You are here:

Joseph Mundasseri

ജോസഫ് മുണ്ടശ്ശേരി(ജനനം1903 ജുലൈ 17- മരണം 1977 ഒക്‌റ്റോബര്‍ 25)യെ 1957 ലെ ആദ്യകമ്യൂണിസ്റ്റ് മന്ത്രിസഭയിലെ വിദ്യാഭ്യാസമന്ത്രിയായും വിഭ്യാഭ്യാസപരിഷ്‌കര്‍ത്താവായും സാഹിത്യനിരൂപകനായും ആണു മിക്കവരും ഓര്‍ക്കുക. പക്ഷേ,  മുണ്ടശ്ശേരി തന്റെ  ജീവിതത്തിന്റെ നല്ലൊരുപങ്ക് ചെലവിട്ടത് പത്രപ്രവര്‍ത്തകനായാണ്. 

ബിരുദപഠനം കഴിഞ്ഞ ഉടനെ മുണ്ടശ്ശേരി ആദ്യം കൈവെച്ചതു പത്രപ്രവര്‍ത്തനത്തിലാണ്. തൃശ്ശൂര്‍ സെന്റ് തോമസ് കോളേജില്‍ അദ്ധ്യാപകനായ സമയത്ത് അദ്ദേഹം പ്രേഷിതന്‍ എന്ന മാസികയുമായി ബന്ധപ്പെട്ടു. മതപ്രസിദ്ധീകരണമായിരുന്നുവെങ്കിലും അതില്‍ മതേതരവിഷയങ്ങള്‍ ചേര്‍ക്കാന്‍ മുണ്ടശ്ശേരി പരിശ്രമിച്ചു. 

1953 ഡിസംബറില്‍ തൃശ്ശൂരില്‍ നവജീവന്‍ ആരംഭിച്ചപ്പോള്‍ ജോസഫ് മുണ്ടശ്ശേരി ആയിരുന്നു പത്രാധിപര്‍. 1957 ല്‍  മന്ത്രിയാകുന്നതു വരെ നാലു വര്‍ഷം ആ ചുമതല വഹിച്ചു. മുണ്ടശ്ശേരിയുടെ മുഖപ്രസംഗം വായിക്കാന്‍മാത്രം ആളുകള്‍ ആ പത്രം വാങ്ങിയിരുന്നു. 

സെന്റ് തോമസ് കോളേജിന്റെ പ്രിന്‍സിപ്പാളായിരുന്ന ഫാദര്‍ പാലോക്കാരന്റെ താല്പര്യത്തില്‍ ആരംഭിച്ച കേരളം മാസികയില്‍  എം.പി.പോളിനൊപ്പം മുണ്ടശ്ശേരിയും രണ്ട് കൊല്ലത്തോളം പ്രവര്‍ത്തിച്ചു. കോളേജ് അധ്യാപനം വിട്ട്് എം.പി.പോളിനൊപ്പം ട്യൂട്ടോറിയല്‍ കോളേജും നവഭാരതം എന്നൊരു പ്രതിവാരപത്രവും തുടങ്ങി. വൈകാതെ കൈരളി മാസികയുടെ പത്രാധിപത്യച്ചുമതല കൂടി ഏറ്റെടുത്തു. 1943 ല്‍ അദ്ദേഹം മംഗളോദയം മാസികയുടെയും എഡിറ്ററായി. കേസരി ബാലകൃഷ്ണപ്പിള്ളയും കുറ്റിപ്പുഴ കൃഷ്ണപ്പിള്ളയും കുട്ടികൃഷ്ണമാരാരും ഗുപ്തന്‍നായരും എന്‍.വി. കൃഷ്ണവാരിയരും നിരൂപണം എഴുതിയ പ്രസിദ്ധീകരണമായിരുന്നു അത്. മുമ്പ് ആനി ജോസഫ് ആരംഭിച്ച പ്രജാമിത്രം പത്രത്തില്‍ ജെ.എം എന്ന പേരില്‍ പംക്തി എഴുതിയിരുന്നു. 

നവജീവനില്‍ എഴുതിയ മുഖപ്രസംഗങ്ങളും കുറിപ്പുകളും മലയാള സാഹിത്യത്തിനും വൃത്താന്ത പത്രപ്രവര്‍ത്തനത്തിനുമൊരുപോലെ മുതല്‍ക്കൂട്ടായിരുന്നു. ഉജ്വലമായ മുഖപ്രസംഗങ്ങളുടെ കാര്യത്തില്‍ മുണ്ടശ്ശേരിയോട് കിടപിടിക്കാന്‍ കഴിയുന്നവര്‍ അത്യപൂര്‍വമാണെന്ന് കരുതുന്ന മാധ്യമനിരീക്ഷകരുണ്ട്. '
തൃശ്ശൂര്‍ കണ്ടശ്ശാംകടവില്‍ ജനിച്ച ജോസഫ് മുണ്ടശ്ശേരി  സാഹിത്യ-രാഷ്ട്രീയ-പത്രപ്രവര്‍ത്തക-വിദ്യാഭ്യാസ മണ്ഡലങ്ങളിലാകെ തിളങ്ങിനിന്നു. ഉജ്വലപ്രഭാഷകനും ശ്രേഷ്ഠ അധ്യാപകനുമായിരുന്നു. 1949 ല്‍ കൊച്ചി നിയമസഭാംഗമായി. 1957 ല്‍ സംസ്ഥാനത്തെ ആദ്യത്തെ മന്ത്രിസഭയിലെ വിദ്യാഭ്യാസ മന്ത്രി എന്ന നിലയില്‍ നടപ്പാക്കിയ പരിഷ്‌കാരങ്ങള്‍ ജോസഫ് മുണ്ടശ്ശേരിക്ക് ചരിത്രത്തില്‍ സ്ഥാനം നേടിക്കൊടുത്തു. 1970 ല്‍ വീണ്ടും നിയമസഭാംഗമായി.