You are here:

Rajan.P.

പി.രാജന്‍

27 വര്‍ഷം മാതൃഭൂമിയില്‍ പത്രപ്രവര്‍ത്തകനായിരുന്നു. രാഷ് ട്രീയലേഖകനായും നിയമകാര്യലേഖകനായും കോളമിസ്റ്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 
1936 ല്‍ വടക്കാഞ്ചേരിയിലെ പുഴങ്കര വീട്ടില്‍ വട്ടപ്പറമ്പില്‍ നാരായണമേനോന്റെയും പി.തങ്കമ്മയുടെയും മകനായി ജനിച്ചു. മഹാരാജാസ് കോളേജിലും ലോ കോളേജിലും വിദ്യാഭ്യാസം. ചെറുപ്പത്തിലേ രാഷ്ട്രീയപ്രവര്‍ത്തനവും ഫ്രീലാന്‍സ് പത്രപ്രവര്‍ത്തനവും നടത്തിപ്പോന്നു. 1961 ല്‍ മാതൃഭൂമിയില്‍ ചേര്‍ന്നു. അച്ഛന്‍ നാരായണമേനോന്‍ ദീനബന്ധുവില്‍ പത്രപ്രവര്‍ത്തകനായിരുന്നു. 
മലയാള പത്രപ്രവര്‍ത്തനത്തിലെ നിരവധി പുതിയ പ്രവണതകള്‍ക്ക് തുടക്കം കുറിച്ചത് രാജനായിരുന്നു. എസ്.എസ്.എല്‍.സി റാങ്ക് നേതാക്കളുമായുള്ള അഭിമുഖം ആദ്യമായി റിപ്പോര്‍ട്ട് ആക്കിയതാണ്  അതിലൊന്ന്. നിരവധി സ്‌കൂപ്പുകള്‍ അദ്ദേഹത്തിന്റേതായുണ്ട്. പരിസ്ഥിതി,  സ്ത്രീസമത്വം, അസംഘടിത തൊഴിലാളികളുടെ അവകാശങ്ങള്‍ തുടങ്ങിയ മേഖലകളെ സ്പര്‍ശിക്കുന്ന ഒട്ടനവധി ശ്രദ്ധേയ റിപ്പോര്‍ട്ടുകള്‍ രാജന്‍ എഴുതിയിട്ടുണ്ട്.

 ചെറുപ്പം മുതലേ കോണ്‍ഗ്രസ് അനുഭാവിയായിരുന്ന രാജന്‍ എഴുപതുകളില്‍ എം.എ.ജോണിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്സില്‍ പരിവര്‍ത്തനവാദി പ്രസ്ഥാനം രൂപമെടുത്തപ്പോള്‍ അതിന്റെ പ്രധാന ബുദ്ധികേന്ദ്രമായി. സംഘടന മുഖപ്രസിദ്ധീകരണമായ ' നിര്‍ണയ' ത്തില്‍ അദ്ദേഹമെഴുതിയ  ലേഖനങ്ങള്‍ മൗലിക ചിന്തയും ഉള്‍ക്കാഴ്ചയും പ്രസരിപ്പിക്കുന്നവയായിരുന്നു. 1975 അടിയന്തരാവസ്ഥയില്‍ അറസ്റ്റ് ചെയ്യപ്പെട്ട കേരളത്തിലെ ആദ്യപത്രപ്രവര്‍ത്തകനാണ് രാജന്‍. രണ്ടുമാസം മട്ടാഞ്ചേരി ജയിലില്‍ കഴിഞ്ഞു. അടിയന്തരാവസ്ഥാ പ്രഖ്യാപനത്തെ ചോദ്യം ചെയ്ത് എഴുതിയ  'ഇന്ദിരയുടെ അടിയന്തരം' എന്ന ലേഖനമാണ് അറസ്റ്റിന് കാരണം. 

കേരള പത്രപ്രവര്‍ത്തകയൂണിയന്റെ പ്രധാന പ്രവര്‍ത്തകരില്‍ ഒരാളായിരുന്നു കുറെക്കാലം. ഇടയ്ക്ക് യൂണിയന്‍ ജനറല്‍ സിക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ത്യയിലെ ആദ്യത്തെ പ്രസ്‌ക്ലബ്ബ് മന്ദിരം കൊച്ചിയില്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഉദ്ഘാടനം ചെയ്യുമ്പോള്‍ രാജന്‍ ആയിരുന്നു യുണിയന്‍ സിക്രട്ടറി. 1988 ല്‍ രാജന്‍ മാതൃഭൂമിയില്‍ നിന്ന് പിരിച്ചുവിടപ്പെട്ടു. മാതൃഭൂമി മാനേജിങ്ങ് ഡയറക്റ്റര്‍ എം.പി.വീരേന്ദ്രകുമാറിന്റെ നിലപാടുകള്‍ക്കെതിരെ നടത്തിയ പ്രവര്‍ത്തനങ്ങളാണ് പിരിച്ചുവിടലിന് കാരണമായത്. തുടര്‍ന്ന് ദീര്‍ഘകാലമായി കേരള പ്രസ് അക്കാദമി ഉള്‍പ്പെടെയുള്ള ഒട്ടനവധി ജേണലിസം ഇന്‍സ്റ്റിറ്റിയൂട്ടില്‍ പത്രപ്രവര്‍ത്തനം പഠിപ്പിക്കുന്നു. 

Previous:
Next: