You are here:

Indhuchudan V. T

1919 ല്‍ കൊടുങ്ങല്ലൂരില്‍ ജനിച്ച വി.ടി. ഇന്ദുചൂഡന്‍ ചെറുപ്പത്തില്‍തന്നെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റേയും കൊച്ചി പ്രജാമണ്ഡലത്തിന്റേയും സജീവ പ്രവര്‍ത്തകനായിരുന്നു. സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത് തീപ്പൊരി പ്രസംഗവുമായി നടന്ന ഇന്ദുചൂഡന്‍ നല്ല വായനക്കാരനും കലാ വിമര്‍ശകനും ചരിത്രഗവേഷകനുമായിരുന്നു.

സ്വാതന്ത്ര്യത്തിന് തൊട്ടു മുമ്പാണ് (1946) ല്‍ ദേശാഭിമാനി പത്രാധിപരാവുന്നത്. പാര്‍ട്ടി പത്രത്തിന്റെ അധിപനായിരിക്കെതന്നെ കലാ-സാംസ്‌കാരിക രംഗത്തെ അപൂര്‍വ്വ പ്രതിഭാസമായിരുന്നു.
കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തേക്കുറിച്ച് ഇംഗ്ലീഷ് പുസ്തകമെഴുതിയ ഇന്ദുചൂഡന്‍ 1972-78 കാലത്ത് കേരള കലാമണ്ഡലം സെക്രട്ടറിയുമായി. മഹാകവി വള്ളത്തോളിന്റെ ജാമാതാവ്കൂടിയായ അദ്ദേഹം പത്രപ്രവര്‍ത്തനത്തേക്കാളുപരി ഗ്രന്ഥരചനയിലും താല്പര്യം കാട്ടി. വിവര്‍ത്തന സാഹിത്യത്തിലും പയറ്റിത്തെളിഞ്ഞ അദ്ദേഹം മാര്‍ക്‌സിന്റെ മൂലധന വിവര്‍ത്തനത്തിലും പങ്കളിയായി. യൂനസ്‌കോയുടെ ഫെലോഷിപ്പ് ലഭിച്ചിട്ടുണ്ട്.
ദേശാഭിമാനിയുടെ പ്രയാണം ഏറെ പ്രയാസകരമായിരുന്നകാലത്ത് പ്രതിസന്ധികള്‍ നീക്കാന്‍ അക്ഷീണം യത്‌നിച്ച ഇന്ദുചൂഡന്‍ പത്രത്തിന്റെ സമഗ്ര പുരോഗതിക്കായി പരിപാടികള്‍ ആവിഷ്‌കരിച്ച് മുന്നേറി. കൊടുങ്ങല്ലൂരിലും മഹാരാജാസ് കോളേജിലും വിദ്യാഭ്യാസം ചെയ്തകാലത്തെ പരിചയംവച്ച് പഴയ സഹപ്രവര്‍ത്തകരേയും സുഹൃത്തുക്കളേയും പത്രപ്രവര്‍ത്തനരംഗത്തേക്ക് കൊണ്ടുവരാന്‍ ഇന്ദുചൂഡന് സാധിച്ചിരുന്നു. പത്രപ്രവര്‍ത്തകനായി വരുന്നതിനു മുമ്പ് ചാലക്കുടിയിലെ സിറാമില്‍ ഫാക്ടറിയില്‍ ചെയ്ത ജോലി ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനത്തെക്കുറിച്ച് പഠിക്കുവാനവസരവും നല്‍കി. കൊച്ചിരാജ്യപ്രജാമണ്ഡലത്തിന്റെ പ്രവര്‍ത്തനത്തിലും അതിനിടക്ക് വ്യാപൃതനാവുകയുണ്ടായി. ദേശാഭിമാനി ആഴ്ചപതിപ്പായി 1943 ല്‍ പ്രസിദ്ധം ചെയ്തപ്പോള്‍ എം.എസ്. ദേവദാസായിരുന്നു പത്രാധിപര്‍. പത്രാധിപസമിതി ചെയര്‍മാന്‍ ഇ.എം.എസും. സി ഉണ്ണിരാജ. കെ.കെ. വാരിയര്‍ എന്നിവരും വാരികയില്‍ ജോലി ചെയ്തിരുന്നു. അവരോടൊപ്പം ഇന്ദുചൂഡനും കൂടിയപ്പോള്‍ ഇ.എം.എസ്സിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന പത്രാധിപസമിതി യോഗത്തിലെ നിറസാന്നിദ്ധ്യമായി മാറി. രാഷ്ട്രീയകാര്യങ്ങള്‍ ചര്‍ച്ചചെയ്ത് എന്തെല്ലാം എഴുതണം എന്ന് തീരുമാനിക്കുമ്പോള്‍ സാമാന്യ ജനങ്ങളുടെ സകല പ്രശ്‌നങ്ങളും ഭയം കൂടാതെ ഇന്ദുചൂഡന്‍ ഏറ്റെടുക്കുമായിരുന്നു.
ദേശാഭിമാനി ദിനപത്രമായപ്പോള്‍ ഒട്ടും വിശ്രമമില്ലാതെ ഇന്ദുചൂഡന്‍ പ്രവര്‍ത്തിച്ചു. കീരന്‍ എന്ന തൂലികാ നാമത്തില്‍ എഴുതാറുള്ള കെ.കെ. വാരിയരും ഇന്ദുചൂഡനും ചേര്‍ന്നാണ് 1921 ലെ മലബാര്‍ കലാപത്തിന്റെ ദേശാഭിമാനി രജത ജൂബിലി പതിപ്പ് ഇറക്കിയത്. പത്രം കണ്ടുകെട്ടിയപ്പോള്‍ ഒളിവില്‍ പോയിട്ടുണ്ട്. സംഭവബഹുലമായ നാളുകളിലെ ആവേശകരമായ അനുഭവങ്ങള്‍ ദേശാഭിമാനി നാല്‍പതാം പിറന്നാള്‍ പതിപ്പില്‍ വിശദമായി ഇന്ദുചൂഡന്‍ എഴുതിയിട്ടുണ്ട്.

 

Previous:
Next: