You are here:

Panthalam Keralavarma

പന്തളം  കേരളവര്‍മ്മ എന്നല്ല, മഹാകവി പന്തളം കേരളവര്‍മ്മ(1879-1919)എന്നേ ഈ അപൂര്‍വ്വപ്രതിഭയെ ആരും അഭിസംബോധന ചെയ്യാറുള്ളൂ. എന്നാല്‍ മഹാകവിയായിട്ടല്ല മാധ്യമപ്രവര്‍ത്തകനായിട്ടാണ് പന്തളം കേരളവര്‍മ്മയെ നാം ഇവിടെ പരിചയപ്പെടുന്നത്; മലയാള മാധ്യമചരിത്രത്തിലെ അനുപമമായ ഒരു അധ്യായം എഴുതിയ മാധ്യമപ്രവര്‍ത്തകനായിട്ട്പദ്യരൂപത്തില്‍ ആദ്യാവസാനം എഴുതപ്പെട്ട മലയാളത്തിലെ ആദ്യത്തെയും അവസാനത്തെയും വാര്‍ത്താപ്രസിദ്ധീകരണം കവനകൗമുദി ആണ്. 1904 നവംബര്‍ 14നാണ് ആദ്യലക്കം പ്രസിദ്ധീകരിക്കപ്പെടുന്നത്. മുഖപ്രസംഗം, അറിയിപ്പുകള്‍, വാര്‍ത്തകള്‍, ലേഖനങ്ങള്‍, നിരൂപണങ്ങള്‍ എന്നിവ മാത്രമല്ല പരസ്യങ്ങള്‍ പോലും പദ്യത്തിലായിരുന്നു ചേര്‍ത്തിരുന്നത്. കവിതകള്‍, കൂട്ടുകവിതകള്‍, സമസ്യകള്‍, കവിതക്കത്തുകള്‍ എന്നിവയും ഉണ്ടായിരുന്നു. മലയാളത്തിലെ പ്രസിദ്ധരും അപ്രസിദ്ധരുമായ കവികളുടെയെല്ലാം കേളീരംഗമായിരുന്നു ദ്വൈവാരികയായിരുന്ന കവനകൗമുദി. മൂന്നുവര്‍ഷമേ ഇത് ആ നിലയില്‍ തുടര്‍ന്നുള്ളൂ. പിന്നെ അതൊരു സാഹിത്യപ്രസിദ്ധീകരണമായി മാറ്റപ്പെട്ടു. 

1904-07 കാലത്ത് ഈ പ്രസിദ്ധീകരണത്തില്‍ പന്തളം കേരളവര്‍മ്മ എഴുതിയ മുഖപ്രസംഗങ്ങള്‍ ക്രാന്തദര്‍ശിയും ധീരനുമായ ഒരു പത്രാധിപരെ കാട്ടിത്തരുന്നുണ്ട്.  പന്തളത്തുനിന്നായിരുന്നു ഇതിന്റെ പ്രസിദ്ധീകരണം. ഇന്നത്തെ സാധാരണപത്രത്തിന്റെ പകുതിവലിപ്പത്തില്‍ നാലുപേജ് ആയിരുന്ന കൗവനകൗമുദിക്ക് ഉണ്ടായിരുന്നത്. രൂപവും ഭാവവും പത്രാധിപത്യവുമെല്ലാം മാറി, പന്തളം കേരളവര്‍മ്മയുടെ കാലശേഷവും-1931 വരെ- കവനകൗമുദിയുടെ പ്രസിദ്ധീകരണം തുടര്‍ന്നു. അന്ന് കേരളമില്ലെങ്കിലും ഇന്നത്തെ കേരളമായ പ്രദേശങ്ങളില്‍നിന്നെല്ലാം കവികള്‍ അക്കാലത്ത് കവനകൗമുദിയില്‍ എഴുതിയിട്ടുണ്ട്. പലര്‍ ചേര്‍ന്നൊരു കവിത എഴുതുക എന്ന കൂട്ടുകവിതപ്രസ്ഥാനവും അന്ന് കവനകൗമുദി പരീക്ഷിച്ചു നോക്കിയിട്ടുണ്ട്. 
'പദങ്ങള്‍ കൊണ്ടു പന്താടിയ പന്തളം'കേരളവര്‍മ്മ വെറും നാല്പതു വര്‍ഷമേ ജീവിച്ചിരുന്നുള്ളൂ. പന്തളം രാജകുടുംബത്തിന് സാഹിത്യ-മാധ്യമചരിത്രത്തില്‍ സ്ഥാനം നേടിക്കൊടുത്ത പന്തളത്തു കേരളവര്‍മ്മ തമ്പുരാന്‍ പന്തളം പുത്തന്‍ കോയിക്കല്‍ തന്വംഗി തമ്പുരാട്ടിയുടെയും പുതുപ്പള്ളി തൃക്കോതമംഗലത്ത് പെരിങ്ങേരി ഇല്ലത്ത് വിഷ്ണുനമ്പൂതിരിയുടെയും മകനാണ്. പന്ത്രണ്ടാം വയസ്സില്‍തന്നെ കവിതയെഴുത്ത് തുടങ്ങിയിരുന്നു. ദൈവമേ കൈതൊഴാം കാത്തുകൊള്ളേണമേ എന്ന അദ്ദേഹം രചിച്ച പ്രാര്‍ത്ഥന അക്കാലം തൊട്ട്് ഹിന്ദുവീടുകളില്‍ കുട്ടികള്‍ ആലപിച്ചുപോന്നിട്ടുണ്ട്. കേരളപദ്യസാഹിത്യത്തില്‍ പന്തളം തമ്പുരാന്‍ കൈവെക്കാത്ത ഒരു ശാഖപോലുമില്ല എന്നാണ് പറയാറുള്ളത്.