You are here:

Raghavan Puthupalli

ദേശീയ  പ്രസ്ഥാനത്തിന്റെ ഭാഗമായി പത്രപ്രവര്‍ത്തന രംഗത്തേക്ക് കടന്ന വ്യക്തിയാണ് പുതുപ്പള്ളി രാഘവന്‍.  ഇരുപതാം നൂറ്റാണ്ടില്‍ കേരള രാഷ്ട്രീയത്തിലെ ഒരു ഇതിഹാസമായാണ് അദ്ദേഹത്തിന്റെ ജീവിതവും വിപ്ലവ ചിന്തകളും തെര്യപ്പെടുത്തുന്നത്. സാമൂഹ്യ പരിഷ്‌ക്കരണത്തിന്റെ കൊടിയടയാളമായി നവോത്ഥാന ചരിത്രത്തില്‍ ഇടം നേടിയ നിരവധി ധന്യ മുഹൂര്‍ത്തങ്ങള്‍ക്ക് പുതുപ്പള്ളി സാക്ഷിയും പങ്കാളിയുമായിരുന്നു.  
തഴവ പന്തപ്ലാവില്‍ മില്ലക്കാരന്‍ നാരായണപിള്ളയുടേയും മനേമനയ്ക്കാട്ട് ലക്ഷ്മിപിള്ളയുടേയും ഇളയമകനായി 1910 ജനുവരി 10നാണ്  രാഘവന്റെ ജനനം.  സംസ്‌കൃതം പണ്ഡിതനായിരുന്ന അച്ഛനില്‍ നിന്ന് സംസ്‌കൃതം പഠിച്ചു.,  പുതുപ്പള്ളി ഗവണ്‍മെന്റ്  പ്രൈമറി സ്‌കൂള്‍, ഓച്ചിറ പ്രയാര്‍ ഇംഗ്ലീഷ് മിഡില്‍ സ്‌കൂള്‍, കായംകുളം ഇംഗ്ലീഷ് ഹൈസ്‌കൂള്‍     എന്നിവിടങ്ങളില്‍ പഠിച്ചു.  പട്ടാമ്പിയില്‍ പുന്നശ്ശേരി നമ്പി നീലകണ്ഠശര്‍മ്മയുടെ ശിഷ്യനായി.  മാസം രണ്ടുരൂപ പ്രതിഫലത്തില്‍ ലൈബ്രറി അസിസ്റ്റന്റായാണ് ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്.  
സ്‌കൂള്‍ പ്രായത്തില്‍ തന്നെ സാമൂഹ്യ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ പങ്കുവഹിച്ചിരുന്നു.  1924-ല്‍ ഓച്ചിറവഴി കടന്നുപോയ സവര്‍ണ്ണ ജാഥയ്ക്ക് സ്വീകരണം നല്‍കാനും പൊന്നറ ശ്രീധര്‍  പയ്യന്നൂരിലേക്ക് നയിച്ച സത്യാഗ്രഹ ജാഥയ്ക്ക് കായംകുളം ഗവണ്‍മെന്റ് സ്‌കൂളില്‍ വരവേല്‍പ്പ് നല്‍കാനും മുന്നില്‍നിന്ന് പ്രവര്‍ത്തിച്ചത് രാഘവനാണ്.  എം.ആര്‍.ബിയുടെ വിധവാ വിവാഹനടത്തിപ്പിലും അദ്ദേഹം പങ്കാളിയായി.  തമിഴ്‌നാട്ടില്‍ ചെന്ന് ഇ.വി.രാമസ്വാമി നായ്ക്കരേയും വാര്‍ദ്ധയില്‍ ഗാന്ധിജിയേയും  സന്ദര്‍ശിച്ചു.  1942 മുതല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനായി.  

ബാംഗ്ലൂരില്‍ പാര്‍ട്ടി പ്രവര്‍ത്തനത്തെ തുടര്‍ന്ന് ഒളിവില്‍ പോകേണ്ടി വന്നു.  പിന്നെ, ജയില്‍വാസം, പോലീസിന്റെ ക്രൂരമര്‍ദ്ദനം.  1964-ല്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സജീവ രാഷ്ട്രീയത്തില്‍  നിന്ന് വിരമിച്ചു.  
ത്യാഗിയായ വിപ്ലവരാഷ്ട്രീയ പ്രവര്‍ത്തകനില്‍ നിന്ന് എഴുത്തിന്റേയും വായനയുടേയും ലോകത്തേക്ക് മടങ്ങിയ പുതുപ്പള്ളി പത്രപ്രവര്‍ത്തകന്‍, ചരിത്ര ഗവേഷകന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തനം കേന്ദ്രീകരിച്ചു.
ചോരയും കണ്ണീരും, വിപ്ലവസ്മരണകള്‍ (5 ഭാഗം)  ഇന്ത്യന്‍  വിപ്ലവത്തിന്റെ ഇതിഹാസം (വിവര്‍ത്തനം), സ്വദേശാഭിമാനിയുടെ പത്രപ്രവര്‍ത്തനം - രാജവാഴ്ചയുടെ ദൃഷ്ടിയില്‍, റോബിന്‍ ജെഫ്രിയുടെ   നായര്‍ മേധാവിത്വത്തിന്റെ പതനം  (വിവര്‍ത്തനം),  ബാലഗംഗാധരതിലകന്‍, ഗോപാലകൃഷ്ണഗോഖലെ, ആര്‍.സുഗതന്‍ (ജീവചരിത്രങ്ങള്‍), കേരള പത്രപ്രവര്‍ത്തന ചരിത്രം, മോപ്പസാങ്ങിന്റെ ചെറുകഥകള്‍, ടോള്‍സ്റ്റോയിയുടെ ചെറുകഥകള്‍, പാസ്‌പോര്‍ട്ടില്ലാത്ത പാന്ഥന്‍ തുടങ്ങിയവയാണ് കൃതികള്‍.  വിപ്ലവസ്മരണകള്‍ (ഭാഗം മൂന്ന്) എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു.  പ്രതിഭ, ദിവ്യകോകിലം, സയന്‍സ് എന്നീ ആനുകാലികങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു.
2000 ഏപ്രില്‍ 27-ന് പുതുപ്പള്ളി രാഘവന്‍ അന്തരിച്ചു.  
ഭാര്യ:  പരേതയായ ശാന്തമ്മ
മക്കള്‍ : ഷീല, ശോഭ