മാധ്യമവിമര്ശം കായികമേഖലയുടെ ഗുണത്തിനുവേണ്ടിയാവണം- പി.കെ. മുരളീധരന് രാജ
കോഴിക്കോട്: മാധ്യമങ്ങള്‍ നടത്തുന്ന വിമര്‍ശം കായികരംഗത്തിന്റെയും താരങ്ങളുടെയും ഗുണത്തിനു വേണ്ടിയാവണമെന്ന് ലണ്ടന്‍ ഒളിമ്പിക്സില്‍ ഇന്ത്യന്‍ സംഘത്തിന് നേതൃത്വം നല്കിയ ഇന്ത്യന്‍ അമച്വര്‍ ബോക്സിങ്ങ് ഫെഡറേഷന് സീനിയര്‍ വൈസ് പ്രസിഡന്റ് പി.കെ. മുരളീധരന് രാജ പറഞ്ഞു. സ്പോര്‍ട്സ് പത്രപ്രവര്‍ത്തകര്‍ക്കായി കേരള പ്രസ്സ് അക്കാദമി നടത്തുന്ന പഠനക്യാമ്പ് കാപ്പാട് റെനോയി ബീച്ച് റിസോര്‍ട്ടില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
2010-ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ രാജ്യത്തിന്റെ മുന്നേറ്റം അവഗണിച്ച മാധ്യമങ്ങള്‍ സംഘാടനത്തിലുണ്ടായ ചെറിയ പിഴവുകള്‍ പര്‍വതീകരിക്കുകയാണ് ചെയ്തത്. വാര്‍ത്തകള്‍ കണ്ട് ഭയചകിതരായി വിദേശരാജ്യങ്ങളില്‍ നിന്ന് പലരും ആശങ്കയോടെ വിളിച്ചിരുന്നു. എന്നാല്‍ സംഘാടനത്തെ പുകഴ്ത്തിയാണ് വന്നവരെല്ലാം തിരിച്ചുപോയത്. ലണ്ടന്‍ ഒളിമ്പിക്സിന്റെ സംഘാടനത്തില്‍ വീഴ്ചകളുണ്ടായെങ്കിലും നല്ല കാര്യങ്ങള്‍ മാത്രമാണ് ബ്രിട്ടീഷ് മാധ്യമങ്ങളും മറ്റും എഴുതിയത് -അദ്ദേഹം പറഞ്ഞു.
ക്രിക്കറ്റിനും ടെന്നീസിനും കിട്ടുന്ന പരിഗണന മറ്റുള്ള കായിക ഇനങ്ങള്‍ക്ക് കിട്ടുന്നില്ല. ഒളിമ്പിക്സില്‍ നടത്തമത്സരത്തില്‍ പത്താം സ്ഥാനത്തെത്തിയ ഇര്‍ഫാന്റെ പ്രകടനം അവിശ്വസനീയമായിരുന്നു. പക്ഷേ, രാജ്യത്ത് ഭൂരിപക്ഷം പേരും ഇതറിഞ്ഞില്ലെന്നും മുരളീധരന് രാജ പറഞ്ഞു.
അത്ലറ്റുകളുടെ കൂടെ ഓടാനും അവരെ മെഡലിലേക്ക് എത്തിക്കാനും പത്രലേഖകര്‍ക്ക് കഴിയണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ പി.ടി. ഉഷ പറഞ്ഞു. പ്രചോദനമേകുന്ന ഒരു വാചകം കൊണ്ടുമാത്രം പ്രതീക്ഷിച്ചതിലേറെ നേട്ടമുണ്ടാക്കാന്‍ അത്ലറ്റുകള്‍ക്കാവും. മറിച്ചാണ് ഇന്ന് സംഭവിക്കുന്നത്. കായികതാരങ്ങളുടെ വാക്കിലോ പ്രകടനത്തിലോ ഉണ്ടാവുന്ന ചെറിയ പിഴവുകള്‍ അമിതമായ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. താരത്തിന്റെ മുഴുവന്‍ കരിയറും അവസാനിപ്പിക്കാന്‍ അതുമതി. തന്റെ വളര്‍ച്ചയില്‍ സ്പോര്‍ട്സ് പത്രപ്രവര്‍ത്തകര്‍ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നും ഉഷ പറഞ്ഞു.
പ്രസ്സ് അക്കാദമി ചെയര്മാന് എന്‍.പി. രാജേന്ദ്രന് അധ്യക്ഷത വഹിച്ചു. കാലിക്കറ്റ് പ്രസ്സ്ക്ലബ് പ്രസിഡന്റ് എം. സുധീന്ദ്രകുമാര്‍, കേരള ഒളിമ്പിക്സ് അസോസിയേഷന് സെക്രട്ടറി ജനറല്‍ പി.എ.ഹംസ എന്നിവര്‍ സംസാരിച്ചു. പ്രസ്സ് അക്കാദമി എക്സിക്യൂട്ടീവ് കൗണ്‍സില്‍ അംഗം എന്‍. രാജേഷ് സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി എന്‍.പി. സന്തോഷ് നന്ദിയും പറഞ്ഞു.
മാതൃഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ എം.പി. സുരേന്ദ്രന്, ആകാശവാണി പ്രോഗ്രാം മേധാവി കെ.എം. നരേന്ദ്രന്, മലയാള മനോരമ റിട്ട. റെസിഡന്റ് എഡിറ്റര്‍കെ. അബൂബക്കര്‍ എന്നിവര്‍ ക്ലാസെടുത്തു. മാതൃഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ വി. രാജഗോപാല്‍, അസിസ്റ്റന്റ് എഡിറ്റര്‍ ഒ.ആര്. രാമചന്ദ്രന്, മലയാള മനോരമ ചീഫ് റിപ്പോര്‍ട്ടര്‍ സി.കെ. ശിവാനന്ദന്, ചന്ദ്രിക ന്യൂസ് എഡിറ്റര്‍ കമാല്‍ വരദൂര്‍, കെ. വിശ്വനാഥ് എന്നിവര്‍ അനുഭവങ്ങള്‍ പങ്കുവെച്ചു.
ശനിയാഴ്ച മനോരമ സ്പോര്‍ട്സ് എഡിറ്റര്‍ കെ.എന്‍.ആര് നമ്പൂതിരി, ഇന്ത്യാവിഷന് സ്പോര്‍ട്സ് എഡിറ്റര്‍ ഡി.സുദര്ശന്, ദ ഹിന്ദു സീനിയര്‍ അസി.എഡിറ്റര്‍ കെ.പ്രദീപ്, സെബാസ്റ്റ്യന്‍ ജോര്‍ജ് എന്നിവര്‍ ക്ലാസ്സുകളെടുത്തു. സ്പോര്‍ട്സ് താരങ്ങളുമായുള്ള മുഖാമുഖത്തില്‍ ബോബി അലോഷ്യസ്, വിക്റ്റര്‍ മഞ്ഞില എന്നിവര്‍ പങ്കെടുത്തു. ജിമ്മി ജോര്‍ജിന്റെ മത്സരങ്ങളുടെ വീഡിയോ പ്രദര്‍ശനവുമുണ്ടായി.
സമാപന യോഗത്തില്‍ ക്യാമ്പംഗങ്ങള്‍ക്ക് ബോബി അലോഷ്യസും വിക്റ്റര്‍ മഞ്ഞിലയിലും സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.