Rajan Poduval
കേരളത്തില്‍ ഫോട്ടോജേര്‍ണലിസത്തിന് തുടക്കമിട്ടവരില്‍ പ്രമുഖനാണ് രാജന് പൊതുവാള്. ഒരു റിപ്പോര്‍ട്ടറേക്കാള്‍ തൊഴില്‍പരമായ റിസ്ക് കൂടുതലാണ് ന്യൂസ് ഫോട്ടോഗ്രാഫര്‍ക്ക്. നിമിഷാര്‍ദ്ധത്തില്‍ കാലവും കാലക്കേടും സന്തതസഹചാരിയായിരിക്കും.
1974-ല്‍ എറണാകുളത്ത് ബിരുദ വിദ്യാര്‍ത്ഥിയായിരിക്കെ അവിചാരിതമായാണ് മാതൃഭൂമിയില്‍ ഫോട്ടോഗ്രാഫറായി തെരഞ്ഞെടുക്കപ്പെടുന്നത്. പഠനം പൂര്‍ത്തിയാക്കി മാതൃഭൂമി പത്രാധിപര്‍ കെ.പി.കേശവമേനോന്റെ പ്രത്യേക അനുഗ്രഹാശിസ്സുകളോടെ ആഴ്ചപ്പതിപ്പില്‍ നിയമിക്കപ്പെട്ടു. എം.ടി.വാസുദേവന്‍ നായരായിരുന്നു ആഴ്ചപ്പതിപ്പിന്റെ എഡിറ്റര്‍. എം.ടി.യുടെ പത്രാധിപത്യത്തില്‍ ആഴ്ചപ്പതിപ്പ് ഓഫ്സെറ്റില്‍ അച്ചടിതുടങ്ങിയിരുന്നു. രാജന് പൊതുവാളിന്റെ മികവാര്‍ന്ന ചിത്രങ്ങള്‍ വാരികക്ക് മുതല്‍കൂട്ടായി. വൈകാതെ പത്രത്തിലേക്കു കൂടി പൊതുവാളിന്റെ സേവനങ്ങള്‍ ആവശ്യമായി.
വെറുമൊരു ന്യൂസ് ഫോട്ടോഗ്രാഫറായിരുന്നില്ല രാജന് പൊതുവാള്. വാര്‍ത്തയുടെ സെന്‍സ് ഉള്‍ക്കൊണ്ട് തന്റെ ക്യാമറക്കണ്ണുകൊണ്ട് ഒരേസമയം ഒരു ജേര്‍ണലിസ്റ്റിന്റെയും ആര്‍ട്ട് എഡിറ്ററുടേയും ജോലി അദ്ദേഹം ചെയ്തു.
ചിത്രങ്ങള്‍ എടുക്കുക മാത്രമല്ല ചിത്രങ്ങള്‍കൊണ്ട് വാര്‍ത്ത സൃഷ്ടിക്കുവാനും രാജന് പൊതുവാളിന് കഴിഞ്ഞിരുന്നു. എം.ജി.ആറിന്റെ കാലത്ത് തമിഴ്നാട് രാഷ്ട്രീയത്തിലെ ചില അടിയൊഴുക്കുകള്‍ തന്റെ ചിത്രങ്ങളിലൂടെ പുറത്തെത്തിക്കാനും അദ്ദേഹത്തിനായി. അതിലൊന്നാണ് ജയലളിതയെകുറിച്ച് 'ഇദയക്കനിക്ക് വിലക്ക്' എന്ന മാതൃഭൂമി പത്രത്തില്‍ വന്ന റിപ്പോര്‍ട്ട്. ചിത്രങ്ങള്‍ എടുത്തു കഴിഞ്ഞാല്‍ അത് തന്റെ പത്രത്തില്‍ ആദ്യം എത്തിക്കാന്‍ ബുദ്ധിപൂര്‍വം ഏതു സാഹസിക പാതയിലൂടെ സഞ്ചരിക്കാനും പൊതുവാള് തയ്യാറായിരുന്നു.
1984-ല്‍ ഇന്ദിരാഗാന്ധി വധിക്കപ്പെട്ടപ്പോള്‍ മാതൃഭൂമി തിരുവനന്തപുരം എഡിഷനിലുപയോഗിച്ച ഇന്ദിരയുടെ വ്യത്യസ്തമായ ചിത്രം രാജന്പൊതുവാളിന്റെ ശേഖരത്തില്‍ നിന്നായിരുന്നു. നിഴലും വെളിച്ചവും ഇടകലര്‍ന്ന, മരണത്തിന്റെ ക്രൂരമായ തണുപ്പും ദു:ഖത്തിന്റെ തീവ്രഭാവവുമായി മരണവാര്‍ത്തയോടൊപ്പം ചേര്‍ത്ത ആ പൊതുവാള് ചിത്രം ന്യൂസ് എഡിറ്റര്‍ ടി.വേണുഗോപാലിനും മാതൃഭൂമിക്കും മികച്ച ലേഔട്ടിനുള്ള പുരസ്കാരം നേടിക്കൊടുത്തു.
കരുണാകരനും നായനാരുമടക്കം നിരവധി രാഷ്ട്രീയ നേതാക്കളുടെ അമൂല്യ ചിത്രങ്ങള്‍ രാജന് പൊതുവാള് എടുത്തിട്ടുണ്ട്. പി.ടി ഉഷയുടെ അപൂര്‍വ ചിത്രങ്ങളുടെ ശേഖരവും പൊതുവാളിന്റേതായുണ്ട്.
മികച്ച ഫീച്ചറിനടക്കം 35-ലേറെ പുരസ്കാരങ്ങള്‍ രാജന് പൊതുവാള് നേടിയിട്ടുണ്ട്. ജയരാജ് സംവിധാനം ചെയ്ത 'മകള്‍ക്ക്' എന്ന സിനിമയുടെ കഥക്ക് ആധാരമായത് രാജന് പൊതുവാള് മാതൃഭൂമി വാരാന്തപ്പതിപ്പില്‍ എഴുതിയ ഒരു സംഭവകഥയാണ്.
1953 ജൂലൈ ഒന്നിന് പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്ത് പി.ആര്.പൊതുവാളിന്റേയും ഡി.സരസ്വതിയുടേയും മകനായി ജനിച്ച രാജന് പൊതുവാള് അച്ഛന്റെ യുനൈറ്റഡ് സ്റ്റുഡിയോയിലാണ് ഫോട്ടോഗ്രാഫിയുടെ ബാലപാഠങ്ങള്‍ അഭ്യസിച്ചത്. പിന്നീട് കോളേജ് വിദ്യാഭ്യാസത്തിനായാണ് ഒറ്റപ്പാലത്തുനിന്നും എറണാകുളത്തേക്ക് പോരുന്നത്.
ഇപ്പോള്‍ മാതൃഭൂമി തിരുവനന്തപുരം എഡിഷനില്‍ ഫോട്ടോ എഡിറ്ററാണ്. ഭാര്യ ജി.പത്മിനി. മക്കള്‍ അര്ജുന്, അശ്വന്