You are here:

Ramakrishna Pillai, Swadeshabhimani

രാമകൃഷ്ണപ്പിള്ള, സ്വദേശാഭിമാനി

സമത്വസുന്ദരവും നീതിയില്‍ അധിഷ്ഠിതവുമായ ഒരു നല്ല നാളേയ്ക്ക് വേണ്ടി, സ്വന്തം താത്പര്യങ്ങളെ അവഗണിച്ച് ത്യാഗപൂര്‍വം പൊരുതിയ ഒരു കര്‍മധീരനും ദേശസ്‌നേഹിയുമായിരുന്നു രാമകൃഷ്ണപ്പിള്ള.
നെയ്യാറ്റിന്‍കര കോട്ടക്കകത്ത് മുല്ലപ്പിള്ളി വീട്ടില്‍ 1875 മെയ് 25നാണ് രാമകൃഷ്ണപ്പിള്ള ജനിച്ചത്. നെയ്യാറ്റിന്‍കര പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ ശാന്തിക്കാരന്‍ നരസിംഹന്‍ പോറ്റിയാണ് പിതാവ്. നെയ്യാറ്റിന്‍കര മുന്‍സിഫ് കോടതിയിലെ വക്കീല്‍ എം.കേശവന്‍പിള്ളയുടെ മകള്‍ ചക്കിയമ്മയാണ് മാതാവ്.  ആദ്യം നെയ്യാറ്റിന്‍കര ഇംഗഌഷ് പാഠശാലയിലും പിന്നെ തിരുവനന്തപുരം രാജകീയ പാഠശാലയിലുമായിരുന്ന പഠനം. പഠിക്കുമ്പോള്‍തന്നെ എഴുത്തിലേക്ക് തിരിഞ്ഞിരുന്നു. ചെറുലേഖനങ്ങള്‍, കൊച്ചുശ്ലോകങ്ങള്‍, വര്‍ത്തമാനക്കത്തുകള്‍ എന്നിവ.  ഉദ്യോഗസ്ഥ അഴിമതികള്‍ക്കെതിരെയായിരുന്നു വര്‍ത്തമാനക്കത്തുകള്‍. 
എഫ്.എ.പരീക്ഷ പാസ്സായ രാമകൃഷ്ണപ്പിള്ള ഉപരിപഠനത്തിന് തിരുവനന്തപുരത്തുതന്നെ ബി.എ.ക്ലാസ്സിന് ചേര്‍ന്നു. പഠിത്തത്തേക്കാള്‍ സാഹിത്യസംബന്ധമായ കാര്യങ്ങളിലായിരുന്നു ശ്രദ്ധ. പഠിക്കുമ്പോള്‍തന്നെ കേരളദര്‍പ്പണം പത്രികയുടെ പത്രാധിപസ്ഥാനം  ഏറ്റെടുക്കാന്‍ സന്നദ്ധനായി. പക്ഷേ, പഠനച്ചെലവുകള്‍ വഹിച്ചിരുന്ന അമ്മാമന്‍ അത് സമ്മതിച്ചില്ല. രാമകൃഷ്ണപ്പിള്ള വഴങ്ങിയുമില്ല, അങ്ങനെ അമ്മാമനും മരുമകനും വേര്‍പിരിഞ്ഞു. മരുമകനെ വീട്ടില്‍നിന്ന് നിര്‍ദ്ദാക്ഷിണ്യം പുറത്താക്കുകയും ചെയ്തു. സഹോദരിയുടെ വീട്ടിലായി പിന്നെ  അഭയം. 
ഒന്നാം ക്ലാസ്സില്‍ ഒന്നാം റാങ്കും സ്വര്‍ണമെഡലുമായാണ് അദ്ദേഹം ബി.എ.മലയാളം ബിരുദമെടുത്തത്. തുടര്‍ന്ന് രാഷ്ട്രീയ-സാമൂഹിക പ്രശ്‌നങ്ങളെ കുറിച്ച് തുടര്‍ച്ചയായി ലേഖനങ്ങളും റിപ്പോര്‍ട്ടുകളും എഴുതി. അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും എതിര്‍ത്തു. തന്നെക്കാള്‍ താഴ്ന്ന  ജാതിയിലുള്ള നായര്‍സ്ത്രീയെ വിവാഹം കഴിച്ചതുതന്നെ അദ്ദേഹത്തിലെ സാമൂഹ്യപരിഷ്‌കര്‍ത്താവിനെ വെളിവാക്കി. പക്ഷേ, നിര്‍ഭാഗ്യവശാല്‍ ഭാര്യ അധികം താമസിയാതെ മരിച്ചു. ബന്ധുക്കളുടെ പ്രേരണയ്ക്ക് വഴ
ങ്ങി വീണ്ടും വിവാഹംകഴിച്ചു. വഞ്ചിയൂര്‍ കുഴിവിളാകത്ത് വീട്ടില്‍ കല്യാണിയമ്മയായിരുന്നു വധു. ഇതിനിടെ  അദ്ദേഹം ആദ്യം കേരളപത്രികയുടെയും പിന്നെ മലയാളിയുടെയും പത്രാധിപരായി. ക്രിസ്റ്റോഫര്‍ കൊളമ്പസ്, വാമനന്‍ എന്നീ പുസ്തകങ്ങള്‍ ഇക്കാലത്ത് രചിച്ചു. നസ്രാണി ദീപികയില്‍ സ്ഥിരമായി ലേഖനങ്ങള്‍ എഴുതിപ്പോന്നു. തുടര്‍ന്നാണ് കേരളന്‍ എന്നപേരില്‍ സ്വന്തമായി ഒരു മാസിക പ്രസിദ്ധപ്പെടുത്തിയത്. കേരളന്‍ കാരണം അനേകം മിത്രങ്ങളെയും അത്രതന്നെ ശത്രുക്കളെയും സമ്പാദിക്കാനായി. ഫിലോസഫിയില്‍ ബി.എ. എഴുതാന്‍ മദിരാശിക്ക് പോയതിനാല്‍ വൈകാതെ കേരളന്‍ മുടങ്ങുകയും ചെയ്തു.

ആയിടക്കാണ് വക്കം മൗലവി, അദ്ദേഹം നടത്തിക്കൊണ്ടിരുന്ന സ്വദേശാഭിമാനി  പത്രത്തിന് പത്രാധിപരെ കണ്ടെത്താന്‍ ശ്രമംതുടങ്ങിയത്. മൗലവി രാമകൃഷ്ണപ്പിള്ളയെ ഈ ഉദ്ദേശത്തോടെ സമീപിച്ചു. അദ്ദേഹം അതേറ്റെടുക്കുകയും ചെയ്തു. വക്കം മൗലവിയുടെ ദേശാഭിമാന ബോധവും അഗാധമായ  പാണ്ഡിത്യവും സ്‌നേഹവും രാമകൃഷ്ണപ്പിള്ളയെ ആകര്‍ഷിച്ചു. അവര്‍ ഉറ്റ കൂട്ടുകാരായി മാറി. ഇരുവരും സ്വദേശാഭിമാനി പത്രത്തെ വളര്‍ത്താന്‍ രാവും പകലുമില്ലാതെ അധ്വാനിച്ചു. ആഴ്ചയില്‍ ഒന്നായി തുടങ്ങിയത്, പിന്നെ രണ്ടായും മൂന്നായും മാറി. ഈ കാലത്ത് പാറപ്പുറം എന്ന പേരില്‍ എഴുതിയ ഗദ്യകാവ്യം ഏറെ ശത്രുക്കളെ സൃഷ്ടിച്ചു. പക്ഷേ, ഭീഷണികളെ അദ്ദേഹം വകവെച്ചില്ല. പിന്തിരിയാനുള്ള ഭാര്യയുടെ പ്രേരണയ്ക്കും അദ്ദേഹം വഴങ്ങിയില്ല. 

വൈകാതെ അദ്ദേഹം തിരുവനന്തപുരത്ത് നിയമപഠനത്തിന് ചേര്‍ന്നു. സ്വദേശാഭിമാനിപത്രം അതോടെ തിരുവനന്തപുരത്തേക്ക് മാ്റ്റി. ശാരദ എന്ന പേരില്‍ ഒരു വനിതാമാസികയും തുടങ്ങി. 'പാറപ്പുറ'ത്തിന്റെ രണ്ടാംഭാഗം ഇറക്കിയതോടെ ശത്രുക്കളുടെ എണ്ണം പെരുകി. രാജാവിനെ അന്നദാതാവായ പൊന്നുതമ്പുരാനായി ആദരിക്കുന്ന അക്കാലത്ത്  രാജാവിന്റെയും  ശിങ്കിടികളുടെയും ദുഷ്‌ചെയ്തികള്‍ക്കെതിരെ രാമകൃഷ്ണപ്പിള്ള സ്വദേശാഭിമാനിയില്‍ രൂക്ഷമായ ഭാഷയിലെഴുതി. ദിവാന്‍ പേഷ്‌കാര്‍ വരെയുള്ള ഉന്നതര്‍ ആക്രമിക്കപ്പെട്ടു.  വിമര്‍ശനങ്ങള്‍ രാമകൃഷ്ണപ്പിള്ളയെ ഭരണകൂടത്തിന്റെ ശത്രുവാക്കി. പോലീസ് ഒരു ദിവസം മുന്നറിയിപ്പൊന്നുമില്ലാതെ പ്രസ് പരിശോധിക്കാനെത്തി. അതിനുമുമ്പുതന്നെ അദ്ദേഹം വീടുപൂട്ടിസീല്‍ചെയ്തിരുന്നു. പ്രസ്സിലെ മുഴുവന്‍ സാധനങ്ങളും പോലീസ് എടുത്തുകൊണ്ടുപോയി. രാമകൃഷ്ണപ്പിള്ളയെ അറസ്റ്റുചെയ്തു. തുടര്‍ന്ന് അദ്ദേഹത്തെ നാടുകടത്താന്‍ തീരുമാനമായി. 

നാടുകടത്തപ്പെട്ട രാമകൃഷ്ണപ്പിള്ള മദിരാശിയിലെത്തി വീട് വാടകക്കെടുത്ത് കുടുംബത്തോടെ താമസമാക്കി. കൊച്ചിയിലും മലബാറിലുമുള്ള പല പത്രങ്ങളും പത്രാധിപരാകാന്‍ ക്ഷണിച്ചെങ്കിലും അദ്ദേഹം സ്വീകരിച്ചില്ല. മദ്രാസില്‍ എഫ്.എല്‍ പരീക്ഷയ്ക്ക് ചേര്‍ന്നു. കുറെക്കാലം പാലക്കാട്ട് പോയി താമസിച്ചു. അപ്പോഴാണ് നാടുകടത്തല്‍, വൃത്താന്തപത്രപ്രവര്‍ത്തനം എന്നീ രണ്ടുപുസ്തകങ്ങള്‍ രചിച്ചത്.  വൈകാതെ കാറല്‍മാര്‍ക്‌സ്, ബഞ്ചമിന്‍ ഫ്രാങ്ക്‌ലില്‍, വേദാന്തസാരം എന്നീ  ഗ്രന്ഥങ്ങള്‍ പ്രസിദ്ധപ്പെടുത്തി. മലയാളത്തില്‍ കാറല്‍മാര്‍ക്‌സിനെ കുറിച്ച് ആദ്യമായി ഗ്രന്ഥം എഴുതുന്നത് രാമകൃഷ്ണപ്പിള്ളയാണ്. മഹാത്മാഗാന്ധിയെക്കുറിച്ചും ആദ്യമായി അദ്ദേഹമാണ് മലയാളത്തില്‍ പുസ്തകമെഴുതിയത്. 
കഠിനാദ്ധ്വാനവും മാനസികപ്രയാസങ്ങളും അദ്ദേഹത്തെ രോഗിയാക്കി. രാജാവിനോട് മാപ്പ് പറഞ്ഞ് നാട്ടിലേക്ക് മടങ്ങാന്‍ പലരും ഉപദേശിച്ചെങ്കിലും അദ്ദേഹം വഴങ്ങിയില്ല. 1916 മാര്‍ച്ച് 28 ന് അദ്ദേഹം കണ്ണൂരില്‍ മരിച്ചു. 
(വസ്തുതകള്‍ക്ക് ഡോ.എന്‍.എ.കരീം എഴുതിയ ലേഖനത്തോട് കടപ്പാട്)

Previous:
Next: