K.K.Menon
കെ.കെ.മേനോന്
പത്രപ്രവര്‍ത്തന രംഗത്തും സാഹിത്യരംഗത്തും ഒരുപോലെ പ്രവര്‍ത്തിച്ച കൃഷ്ണന്‍കുട്ടിമേനോന്‍ എന്ന കെ.കെ.മേനോന് കേരള ടൈംസിലാണ് തന്റെ ഔദ്യോഗിക ജീവിതത്തിന്റെ ഭൂരിഭാഗവും ചെലവഴിച്ചത്. 25 വര്‍ഷത്തെ സേവനത്തിന്ശേഷം 1990ല്‍ കേരള ടൈംസില്‍ നിന്ന് വിരമിച്ചു. പത്രപ്രവര്‍ത്തനമായിരുന്നു മുഖ്യ കര്‍മ്മ മണ്ഡലമെങ്കിലും കഥ, കവിത, ലേഖനം, നിരൂപണം, വിവര്‍ത്തനം തുടങ്ങി മേനോന് തൂലിക ചലിപ്പിക്കാത്ത സാഹിത്യശാഖകളില്ല. വിവര്‍ത്തനമായിരുന്നു പ്രിയം. ടെന്നിസി വില്യംസ്, മോപ്പസാങ്ങ്, ചെക്കോവ്, മാക്സിം ഗോര്‍ക്കി തുടങ്ങി വിശ്വസാഹിത്യത്തിലെ പ്രഗത്ഭരുടെ നിരവധി കൃതികള്‍ അദ്ദേഹം മൊഴിമാറ്റം നടത്തിയിട്ടുണ്ട്.
സംസ്കൃത പണ്ഡിതനായ പുലപ്പായില്‍ കെ.പി.കൃഷ്ണപിള്ളയുടെയും നേരിയംകോട്ട് വീട്ടില്‍ സി.കാവമ്മയുടെയും മകനായി 1932 സെപ്തംബര്‍ അഞ്ചിനാണ് ഇടപള്ളിയില്‍ കെ.കെ.മേനോന് ജനിച്ചത്. അച്ഛന്റെ വിയോഗത്തിന്ശേഷം പകരം നില്ക്കാന് കുടുബഭാരമേറ്റെടുത്ത മേനോന് ഇന്റര്‍മീഡിയറ്റ് പാസ്സായതോടെ പഠനം നിര്‍ത്തി. പിന്നീട് െ്രെപവറ്റായാണ് സാഹിത്യവിശാരദ് പൂര്‍ത്തിയാക്കിയത്. 1951ല്‍ ടെന്നിസി വില്യംസിന്റെ ഏകാങ്കനാടകം 'പ്രണയലേഖനം'വിവര്‍ത്തനം ചെയ്തു. കേരളപത്രിക, മലയാളരാജ്യം, ജയകേരളം, കൗമുദി, ജനശക്തി തുടങ്ങിയ ആനുകാലികങ്ങളില്‍ എഴുത്തുകാരനായി. 1952ല്‍ ദീനബന്ധുവിലാണ് പത്രപ്രവര്‍ത്തന തുടക്കം.
1954ല്‍ വൈജയന്തി മാസിക സ്വന്തമായി തുടങ്ങി. സാമ്പത്തിക ഞെരുക്കംമൂലം അതുപൂട്ടി. പിന്നീട് സിനിമാമാസിക 'ഫിലി'മിന്റെ പത്രാധിപത്യത്തിലേക്ക്. ഇംഗ്ലീഷില്‍ നിന്നും തമിഴില്‍ നിന്നും വിവര്‍ത്തനങ്ങള്‍ നടത്തി. 300ല്‍പരം കഥകള്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ഐവാന്‍ ടര്‍ജനീവിന്റെ 'എന്റെ ആദ്യത്തെ പ്രേമം' ടോള്‍സ്റ്റോയിയുടെ 'ഐവാന്‍ ഇല്ലിച്ചിന്റെ മരണം', 'ദുരന്തരാഗം' (സ്വന്തം കഥകള്‍) എന്നിവ പ്രസിദ്ധീകരിച്ചു. മാക്സിംഗോര്‍ക്കി, വേഡ്സ്വര്‍ത്ത്, ഷെല്ലി, ടെന്നിസന്, ബൈറ, കോള്‍റിഡ്ജ് തുടങ്ങിയവരുടെ കൃതികള്‍ ഭാഷാമാറ്റം നടത്തി.
1955ല്‍ 'സ്പോര്‍ട്ട്സ്' മാസിക ആരംഭിച്ചപ്പോള്‍ മേനോന് അതില്‍ ചേര്‍ന്നു. കുറച്ചുനാളുകള്‍ക്കുശേഷം അതില്‍നിന്ന് വിട്ട് ഐക്യകേരളം വാരികയിലെത്തി. പിന്നീട് ചിത്രകൗമുദി, ഫിലിംനാദം എന്നിവയിലൊക്കെ സൃഷ്ടികള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. 1994ല്‍ റഫറന്‍സ് വാരികയായ ത്രികാലത്തിന്റെ എഡിറ്ററായി. 1997ല്‍ എന്‍.വി.പൈലി അവാര്‍ഡ് ലഭിച്ചു.
ഭാര്യ : തങ്കം മക്കള്‍ : കെ.കെ.രാധാകൃഷ്ണന്, നിമ്മി (അദ്ധ്യാപിക) ഇടപ്പള്ളി ചങ്ങമ്പുഴ പാര്ക്കിന് സമീപം കാദംബരിയില്‍ വിശ്രമജീവിതം നയിക്കുന്നു.