Ramachandran C.P.
ജനനം ഒറ്റപ്പാലത്തെ ചിറ്റേനിപ്പാട്ട് കൃഷ്ണന് നായരുടെയും സി.പി.ജാനകി അമ്മയുടെയും മകനായി 1923 ല്‍. അച്ഛന് ബര്‍മയിലായിരുന്നു. വിദ്യാഭ്യാസം ഒറ്റപ്പാലത്തും പാലക്കാട് വിക്റ്റോറിയ കോളേജിലുമായിരുന്നു. ഇന്റര്‍മീഡിയറ്റിന് ശേഷം റോയല്‍ നേവിയില്‍ ചേര്‍ന്നു. 1942-43 കാലത്ത് ബോംബെയിലായിരുന്നു. '46 ല്‍ നാവിക കലാപം ഉണ്ടായപ്പോള്‍ ഇന്റലിജന്‍സിന്റെ നോട്ടപ്പുള്ളിയായി. നേവി വിട്ട് രണ്ടുവര്‍ഷം അഹ്മദ് നഗറില്‍ ആര്‍മിയില്‍ പ്രവര്‍ത്തിച്ചു. 1948 ല്‍ സൈനികജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങി.
നാട്ടില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ സജീവമായി. കമ്യൂണിസ്റ്റ് പാര്‍ട്ടിയെ നിരോധിച്ചപ്പോള്‍ അറസ്റ്റിലായി 15ദിവസം ഒറ്റപ്പാലം ജയിലില്‍. ജയിലില്‍നിന്ന് വിട്ട ശേഷവും പോലീസ് ശല്യമുണ്ടായതുകൊണ്ട് ബോംബെയിലേക്ക് മടങ്ങി. 1952 ല്‍ തിരിച്ചുവന്ന് എ.കെ.ജി.ക്ക് വേണ്ടി തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്തി. 1953 ല്‍ ഇ.എം.എസ്സിന്റെ നിര്‍ദ്ദേശപ്രകാരം പാര്‍ട്ടിപത്രമായ ക്രോസ്റോഡ്സിന്റെ ലേഖകനാകാന്‍ ഡല്‍ഹിക്കുപോയി. ഈ പത്രമാണ് പിന്നീട് ന്യൂഏജ് ആയത്. പിന്നീട് പാര്‍ട്ടിയുമായി ഭിന്നത ഉണ്ടായി. ഇടത്തട്ട നാരായണനും അസഫലിക്കുമൊപ്പം പാര്‍ട്ടി വിട്ടു.
വൈകാതെ ശങ്കേഴ്സ് വീക്ക്ലിയില് അസിസ്റ്റന്റ് എഡിറ്ററായി ചേര്‍ന്നു. വീക്ക്ലിയില് അദ്ദേഹം എഴുതിയ മാന്‍ ഓഫ് ദ വീക്ക് കോളവും ഫ്രീതിങ്കിങ് എന്ന എഡിറ്റോറിയലും ശ്രദ്ധിക്കപ്പെട്ടു. വീക്ക്ലിയില് പഠിക്കാന്‍ വന്ന ജലബാല വൈദ്യയുമായുള്ള വിവാഹബന്ധം ആറുവര്‍ഷമേ നീണ്ടുനിന്നുള്ളൂ. രണ്ട് മക്കളുണ്ട്. അജയും അനസൂയയും. 1964 ലാണ് വിവാഹമോചിതനായത്. 1960 ല്‍ സി.പി. ഹിന്ദുസ്ഥാന്‍ ടൈംസിന്റെ പാര്‍ലമെന്റ് ലേഖകനായി. അദ്ദേഹത്തിന്റെ പാലമെന്റ് ലാസ്റ്റ് വീക്ക് എന്ന കോളം ഏറെ പ്രശസ്തമാണ്. 1974 ല്‍ ബി.ജി.വര്‍ഗീസിനെ പത്രത്തില്‍ നിന്ന് പിരിച്ചുവിട്ടപ്പോള്‍ പത്രം ഉടമക്കെതിരെ കേസ് കൊടുത്തത് സി.പി.ആണ്.
1986 ല്‍ ഡപ്യൂട്ടി എഡിറ്ററായി വിരമിച്ചു. പാലക്കാട്ടെ പറളിയില്‍ സഹോദരിയുടെ വീട്ടിലായിരുന്നു ശിഷ്ടകാലം കഴിച്ചുകൂട്ടിയത്. 1997 ഏപ്രില്‍ 15ന് അന്തരിച്ചു.