You are here:

Ramachandran C R

പ്രമുഖ പത്രപ്രവര്‍ത്തകനും പത്രപ്രവര്‍ത്തക സംഘടനയുടെ നേതാവുമാണ് സി.ആര്‍.രാമചന്ദ്രന്‍. തിരുവനന്തപുരം ജില്ലയിലെ ഇടവയില്‍ ആര്‍.രാമന്‍പിള്ളയുടേയും സി.പങ്കജാക്ഷി അമ്മയുടേയും മകനായി 1947 മാര്‍ച്ച് 12-നാണ് ജനനം.  സ്‌കൂള്‍ വിദ്യാഭ്യാസത്തിന്‌ശേഷം ചങ്ങനാശ്ശേരി എന്‍.എസ്സ്.എസ്സ്. ഹിന്ദു കോളേജില്‍ നിന്നും പ്രീയൂണിവേഴ്‌സിറ്റി പാസ്സായി.  കൊല്ലം എസ്.എന്‍.കോളേജില്‍ നിന്ന് ഇംഗ്ലീഷില്‍ ബിരുദം നേടി.
1969 സെപ്തംബറില്‍ സി.പി.ഐയുടെ മുഖപത്രമായ ജനയുഗത്തില്‍ സബ് എഡിറ്റര്‍ ട്രെയിനിയായി ചേര്‍ന്നു.  ഇതോടെ പ്രവര്‍ത്തനരംഗം പൂര്‍ണ്ണമായും കൊല്ലമായി.   സി.പി.ഐ സംസ്ഥാന സെക്രട്ടറി എസ്.കുമാരനായിരുന്നു  അന്ന് ജനയുഗത്തിന്റെ മാനേജിങ്ങ് ഡയറക്ടര്‍.  അദ്ദേഹവുമായുള്ള അടുപ്പം സി.ആറിന്റെ  ഇടതുപക്ഷാഭിമുഖ്യത്തിന് വളക്കൂറായി.  1970 മുതല്‍ പൂര്‍ണ്ണസമയ പത്രപ്രവര്‍ത്തകനായി.   1993-ല്‍ ജനയുഗം പത്രം നിന്നുപോകുന്നതുവരെ സി.ആര്‍.ജനയുഗത്തില്‍  പ്രവര്‍ത്തിച്ചു.  അപ്പോള്‍ സീനിയര്‍ ന്യൂസ് എഡിറ്ററായിരുന്നു അദ്ദേഹം.
ഇതിനിടെ ജനയുഗം പ്രസിദ്ധീകരണമായ ബാലയുഗത്തിന്റേയും ഓണം വിശേഷാല്‍ പ്രതികളുടേയും എഡിറ്ററായിരുന്നിട്ടുണ്ട്.
ജനയുഗത്തിന്റെ  പ്രസിദ്ധീകരണം നിലച്ചതോടെ എക്‌സ്പ്രസ് പത്രത്തിന്റെ കൊല്ലം കറസ്‌പോണ്ടന്റായും തിരുവനന്തപുരത്ത് നിന്നിറങ്ങിയിരുന്ന സൗത്ത് ഇന്ത്യന്‍ ന്യൂസിന്റെ ജനറല്‍ എഡിറ്ററായും ജോലിചെയ്തിട്ടുണ്ട്.
ജനയുഗത്തില്‍ പ്രവര്‍ത്തിക്കുന്ന കാലത്ത്തന്നെ കേരള പത്രപ്രവര്‍ത്തക യൂണിയന്റെ (കെ.യു.ഡബ്ല്യൂ.ജെ) കൊല്ലം ജില്ലാ സെക്രട്ടറിയും പ്രസ് ക്ലബ് സെക്രട്ടറിയുമായിരുന്നു.  മൂന്നുതവണ അദ്ദേഹം ഈ സ്ഥാനം വഹിച്ചിട്ടുണ്ട്.  കൊല്ലത്ത് ചേര്‍ന്ന കെ.യു.ഡബ്ല്യു.ജെ സംസ്ഥാന സമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തു.  9 വര്‍ഷം ഈ സ്ഥാനത്ത് തുടര്‍ന്ന രാമചന്ദ്രന്‍ സംഘടനാ നേതൃസ്ഥാനത്ത് മലപ്പുറം മൂസയോടൊപ്പം വലിയ പങ്കുവഹിച്ചിട്ടുണ്ട്.      പത്രപ്രവര്‍ത്തകരുടെ അഖിലേന്ത്യാ സംഘടനയായ ഐ.എഫ്.ഡബ്ല്യു.ജെ നാഷണല്‍ കൗസില്‍ അംഗമായ അദ്ദേഹം മൂന്നുവര്‍ഷം സംഘടനയുടെ ട്രഷററായി.  നാഷണല്‍ കൗസിലില്‍ സ്ഥിരം ക്ഷണിതാവായിരുന്നു.
ഇന്ത്യന്‍ പത്രപ്രവര്‍ത്തകരുടെ പ്രതിനിധിയായി ജര്‍മനി, ഫ്രാന്‍സ്, നേപ്പാള്‍, ശ്രീലങ്ക എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു.  ചെന്നൈയില്‍ പ്രവര്‍ത്തിക്കുന്ന ഇന്തോ-ശ്രീലങ്ക ജേര്‍ണലിസ്റ്റ് ഫ്രണ്ട്ഷിപ്പ് അസോസിയേഷന്റെ വൈസ് പ്രസിഡന്റായിരുന്നു.
കമ്മ്യൂണിസ്റ്റ് നേതാവ് അജയഘോഷിന്റെ പുസ്തകം 'ഭഗത്‌സിങ്ങും സമരസഖാക്കളും' വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്.  കെ.ആര്‍.ഇലങ്കത്ത് അവാര്‍ഡ്, ജി.നീലാംബരന്‍ സ്മാരക അവാര്‍ഡ് എന്നിവ സി.ആറിന് ലഭിച്ചിട്ടുമുണ്ട്.  
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡില്‍ നിയമനം ലഭിച്ചെങ്കിലും അത് ഉപേക്ഷിച്ചാണ് രാമചന്ദ്രന്‍ പത്രപ്രവര്‍ത്തന രംഗത്ത് ഉറച്ച് നിന്നത്.  കേരള പ്രസ് അക്കാദമിയുടെ വൈസ് ചെയര്‍മാനായി മൂന്നുവര്‍ഷം പ്രവര്‍ത്തിച്ചിട്ടുണ്ട്.  ഇപ്പോള്‍ മുതിര്‍ന്ന പത്രപ്രവര്‍ത്തകരുടെ സംഘടനയായ സീനിയര്‍ ജേര്‍ണലിസ്റ്റ് ഫോറം കേരളയുടെ സംസ്ഥാന പ്രസിഡന്റാണ്.  
ഭാര്യ ബി.തങ്കമ്മ പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍'ുമെന്റില്‍ റീജണല്‍ ഡെപ്യൂട്ട'ി ഡയറക്ടറായി വിരമിച്ചു.  മക്കള്‍ സി.ആര്‍.രാധിക (ഇംഗ്ലീഷ് അധ്യാപിക)
സി.ആര്‍.ജയചന്ദ്രന്‍ (രവിപിള്ള ഹോട്ടല്‍ ഗ്രൂപ്പിന്റെ സീനിയര്‍ വൈസ് പ്രസിഡന്റ്)
കൊല്ലം കടപ്പാക്കട ജേര്‍ണലിസ്റ്റ് കോളനി  പ്രയാഗില്‍ താമസിക്കുന്നു.