You are here:

Ramanunni T

കേരള പത്രപ്രവര്‍ത്തക യൂണിയന്റെ സ്ഥാപക നേതാവ് എന്ന് വിശേഷിപ്പിക്കാവുന്ന ടി. രാമനുണ്ണി എന്ന ഉണ്ണിയേട്ടന്‍ ഒട്ടേറെ ഉല്‍കൃഷ്ട ഗുണങ്ങളുള്ള ട്രേഡ് യൂണിയന്‍ നേതാവായിരുന്നു. കോഴിക്കോട് ജില്ലയില്‍ അറുപതുകളുടെ അവസാനത്തില്‍ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ ഔദ്ധ്യോഗിക മുഖപത്രത്തില്‍ ജോലി ചെയ്യവെ പത്രപ്രവര്‍ത്തകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ധീരോദാത്ത നേതൃത്വം നല്‍കിയ ഉണ്ണിയേട്ടന്‍ യൂണിയന്റെ മെമ്പര്‍ഷിപ്പ് പുസ്തകവുമായി സൈക്കളില്‍ ചുറ്റിയാണ് സംഘടന കെട്ടിപ്പടുത്തത്.

ഒരു പരിതസ്ഥിതിയിലും സമചിത്തത കൈവിടാതെ ഉണ്ണിയേട്ടനെ സര്‍വ്വരും കക്ഷി വ്യത്യയാസമെന്യേ അംഗീകരിച്ചു. പത്രപ്രവര്‍ത്തകരുടെ മുഴുവന്‍ പിന്തുണയും ആര്‍ജ്ജിച്ചെടുക്കാന്‍ അദ്ദേഹത്തിന്റെ വിശാല മനസ്‌കതയും നിഷ്‌കളങ്ക വ്യക്തിത്വവും ഉദാത്ത മനുഷ്യ സ്‌നേഹവും വഴി സാധിച്ചു.
കോഴിക്കോട് കളക്ടറേറ്റില്‍ നടന്ന ഒരു പിക്കറ്റിംഗ് പത്രലേഖകരെയാകമാനം പ്രതിക്കൂട്ടിലാക്കിയ ഒരു സംഭവമായിരുന്നു. കളക്ടറേറ്റ് പിക്കറ്റ് ചെയ്ത സത്യാഗ്രഹികളെ രാമനുണ്ണിയുടെ നേതൃത്വത്തിലുള്ളവര്‍ ചാടിക്കടന്നു എന്നായിരുന്നു ആരോപണം. ഒടുവില്‍ അന്വേഷണകമ്മിറ്റി വിശദമായ അന്വേഷണം നടത്തിയാണ് രാമനുണ്ണി കുറ്റക്കാരനല്ലെന്ന് വിധിച്ചത്. കോഴിക്കോട് പത്രലേഖക യൂണിയന്റെ സെക്രട്ടറിമാരിലൊരാളായിരുന്നു അന്ന് ഉണ്ണ്യേട്ടന്‍. ഒരു വര്‍ഷം നീണ്ടുനിന്ന ഉണ്ണിയേട്ടനെതിരായ മാനനഷ്ടക്കേസ്സും തള്ളപ്പെട്ടു.
രാമനുണ്ണി സൈക്കിളില്‍ സഞ്ചരിച്ച് യൂണിയന്‍ കെട്ടിപ്പടുത്ത കാലത്ത് മെമ്പര്‍ഷിപ്പ് നല്‍കി സഹകരിച്ചവരേപ്പറ്റി അദ്ദേഹം വിവരിക്കും അന്ന ദേശാഭിമാനി റിപ്പോര്‍ട്ടറായ രാമനുണ്ണി മുഖേന യൂണിയന്‍ മെമ്പറായവര്‍ പ്രമുഖരായിരുന്നു. മാതൃഭൂമിയിലെ കെ.കെ. മേനോനും കെ.സി. മാധവക്കുറുപ്പും മലയാള മനോരമയിലെ കെ.ആര്‍ ചുമ്മാര്‍ ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടര്‍ യു.എ. ബീരാന്‍ പി.കെ. ശങ്കരന്‍കുട്ടി (കേരള ക്രോണിക്കിള്‍) പി.കെ. മുഹമ്മദ് (ചന്ദ്രിക) എം.പി. അച്ചുതന്‍ (പ്രദീപം) ആന്റണി തരകന്‍ (മലബാര്‍ മെയില്‍) സി.ഐ. ഗോപിനാഥ് (എക്‌സ്പ്രസ്) ടി.എന്‍. രാമസ്വാമി (ഹിന്ദു) കെ.പി. കൃഷ്ണന്‍ (മദ്രാസ് മെയില്‍) എന്നിവരാണ് അവരില്‍ ചിലര്‍. ആത്മാര്‍ത്ഥതയുള്ള ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകനായി അറിയപ്പെട്ട രാമനുണ്ണി സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തുകൊണ്ടാണ് പൊതുരംഗത്തേയ്ക്ക് കടന്നുവത്.
1951 ല്‍ ദേശാഭിമാനി പനഃപ്രസിദ്ധീകരണമാരംഭിച്ചപ്പോള്‍ അതില്‍ പ്രൂഫ് റീഡറായി ചേര്‍ന്ന ഉണ്ണിയേട്ടന്‍ രണ്ടു കൊല്ലത്തിനുശേഷമാണ് റിപ്പോര്‍ട്ടറായത്. പാര്‍ട്ടി പിളര്‍ന്നപ്പോള്‍ കോഴിക്കോട് നവജീവന്‍ സ്റ്റാഫ് റിപ്പോര്‍ട്ടറായി. നവജീവനാണ് പിന്നീട് ജനയുഗത്തിന്റെ കോഴിക്കോട് പതിപ്പായി മാറിയത്. ജനയുഗത്തിന്റെ സ്റ്റാഫ് റിപ്പോര്‍ട്ടര്‍ സ്ഥാനം രാമനുണ്ണി ഏറ്റെടുത്തു.
1972 ല്‍ ജനയുഗത്തില്‍ നിന്ന് റിട്ടയര്‍ ചെയ്ത് പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാകമ്മിറ്റി ഭാരവാഹി സ്ഥാനത്തിനു പുറമെ സംസ്ഥാന കമ്മിറ്റി ജോ. സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. റിട്ടയര്‍ ചെയ്തശേഷം യൂണിയന്റെ ഓണററി മെമ്പറായി പ്രവര്‍ത്തിച്ചു.
1980 ല്‍ ജനുവരി ഒന്നിന് 64-ാം വയസ്സിലാണ് നിര്യാതനായത്. മുതിര്‍ പത്രപ്രവര്‍ത്തകനായ എം. ബാലഗോപാല്‍ പുത്രനാണ്.