Raman P
ഭരണസിരാകേന്ദ്രമായ ദല്‍ഹിയില്‍ പത്രപ്രവര്‍ത്തകനാകുന്നത് പത്രപ്രവര്‍ത്തകരുടെ ജീവിതത്തിലെ സ്വപ്നസാക്ഷാത്കാരമാണ്. അതിലൊരാളായിരുന്നു പാട്രിയറ്റ് പത്രത്തിന്റെ ദല്‍ഹി ലേഖകനായ പി.രാമന്‍. ഇ.എം.എസ്സിന്റെ സഹോദരിയുടെ മകന്‍ എന്ന ബന്ധുത്വബലമുണ്ടായിട്ടും അതൊന്നും പറഞ്ഞുനടക്കുന്ന സ്വഭാവക്കാരനായിരുന്നില്ല രാമന്‍.
അടിയന്തിരാവസ്ഥക്കാലത്ത് ദല്‍ഹിയില്‍ നിര്‍ണ്ണായക രാഷ്ട്രീയ അടിയൊഴുക്കുകള്‍ക്ക് നേര്‍സാക്ഷിയായിരുന്ന രാമന്‍ അധികം വൈകാതെ പാട്രിയറ്റിന്റെ ഹൈദരാബാദ് ബ്യൂറോയിലേക്ക് സ്ഥലംമാറിപ്പോയി. രണ്ടുവര്‍ഷത്തോളം ഇന്ത്യന്‍ എക്‌സ്പ്രസില്‍ ജോലിചെയ്തശേഷം 1971-ലായിരുന്നു രാമന്‍ പാട്രിയറ്റില്‍ വരുന്നത്.
1977-ലെ പൊതുതെരഞ്ഞെടുപ്പില്‍ ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള കോഗ്രസ് പരാജയപ്പെടുകയും അടിയന്തിരാവസ്ഥ പിന്‍വലിക്കപ്പെടുകയും ചെയ്തതോടെ ഒരിക്കല്‍കൂടി രാമന്‍ ദല്‍ഹിയിലെത്തി.
1982-ലായിരുന്നു ഇന്ത്യന്‍ എക്‌സ്പ്രസിലെ രാമന്റെ രണ്ടാംമൂഴം. എച്ച്.കെ.ദുവയുടേയും പിന്നീട് ബി.ജി.വര്‍ഗീസിന്റെയും പത്രാധിപത്യത്തില്‍ ഇന്ത്യന്‍ എക്‌സ്പ്രസ് ദേശീയ രാഷ്ട്രീയത്തില്‍ കോളിക്കമുണ്ടാക്കിയ നിരവധി അന്വേഷണാത്മക റിപ്പോര്‍ട്ടുകളും മറ്റും പ്രസിദ്ധീകരിച്ചിരുന്ന കാലത്ത് അതില്‍ സുപ്രധാന പങ്ക് വഹിക്കാന്‍ രാമന് അവസരം ലഭിച്ചിട്ടുണ്ട്.
തൃശൂരില്‍ നിന്ന് ജോസഫ് മുണ്ടശ്ശേരിയുടെ പത്രാധിപത്യത്തിലിറങ്ങിയിരുന്ന 'നവജീവനി'ല്‍ നിന്നാണ് രാമന്‍ എഴുതി തുടങ്ങുന്നത്. അന്ന് തൃശൂര്‍ കേരളവര്‍മ്മ കോളേജില്‍ മലയാളം ബിരുദ വിദ്യാര്‍ത്ഥിയായിരുന്നു രാമന്‍. കോളേജില്‍ നിന്നിറങ്ങിയ ശേഷവും രാമന്‍ കുറച്ചുകാലം നവജീവന്റെ പത്രപ്രവര്‍ത്തക കളരിയില്‍ ഉണ്ടായിരുന്നു. 1960-ലാണ് എ.കെ.ജി.യുടെ വാത്സല്യത്തില്‍ ഡല്‍ഹിയില്‍ ചേക്കേറുന്നത്.
വി.കെ.കൃഷ്ണമേനോന്റെ സെഞ്ച്വറി വാരികയില്‍ ജോലിചെയ്തശേഷം 'കാരവനി'ലും പ്രവര്‍ത്തിച്ചി'ുണ്ട്.
1968-ല്‍ അഹമ്മദാബാദില്‍ ഹെറാള്‍ഡില്‍ ചേര്‍ന്നു. പിന്നെയാണ് ഇന്ത്യന്‍എക്‌സ്പ്രസിലെത്തുന്നത്. 1969-ലെ അഹമ്മദാബാദ് വര്‍ഗീയ കലാപത്തിന്റെ റിപ്പോര്‍ട്ടുകള്‍ രാമന്റെതായിരുന്നു. മികച്ചരീതിയില്‍ ഹൃദയസ്പൃക്കായിരുന്നു രാമന്റെ റിപ്പോര്‍ട്ടിംഗ്.
1987-ല്‍ ഇക്കണോമിക് ടൈംസിന്റെ പൊളിറ്റിക്കല്‍ എഡിറ്ററായി. 1996-ല്‍ വിരമിച്ചു. ഇക്കണോമിക് ടൈംസിലും നവഹിന്ദ് ടൈംസിലും ഫ്രീലാന്‍സ് ജേര്‍ണലിലും കോളമെഴുതിയിരുന്നു രാമന്‍.
1938-ല്‍ മലപ്പുറം ജില്ലയിലെ എടപ്പാളില്‍ ജനിച്ച രാമന്‍ പൊല്‍പ്പാക്കര മന പി.എം.വി. നമ്പൂതിരിപ്പാടിന്റേയും ശ്രീദേവി അന്തര്‍ജനത്തിന്റേയും മകനാണ്. ദല്‍ഹി മയൂര്‍ വിഹാറില്‍ താമസിക്കുന്നു. ഭാര്യ സുശീല
മക്കള്‍: ഡോ.ദീപക്, ഉമ, സീമ