You are here:

Moosad A.V.K.

എ.വി.കെ മൂസ്സത്

    പത്രപ്രവര്‍ത്തനവും രാഷ്ട്രീയവും അഭിനയവുമൊക്കെ ചേര്‍ത്തുവച്ച ജീവിതമായിരുന്നു അച്യുതത്ത് വാസുദേവന്‍ കൃഷണന്‍ മൂസ്സത് എന്ന എ.വി.കെ മൂസതിന്റേത്. 1975ല്‍ കേരള ടൈംസില്‍ ചേര്‍ന്ന മൂസത്  1990ല്‍ ന്യൂസ് ബ്യൂറോ ചീഫായാണ് വിരമിക്കുന്നത്.
       ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന രാഷ്ട്രീയ വിമര്‍ശന ഹാസ്യ പരിപാടിയായ മുന്‍ഷിയിലെ മുന്‍ഷി എന്ന കഥാപാത്രത്തിന്റെ ആവിഷ്‌ക്കാരം നിര്‍വഹിച്ചിരുന്നത് മൂസ്സതായിരുന്നു.    ഒരു ചിരിയും പിന്നെയൊരു പഴഞ്ചൊല്ലുമായി ഈ കഥാപാത്രം ഏറെ പ്രശംസ പിടിച്ചുപറ്റി.  ആദ്യം മുന്‍ഷിയുടെ വേഷം കെട്ടിയിരുന്ന ആള്‍ക്ക് പകരക്കാരനായാണ് രണ്ടര വര്‍ഷം മുന്‍പ്  മൂസ്സത് ഇത് ഏറ്റെടുത്തത്.  പഞ്ചവാദ്യം കലാകാരനായിരുന്നു മൂസ്സത്.  തൃശ്ശൂര്‍ ജില്ലയിലെ കടവല്ലൂര്‍ ഗ്രാമത്തില്‍ അച്യുതത്തില്‍ വാസുദേവന്‍ മൂസ്സതിന്റെയും സാവിത്രി അന്തര്‍ജനത്തിന്റെയും മകനായി 1935ലാണ് ജനനം. പുന്നശ്ശേരി  നമ്പി നീലകണ്ഠശര്‍മ്മയുടെ  മകളുടെ മകനാണ്.
    പട്ടാമ്പി സംസ്‌കൃത വിദ്യാലയത്തിലായിരുന്നു വിദ്യാഭ്യാസം. തികഞ്ഞ സസ്യാഹാരിയായിരുന്ന മൂസ്സത് ആഹാരത്തിനായി മൃഗങ്ങളെ കൊന്നൊടുക്കുന്നതിനെതിരെ നിരന്തരം പോരാടിയിരുന്നു.  ഇതിനായി രാഷ്ട്രീയ പ്രവേശവും നടത്തി.  നാലുതവണ നിയമസഭാ തെരഞ്ഞെടുപ്പിലും മൂന്നുതവണ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും സ്വതന്ത്രനായി മത്സരിച്ചിട്ടുണ്ട്.  ഗുരുവായൂരിലും (1994) തിരൂരങ്ങാടിയിലും (1995ലെ ഉപതെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിയായിരുന്ന എ.കെ.ആന്റണിക്കെതിരെ) പട്ടാമ്പിയിലും (2001) വടക്കാഞ്ചേരിയിലും (2006) അദ്ദേഹം സ്ഥാനാര്‍ത്ഥിയായിരുന്നു.  പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ രണ്ടുതവണ തിരുവനന്തപുരത്തും ഒരുതവണ കോഴിക്കോട്ടും മത്സരിച്ചിട്ടുണ്ട്.
    അടുത്ത കാലത്ത് മുസ്ലീംലീഗില്‍ ചേര്‍ന്ന മൂസത് മലപ്പുറം കൊണ്ടോട്ടിയില്‍ എം.എസ്.എഫ് സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടയില്‍ സുഹൃത്തിന്റെ വീട്ടില്‍ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു  2013 ഗാന്ധിജയന്തി ദിനത്തില്‍.
    ഭാര്യ : തങ്കം (റിട്ട: ദേവസ്വംബോര്‍ഡ്) മകള്‍ : പ്രഭാവതി (ആര്‍.സി.സി. തിരുവനന്തപുരം)  മരുമകന്‍ ലിജികുമാര്‍ (ശ്രീചിത്ര ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്).  ഏറെക്കാലമായി തിരുവനന്തപുരം പടിഞ്ഞാറെകോട്ട നന്ദിനി ഗാര്‍ഡന്‍സിലായിരുന്നു താമസം. ഇന്ത്യന്‍ വെജിറ്റേറിയന്‍ കോണ്‍ഗ്രസ്സിന്റെ  സംസ്ഥാന ജനറല്‍ സെക്രട്ടറിയും സമസ്ത കേരള ജാതിമത സൗഹാര്‍ദ്ദ പരിഷത്തിന്റെ സ്ഥാപകാംഗവുമായിരുന്നു.

 

 

 

Previous:
Next: