You are here:

Mangalat Ragavan

മാതൃഭൂമി പത്രാധിപസമിതിയംഗവും ദീര്‍ഘകാലം കണ്ണൂര്‍ ലേഖകനുമായിരുന്ന മംഗലാട്ട്് രാഘവന്‍ ഫ്രഞ്ച് സാഹിത്യകൃതികള്‍ മലയാളത്തില്‍ പരിചയപ്പെടുത്തിയ എഴുത്തുകാരില്‍ പ്രമുഖനാണ്. 1921 സപ്തംബര്‍ 20ന് മയ്യഴിയിലാണ് ജനിച്ചത്. അച്ഛന്‍ മംഗലാട്ട് ചന്തു, അമ്മ കുഞ്ഞിപ്പുരയില്‍ മാധവി. 

സെന്‍ട്രല്‍ ഫ്രഞ്ച് സ്‌കൂളിലാണ് പഠിച്ചത്. സോഷ്യലിസ്റ്റ് പ്രസ്ഥാനവുമായി ബന്ധപ്പെട്ട്് പൊതുരംഗത്ത് സജീവമായി പ്രവര്‍ത്തിച്ചു. 1942ലെ ക്വിറ്റ് ഇന്ത്യ സമരത്തിലും മയ്യഴി വിമോചന സമരങ്ങളിലും പങ്കെടുത്തു. 1942 ല്‍ ചോമ്പാല്‍ റെയില്‍വെ അട്ടിമറിക്കേസ്സില്‍ പ്രതിയായി. മയ്യഴി വിപ്ലവക്കേസ്സില്‍ ആദ്യം പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കപ്പെട്ടു. പിന്നെ പിടിക്കപ്പെട്ടപ്പോള്‍ ഇരുപതുവര്‍ഷം കഠിനതടവും ആയിരം ഫ്രാങ്ക് പിഴയും ശിക്ഷ വിധിക്കപ്പെട്ടു. 1948ല്‍ മയ്യഴി വിപ്ലവഗവണ്മെണ്ടിലും 1954ലെ സ്വതന്ത്ര മയ്യഴി ഗവണ്മെണ്ടിലും മന്ത്രിയായിരുന്നു. 

അടിയന്തരാവസ്ഥക്കാലത്ത് പോലീസിനും അഭ്യന്തരവകുപ്പ് ഭരിച്ചിരുന്ന പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വങ്ങള്‍ക്കും ഹിതകരമല്ലാത്ത വാര്‍ത്തകള്‍ പ്രസിദ്ധപ്പെടുത്തിയതിനെത്തുടര്‍ന്ന് അറസ്റ്റ് ഭീഷണി ഉയര്‍ന്നെങ്കിലും മംഗലാട്ട് വഴങ്ങുകയുണ്ടായില്ല. വികസനോന്മുഖവും അന്വേഷണാത്മകവുമായ ഒട്ടനവധി റിപ്പോര്‍ട്ടുകള്‍ മംഗലാട്ടിന്റേതായി ഓര്‍ക്കപ്പെടുന്നുണ്ട്. ആന്റിസിപ്പേറ്ററി ബെയില്‍ എന്ന സമ്പ്രദായം നിലവില്‍ വന്നപ്പോള്‍ ആദ്യമായി അത്തരമൊരു കേസ് വത് തലശ്ശേരിയില്‍ പ്രവര്‍ത്തിക്കുന്ന കണ്ണൂര്‍ ജില്ലാ കോടതിയിലായിരുന്നു. ആന്റിസിപ്പേറ്ററി ബെയിലിന് മംഗലാട്ട് ഉപയോഗിച്ച മുന്‍കൂര്‍ജാമ്യം എന്ന പരിഭാഷ സര്‍വരാലും സ്വീകരിക്കപ്പെട്ടു. 

മൂന്നൂ പതിറ്റാണ്ടിലേറെ നീണ്ട സേവനത്തിനു ശേഷം 1981ലാണ് മംഗലാട്ട് ചീഫ് റിപ്പോര്‍ട്ടര്‍ പദവിയില്‍ മാതൃഭൂമിയില്‍നിന്നു വിരമിച്ചത്. ഇന്ത്യന്‍ എക്്‌സ്പ്രസ്സിന്റെയും ഡെക്കാന്‍ ക്രോണിക്ക്ഌന്റെയും ജില്ലാ ലേഖകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.  

ഫ്രഞ്ച് കവിതകള്‍, വിക്തോര്‍ യൂഗോവിന്റെ കവിതകള്‍ എന്നിവയാണ് കൃതികള്‍. ഫ്രഞ്ച് കവിതകള്‍ക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡും അയ്യപ്പപ്പണിക്കര്‍ അവാര്‍ഡും ലഭിച്ചു. തലശ്ശേരി ചേറ്റം കുട്ടിലാണ് താമസം.  കെ.വി.ശാന്തയാണ് ഭാര്യ.