You are here:

Pillai G P

തിരുവിതാംകൂര്‍ ദിവാന് എതിരെ  കൊച്ചിയിലെ ഒരു ഇംഗ്ലീഷ് പത്രമായ ദി വെസ്റ്റേണ്‍ സ്റ്റാറില്‍ ലേഖനം എഴുതിയതിന്റെ പേരില്‍ മഹാരാജാസ് കോളേജില്‍നിന്നു പുറത്താക്കപ്പെട്ട പതിനെട്ടു വയസ്സുകാരന്‍ ജി.പരമേശ്വരന്‍ പിള്ളയാണ് പില്‍ക്കാലത്ത് ലോകമറിഞ്ഞ ബാരിസ്റ്ററും പത്രാധിപരുമായ ജി.പി.പിള്ള.

കൊച്ചിയില്‍നിന്നു അദ്ദേഹത്തെ നാടുകടത്തുക കൂടി ചെയ്‌തെങ്കിലും പിന്നീട് മദിരാശി ഗവര്‍ണര്‍ ഇടപെട്ട്് അതു റദ്ദാക്കിച്ചു. പത്രത്തില്‍ എഴുതിയതിന്റെ പ്രതിഫലം കൊണ്ടാണ് മദിരാശിയില്‍ അദ്ദേഹം പഠിച്ചത്. മദ്രാസ് മെയില്‍, മദ്രാസ് സ്റ്റാന്‍ഡേഡ് എന്നിവിടങ്ങളില്‍ അദ്ദേഹം മുഖപ്രസംഗമെഴുത്തുകാരനായിരുന്നു. ഗവണ്മെന്റില്‍ ജോലി കിട്ടിയെങ്കിലും അതുപേക്ഷിച്ച്  പത്രപ്രവര്‍ത്തനത്തിലും പൊതുപ്രവര്‍ത്തനത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചു. 28ാം വയസ്സില്‍ മദ്രാസ് സ്റ്റാന്‍ഡേഡില്‍ പത്രാധിപരായി. 

ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്സിന്റെ സ്ഥാപക നേതാക്കള്‍ക്കൊപ്പം പ്രവര്‍ത്തിക്കുകയും പത്രപ്രവര്‍ത്തനത്തിലൂടെ ദേശീയപ്രസ്ഥാനത്തിന് ശക്തിപകരുകയും ചെയ്ത ജി.പി. ഇന്ത്യയിലും ബ്രിട്ടനിലും അറിയപ്പെട്ടിരുന്നത് വാഗ്മിയും എഴുത്തുകാരനുമായിട്ടാണ്. തിരുവിതാംകൂര്‍ ഭരണകൂടത്തില്‍ മലയാളികളെ അവഗണിക്കുന്നതിനെതിരെ നടന്ന മലയാളി മെമ്മോറിയല്‍ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായിരുന്നു അദ്ദേഹം. 

ദക്ഷിണാഫ്രിക്കന്‍ പ്രശ്‌നം കൈകാര്യം ചെയ്യുന്നതില്‍ മഹാത്മാഗാന്ധിയുടെ ഉപദേശകനും സഹായിയുമായിരുന്നു പിള്ള. ബാലഗംഗാധര തിലക്, ഗോഖലെ, ദാദാബായി നവറോജി, ഫിറോസ് ഷാ മേത്ത തുടങ്ങിയവര്‍ക്ക് സമശീര്‍ഷനായിരുന്നു പിള്ള. 1894ല്‍ അദ്ദേഹ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്സിന്റെ സിക്രട്ടറിയായി. 
ബാരിസ്റ്റര്‍ പരീക്ഷയ്ക്ക് പഠിക്കാന്‍ ഇംഗഌണ്ടില്‍ പോയ പിള്ള അവിടെ മൂന്നു കൊല്ലം താമസിച്ചതും പത്രങ്ങളില്‍ എഴുതിയതിനുള്ള പ്രതിഫലം കൊണ്ടാണ്.   
1902 ലാണ് തിരുവിതാംകൂറില്‍ തിരിച്ചെത്തിയത്. ഒരു കാലത്തു പുറത്താക്കിയ തിരുവിതാംകൂര്‍ ഗവണ്മെന്‍ഡ് അദ്ദേഹത്തിനു ജഡ്ജി ഉദ്യോഗം വാഗ്ദാനം ചെയ്‌തെങ്കിലും സ്വീകരിച്ചില്ല. 1903 ല്‍ നാല്‍പതാം വയസ്സില്‍ അന്തരിച്ചപ്പോള്‍ അതിശോഭനമായ ഭാവി ഉണ്ടായിരുന്ന ഒരാളെയാണ് കേരളത്തിന് നഷ്ടപ്പെട്ടത്.