You are here:

Vaikom Chandrasekaran Nair

പില്‍ക്കാലത്ത് പത്രാധിപരായും പ്രഭാഷകനായും എഴുത്തുകാരനായും ഗായകനായും കവിയായും നടനായും നാടകകൃത്തായുമെല്ലാം പ്രസിദ്ധി നേടിയ വൈക്കം ചന്ദ്രശേഖരന്‍ നായര്‍(1928-2005) കോട്ടയം സി.എം.എസ്.കോളേജ് വിദ്യാര്‍ത്ഥിയായ കാലത്തുതന്നെ പ്രശസ്തനായിത്തുടങ്ങിയിരുന്നു. നാടകമെഴുതിത്തുടങ്ങിയതു പതിനേഴാം വയസ്സിലാണ്. വൈകാതെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തനവും തുടങ്ങി. 

ആദ്യം ജോലിക്കു ചേരുന്നത് മലയാള മനോരമയിലാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തനം സജീവമായപ്പോള്‍ ജോലി ഉപേക്ഷിച്ച് കൊല്ലത്തേക്ക് മാറി.  അവിടെ ആദ്യം ചേര്‍ന്നത് കേരളം എന്ന പ്രസിദ്ധീകരണത്തിലാണ്. കേരളം വേഗം നിലച്ചു. പിന്നെ ജനയുഗത്തില്‍ എത്തി. 1958 ലാണ് വൈക്കത്തിന്റെ പത്രാധിപത്യത്തില്‍ ജനയുഗം വാരിക ആരംഭിക്കുന്നത്.

കേരളം, ജനയുഗം,കൗമുദി, പ്രഭാതം, കേരളപ്രഭ, കേരളഭൂഷണം, യുവകേരളം, പൗരപ്രഭ, കേരളശബ്ദം, ചിത്രകാര്‍ത്തിക, കുങ്കുമം, കുമാരി എന്നീ പ്രസിദ്ധീകരണങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇതിനിടെ നാടകങ്ങളും കഥകളും തിരക്കഥകളും നോവലുകളും ചരിത്രാഖ്യായികകളും പുരാണപുനര്‍നിര്‍മിതകളും ഡിറ്റക്റ്റീവ് നോവലുകളും പംക്തികളും എഴുതി.  പലതും പല പേരുകളിലാണ് എഴുതിയത്- സ്ത്രീനാമങ്ങളില്‍പ്പോലും. ലത എന്ന പേരില്‍ അദ്ദേഹം ചലചിത്രഗാനങ്ങള്‍ എഴുതിയിട്ടുണ്ട്്. 

ചിത്രകാര്‍ത്തിക പത്രാധിപരായിരുന്നപ്പോള്‍ മാന്‍ ഓഫ് ദ വീക്ക് സങ്കല്‍പ്പത്തില്‍ അദ്ദേഹം തുടങ്ങിവെച്ച പംക്തിയുടെ രീതി ഇന്നും ഒരുപാട് പ്രസിദ്ധീകരണങ്ങള്‍ പിന്തുടരുന്നു. എഡിറ്റിങ്ങിന്റെ ക്രിയേറ്റിവിറ്റിയില്‍ അദ്ദേഹത്തെ കവച്ചുവെക്കുവര്‍ അധികമില്ല. പാദമുദ്രകള്‍' ആണ് വൈക്കം ജനയുഗത്തില്‍ എഴുതിയ ഒരുപംക്തി. പില്‍ക്കാലത്ത് പല പ്രസിദ്ധീകരണങ്ങളിലായി വില്ലും ശരവും, മുറിവുകളും മുല്ലപ്പൂക്കളും, വാക്കുകളും നിങ്ങളും, ഒരുമിച്ചൊരു നിമിഷം, അക്ഷരങ്ങള്‍ തുടങ്ങിയ പംക്തികള്‍ കൈകാര്യം  ചെയ്തു. ചിത്രകാര്‍ത്തികയില്‍ കൈകാര്യം ചെയ്ത ചോദ്യോത്തരപംക്തിയാണ് ഒരുമിച്ചൊരു നിമിഷം. വൈക്കം പേരു വെച്ച് മറ്റൊരു പംക്തി അതേ വാരികയില്‍ എഴുതി-അക്ഷരങ്ങള്‍. വേദേതിഹാസങ്ങളിലും ഭാരതീയ-പാശ്ചാത്യദര്‍ശനങ്ങളിലും അദ്ദേഹം നേടിയ അവഗാഹം അദ്ദേഹത്തിന്റെ എല്ലാ രചനകളിലും ഒളി പരത്തി.

പതിമൂന്നു സാമൂഹ്യനോവലുകള്‍, എട്ടു ചരിത്ര നോവലുകള്‍, ഇരുപത്തഞ്ചിലധികം തിരക്കഥകള്‍, പതിനാറ് കഥാസമാഹാരങ്ങള്‍, ഏഴ് നാടകങ്ങള്‍, എട്ടു പഠനകൃതികള്‍, ഒരു ജീവചരിത്രനോവല്‍...ഇവയെല്ലാം പുസ്തകരൂപത്തില്‍ ഇറങ്ങിയവ മാത്രമാണ്. രണ്ട് ഭാഗങ്ങളായി അനുഭവങ്ങളേ നന്ദി, മാനസസരസ്സ് എന്നിവ അനുഭവക്കുറിപ്പുകളാണ്. കേണള്‍ പ്രസാദ് എന്ന പേരില്‍ എഴുതിയ പതിമൂന്നോളം അപസര്‍പ്പക നോവലുകള്‍ എഴുതിയിട്ടുണ്ട്. 'ജാതുഗൃഹം' എന്ന നോവലിന് സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. 2000 ല്‍ സമഗ്രസംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. സംഗീതനാടക അക്കാദമി ചെയര്‍മാനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. സുശീലാദേവിയാണ് ഭാര്യ. പ്രമുഖ പത്രപ്രവര്‍ത്തകന്‍ സി.ഗൗരിദാസന്‍ നായരും ഡോ.പ്രിയാനായരും ഉള്‍പ്പെടെ ഏഴു മക്കളുണ്ട്.