You are here:

K Gopalakrishnan

ദേശീയതലത്തില്‍തന്നെ ശ്രദ്ധേയനായ പത്രാധിപരാണ് കെ. ഗോപാലകൃഷ്ണന്‍. മലയാള മനോരമയുടെ ഡല്‍ഹി ബ്യൂറോയില്‍ മുഖ്യലേഖകനായും മാതൃഭൂമിയുടെയും ഇംഗഌഷ് പ്രസിദ്ധീകരണങ്ങളായ ഓണ്‍ലുക്കറിന്റെയും സണ്‍ഡെ മെയിലിന്റെയും പത്രാധിപരായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 

മാതൃഭൂമി പത്രാധിപരായി പ്രവര്‍ത്തിച്ച എട്ടു വര്‍ഷമാണ് അദ്ദേഹത്തിന്റെ പത്രപ്രവര്‍ത്തനജീവിതത്തിലെ ഏറ്റവും സംഭവബഹുലവും ശ്രദ്ധേയവുമായ കാലം.  2000 ജൂണ്‍ മുതല്‍ 2008 ഡിസംബര്‍ വരെയാണ് അദ്ദേഹം മാതൃഭൂമി പത്രാധിപരായി പ്രവര്‍ത്തിച്ചത്. കേരള രാഷ്ട്രീയത്തില്‍ കോളിളക്കങ്ങളുണ്ടാക്കിയ പല എക്‌സ്‌ക്ലൂസീവ് വാര്‍ത്തകളുടെയും ആസൂത്രകന്‍  പത്രാധിപരായ ഗോപാലകൃഷ്ണന്‍ തെന്നയായിരുന്നു. ഇവയിലേറെയും  സി.പി.എമ്മിനകത്തെ  സംഘട്ടനങ്ങളുടെ ഫലമായാണ് മാധ്യമവാര്‍ത്തകളായി മാറിയതും. 

കാസര്‍ഗോട്് എന്‍ഡോസള്‍ഫാന്‍ മൂലമുണ്ടായ ദുരന്തങ്ങള്‍, പ്ലാച്ചിമടയില്‍ കോളക്കമ്പനിയുടെ ജലചൂഷണം, ലോട്ടറി രാജാവില്‍നിന്നും  മറ്റൊരു ധനകാര്യസ്ഥാപനത്തില്‍നിന്നും സി.പി.എം. മുഖപത്രം കോടികള്‍ കൈപ്പറ്റിയത്.  ഇ.കെ.നായനാരുടെ പേരില്‍ നടന്ന ഫുട്‌ബോള്‍ ടൂര്‍ണമെന്റിനു ഒരു വിവാദവ്യവസായി വന്‍തുക സംഭാവന ചെയ്തത്, സി.പി.എം. സംസ്ഥാനസിക്രട്ടറി പിണറായി വിജയന്‍ ഗോപാലകൃഷ്ണനെ പരസ്യമായി ആക്ഷേപിച്ചത്, ആ പ്രസംഗം അതേപടി മാതൃഭൂമി റിപ്പോര്‍ട്ട്് ചെയ്തത്. ഇതെല്ലാം കെ.ഗോപാലകഷ്ണന്‍ മാതൃഭൂമി എഡിറ്ററായിരുന്നപ്പോള്‍ ഏറെ ജനശ്രദ്ധയാകര്‍ഷിച്ച വാര്‍ത്താസംഭവങ്ങളായിരുന്നു. അദ്ദേഹം നിരീക്ഷകന്‍ എന്ന തൂലികാനാമത്തില്‍ മാതൃഭൂമി ഒന്നാം പേജില്‍ എഴുതിയ രാഷ്ട്രീയക്കുറിപ്പുകളും ശ്രദ്ധിക്കപ്പെട്ടു. പുതുമയും പ്രയോജനവുമുള്ള ഒട്ടനവധി പുതിയ പംക്തികളും പരമ്പരകളും അദ്ദേഹം തുടങ്ങിവെച്ചു. മലയാള പത്രപ്രവര്‍ത്തനത്തില്‍ ഒരു ദിശാമാറ്റം തന്നെ ഉണ്ടാക്കി അദ്ദേഹം മാതൃഭൂമിയില്‍ നടപ്പാക്കിയ പരിഷ്‌കാരങ്ങള്‍. 

നാലുപതിറ്റാണ്ടോളം നീണ്ടുനിന്നതാണ് കെ.ഗോപാലകൃഷ്ണന്റെ പത്രപ്രവര്‍ത്തന ജീവിതം. ഇതിനിടയില്‍, തീവ്രവാദികള്‍ റാഞ്ചിയ വിമാനത്തില്‍ അദ്ദേഹം ഉണ്ടായതും വലിയ ശ്രദ്ധയാകര്‍ഷിച്ചു. 1985 ജുലായ് 5ന് ശ്രീനഗറില്‍നിന്ന് ഡല്‍ഹിക്കു വരികയായിരുന്ന വിമാനമാണ് റാഞ്ചപ്പെട്ടത്. ദി വീക്ക് വാരികയ്ക്കു വേണ്ടി, ജമ്മു കാശ്മീറിന്റെ പുതിയ മുഖ്യമന്ത്രിയായി വിവാദമുയര്‍ത്തിയ ജി.എം.ഷായെ ഇന്റര്‍വ്യൂ ചെയ്തു മടങ്ങുകയായിരുന്നു കെ.ഗോപാലകൃഷ്ണന്‍. ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യം മുഴക്കിയ സിഖ് തീവ്രവാദികളാണ് വിമാനം റാഞ്ചിയെടുത്ത് പാകിസ്ഥാനിലെ ലാഹോറില്‍ കൊണ്ടുചെന്നിറക്കിയത്. ഒരു രാത്രി മുഴുവന്‍ തീവ്രവാദികള്‍ക്കൊപ്പം അവരുടെ നിരന്തരമുള്ള ഭീഷണികളും സംഘര്‍ഷവും സഹിച്ച് കഴിച്ചുകൂട്ടേണ്ടിവന്നത് അത്യസാധാരണമായ അനുഭവമായി എല്ലാ യാത്രക്കാര്‍ക്കും. വിമാനം ബോംബ് വെച്ചു തകര്‍ക്കുമെന്ന ഭീഷണിയും ഹിന്ദുക്കളായ യാത്രികരെ പുറത്തിറക്കിക്കൊണ്ടുപോയി വെടിവെച്ചുകൊല്ലുമെന്ന ഭീഷണിയും തരണം ചെയ്താണ് രാത്രി പുലര്‍ത്തിയത്. പിറ്റോണ് റാഞ്ചികള്‍ കീഴടങ്ങുന്നത്. നടന്ന സംഭവങ്ങളെല്ലാം ഗോപാലകൃഷ്ണന്‍ മലയാള മനോരമയിലും ദി വീക്ക് വാരികയിലും വിശദമായി റിപ്പോര്‍ട്ട്് ചെയ്തിരുന്നു. 

കോഴിക്കോട് പിയങ്കരയിലെ പുലാഞ്ചേരി ഇടത്തില്‍ മാധവനുണ്ണി നായരുടെയും പാലക്കാട് മഞ്ഞപ്രയിലെ കെ.കുഞ്ഞിമാളുഅമ്മയുടെയും മകനായി 1945 മെയ് 25നാണ് ഗോപാലകൃഷ്ണന്‍ ജനിച്ചത്. ഡല്‍ഹി ദേശബന്ധു കോളേജില്‍നിന്നു ബിരുദം നേടി പത്രപ്രവര്‍ത്തനത്തിലേക്കു തിരിഞ്ഞു. ചില ഇംഗഌഷ് പ്രസിദ്ധീകരണങ്ങളില്‍ പ്രവര്‍ത്തിച്ച ശേഷം 1978ല്‍ മനോരമയില്‍ ചേര്‍ന്നു. ദി വീക്കിലും മനോരമ പത്രത്തിലും റിപ്പോര്‍ട്ടുകള്‍ എഴുതി. 1989 ല്‍ മനോരമ വിട്ട്് ഓണ്‍ലുക്കറിന്റെയും 1997ല്‍ സണ്‍ഡെ മെയിലിന്റെയും എഡിറ്ററായി.  
 മാതൃഭൂമി പത്രാധിപരുടെ ചുമതല ഒഴിഞ്ഞ ശേഷം അമൃത ടി.വി.യുടെ ചീഫ് എഡിറ്ററും ചീഫ് എക്‌സിക്യൂട്ടീവുമായി കുറച്ചുകാലം പ്രവര്‍ത്തിച്ചു. കോഴിക്കോട് അമൃത വിദ്യാലയം പ്രിന്‍സിപ്പാള്‍ ശോഭയാണ് ഭാര്യ. ന്യൂ ഡല്‍ഹിയിലെ പ്രമുഖ ടി.വി ചാനല്‍ ലേഖകന്‍ മാധവദാസ്, റിസര്‍ച്ച് അനലിസ്റ്റ് അര്‍ജുന്‍ എന്നിവരാണ് മക്കള്‍.