Bhanu Prakash K. A
മലയാള പത്രപ്രവര്‍ത്തന രംഗത്തെ ആദ്യകാല വാണിജ്യ ലേഖകനാണ് കെ.എ.ഭാനുപ്രകാശ്. വാണിജ്യകേന്ദ്രമായ മട്ടാഞ്ചേരിയില്‍ ദീനബന്ധു പത്രത്തിന്റെ വാണിജ്യ ലേഖകനായിരുന്നു. സാമൂഹ്യരംഗത്തും രാഷ്ട്രീയത്തിലും സജീവമായിരുന്ന ഭാനുപ്രകാശ് മട്ടാഞ്ചേരിയിലെ ആദ്യകാല തൊഴിലാളി സമൂഹം നേരിട്ടിരുന്ന നിരവധി ചൂഷണങ്ങള്‍ക്കെതിരെ തന്റെ തൂലിക ചലിപ്പിച്ചു. മട്ടാഞ്ചേരിയില്‍ കെ.എസ്.അച്യുതന്റേയും കല്യാണിയുടേയും മകനായി 1929 സെപ്തംബര്‍ 25-നാണ് ജനനം. ഹാജിഈസാ ഹൈസ്കൂളില്‍ നിന്ന് സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ പുറത്താക്കപ്പെട്ടു. തുടര്‍ന്ന് ജയിലിലായി. ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ഭാനുപ്രകാശിന് വീണ്ടും സ്വാതന്ത്ര്യസമരത്തില്‍ പങ്കാളിയായതിനെത്തുടര്‍ന്ന് രണ്ടുവര്‍ഷക്കാലം ഒളിവില്‍ പോകേണ്ടിവന്നു. 1946-ല്‍ വീണ്ടും അറസ്റ്റിലായി. 1952-ലാണ് ദീനബന്ധുവിന്റെ ലേഖകനായി സജീവ പത്രപ്രവര്‍ത്തന രംഗത്ത് എത്തുന്നത്. 1953-ല്‍ തിരുകൊച്ചി വര്‍ക്കിംഗ് ജേര്‍ണലിസ്റ്റ് യൂണിയനില്‍ അംഗമായി. 1956-ന്ശേഷം കേരള പത്രപ്രവര്‍ത്തക യൂണിയനില്‍ അംഗമായി. എറണാകുളം പ്രസ് ക്ലബിന്റെ സ്ഥാപകാംഗമാണ്. 1963-ല്‍ ദീനബന്ധു പൂട്ടിയപ്പോള്‍ മലയാള മനോരമയില്‍ ലേഖകനായി. കാര്‍ഷിക വിപണിയുമായി ബന്ധപ്പെട്ട വാര്‍ത്തകളും അവലോകനങ്ങളും എഴുതിയിരുന്നു. കൊച്ചി കേന്ദ്രമായി കാര്‍ഷിക-വാണിജ്യ വാര്‍ത്താ എജന്‍സിയായ കൊച്ചി കോമേഴ്സ് ബ്യൂറോയുടെ സ്ഥാപകാംഗമായിരുന്നു. സ്വാതന്ത്ര്യസമര സേനാനിയെന്ന നിലയ്ക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ആദരം നേടിയിട്ടുള്ള ഭാനുപ്രകാശിന് താമ്രപത്രം ലഭിച്ചിട്ടുണ്ട്. റിട്ടയേര്‍ഡ് അധ്യാപിക പി.ആര്.ലീലയാണ് ഭാര്യ. മക്കള്‍ ലില്ലിബെറ്റ്, ഉദയഭാനു, ലീബ കിഷോര്‍. എറണാകുളം ജില്ലയിലെ പള്ളുരുത്തി വെളിയില്‍ എസ്ഡിപിവൈ റോഡില്‍ ചിത്തിരയില്‍ വിശ്രമജീവിതം നയിക്കുന്നു.