.  പത്രപ്രവര്‍ത്തനത്തോടുള്ള അദമ്യമായ ആവേശമായിരുന്നു അധ്യാപകവൃത്തി കൈവിട്ട് മാധ്യമരംഗത്ത് കുടിയേറാന്‍ പ്രേരിപ്പിച്ചത്.  ലാല്‍ക്കര്‍ എന്ന ഹിന്ദിമാസിക സ്വന്തമായി പ്രസിദ്ധീകരിച്ചിരുന്നു.  ധാരാളം മലയാളം കവിതകള്‍ ഹിന്ദിയിലേക്ക് മൊഴിമാറ്റം നടത്തിയിട്ടുണ്ട്. 1979-ലാണ് സബ് എഡിറ്ററായി ഗൃഹലക്ഷ്മിയില്‍ ചേരുന്നത്.  80 മുതല്‍ ഗൃഹലക്ഷ്മിയുടെ സ്വതന്ത്ര ചുമതല ഏറ്റെടുത്തു.  
പണിയെടുക്കുന്ന സ്ത്രീകളുടെ അടിസ്ഥാനപ്രശ്‌നങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍ കൊണ്ടുവരാനും പരിഹാരം കാണുവാനും ലാല്‍ക്കര്‍ തന്റെ തൂലിക ചലിപ്പിച്ചു.  ഓഫീസ് ജീവനക്കാര്‍ മുതല്‍ വീട്ടുവേലക്കാര്‍ വരെ ലാല്‍ക്കറിന്റെ ശ്രദ്ധയില്‍ പതിഞ്ഞു.  മത്സ്യത്തൊഴിലാളി സ്ത്രീകളും അങ്കണവാടി പ്രവര്‍ത്തകരും നിര്‍മ്മാണ തൊഴിലാളികളും ഇഷ്ടികക്കളത്തിലെ പണിക്കാരുമൊക്കെ നേരിടുന്ന തൊഴില്‍പരമായ ചൂഷണങ്ങള്‍ക്ക് ലാല്‍ക്കര്‍ പരിഹാരം തേടി.  
ഗൃഹലക്ഷ്മിയുടെ ചുമതല വഹിക്കുമ്പോള്‍ ശ്രദ്ധേയമായ നിരവധി മുഖാമുഖങ്ങള്‍ തയ്യാറാക്കാന്‍ ലാല്‍ക്കറിന് അവസരം ലഭിച്ചിട്ടുണ്ട്.  കെ.കരുണാകരന്റെ സഹധര്‍മ്മിണി കല്യാണിക്കുട്ടിയമ്മ, നന്ദിനിവര്‍മ്മ, എ.കെ.ആന്റണിയുടെ  വിവാഹത്തലേന്ന് പ്രതിശ്രുത വധു എലിസബത്ത് എന്നിവരൊക്കെ അവരില്‍ ചിലര്‍.
1995-ല്‍ ഗൃഹലക്ഷ്മിയില്‍ നിന്ന് മാറി മാതൃഭൂമി വാരാന്തപ്പതിപ്പിന്റെ അസിസ്റ്റന്റ് എഡിറ്ററായി.  പിന്നീട് കോഴിക്കോട് മാതൃഭൂമിയില്‍ ഡെപ്യൂട്ടി എഡിറ്ററായി.  
അമേരിക്ക, ഇംഗ്ലണ്ട്, സിംഗപ്പൂര്‍, മലേഷ്യ തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്.  
വിജ്ഞാനദീപം അവാര്‍ഡ്, അവാര്‍ഡ് ഫോര്‍ മോസ്റ്റ് എനര്‍ജെറ്റിക് ജേര്‍ണലിസ്റ്റ് എന്നീ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.  
സൂഫിസം, കുട്ടികളെ നല്ലവരാക്കാന്‍, വീട്ടമ്മമാര്‍ക്കൊരു ഗൈഡ്, ഉത്തരേന്ത്യന്‍ പാചക വിധികള്‍, വിശേഷ വിഭവങ്ങള്‍, നവദമ്പതികള്‍ അറിയാന്‍, ദക്ഷിണേന്ത്യയിലെ 108 ക്ഷേത്രങ്ങള്‍ തുടങ്ങിയവയാണ് പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍.  ലേഖനങ്ങളുടേയും നിരൂപണങ്ങളുടേയും സമാഹാരം, മലയാളത്തിലെ ആനുകാലികങ്ങളുടെ ചരിത്രം, മലയാളത്തിലെ സ്ത്രീമാസികകളുടെ ചരിത്രം, അലങ്കാരശാസ്ത്രം എന്നിവ മറ്റ് പുസ്തകങ്ങളാണ്.
ഇപ്പോള്‍ മലയാള സര്‍വകലാശാലയില്‍ എഡിറ്റോറിയല്‍ കസള്‍ട്ടന്റാണ്.
ഭര്‍ത്താവ് :  പരേതനായ എം.ആര്‍.അരവിന്ദാക്ഷന്‍.
മകന്‍ ബിപിന്‍ അരവിന്ദാക്ഷന്‍.
കോഴിക്കോട് എരഞ്ഞിപ്പാലം ഹൗസിങ്ങ് കോളനിയില്‍ താമസിക്കുന്നു.

 

Previous:
Next: