Madhavan Kutty VK
വി.കെ.മാധവന്‍കുട്ടി
പ്രശസ്തനായ മാദ്ധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായിരുന്നു വി.കെ. മാധവന്‍കുട്ടി. പാലക്കാട് ജില്ലയിലെ കോട്ടായിക്കടുത്ത് പരുത്തിപ്പുള്ളി ഗ്രാമത്തില്‍ 1934 ജനുവരി 17ന് ജനിച്ചു. പിതാവ് വടക്കാഞ്ചേരി ഉള്ളാട്ടില്‍ ഗോവിന്ദന്‍നായരും മാതാവ് ആയന്നൂര്‍ വീട്ടിക്കാട്ട് ലക്ഷ്മിക്കുട്ടിഅമ്മയുമാണ്.
ഡല്‍ഹി യൂനിവേഴ്സിറ്റിയില്‍നിന്ന് ധനതത്ത്വശാസ്ത്രത്തില്‍ ബിരുദം നേടിയശേഷം 1956 മുതല്‍ ഡല്‍ഹിയില്‍ 'മാതൃഭൂമി'യുടെ പ്രതിനിധിയായി ജോലി ചെയ്തു. 1987-90 കാലഘട്ടത്തില്‍ 'മാതൃഭൂമി' പത്രാധിപരായിരുന്നു. '94ല്‍ മാതൃഭൂമി പത്രാധിപസ്ഥാനത്തുനിന്ന് വിരമിച്ചു. 'സണ്‍ഡേ', 'ടൈംസ് ഒഫ് ഇന്‍ഡ്യ' എന്നീ പത്രങ്ങളില്‍ ഇദ്ദേഹം ലേഖനങ്ങള്‍ എഴുതിയിരുന്നു. കേരള, കേന്ദ്ര ഗവണ്മെന്റുകളുടെ ഫിലിംജൂറി അംഗമായിരുന്നു. 'ഏഷ്യാനെറ്റില്‍' ഡയറക്ടറായും ചീഫ് കറസ്പോണ്ടന്റായും സേവനമനുഷ്ഠിച്ചിരുന്നു.
വിവാഹിതനും രണ്ടു പെണ്‍കുട്ടികളുടെ പിതാവുമാണ്.
യാത്രാവിവരണം ഉള്‍പ്പെടെ ഇംഗ്ലീഷിലും മലയാളത്തിലുമായി പതിനൊന്ന് കൃതികള്‍.പത്രപ്രവര്‍ത്തനം ഒരു യാത്ര, അപകടം എന്റെ സഹയാത്രികന് (ആക്സിഡന്റ്, മൈ കമ്പാനിയന് 1975),
വി. കെ. ക്രിഷ്ണമേനോന് എ ബയോഗ്രഫി (ഇംഗ്ലീഷ്) വി.കെ.കൃഷ്ണമേനോന് (ജീവചരിത്രം- മലയാളം) പത്രപ്രവര്‍ത്തനം ഒരു യാത്ര, ഓര്‍മ്മകളുടെ വിരുന്ന്(ആത്മകഥാസ്വഭാവമുള്ള കാല്പനിക കഥ). ഇത് ദി വില്ലേജ് ബിഫോര്‍ ടൈം എന്ന പേരില്‍ ഇംഗ്ലീഷിലേയ്ക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ഒരു മലയാളി പത്രപ്രവര്‍ത്തകന്റെ ഓര്‍മ്മക്കുറിപ്പുകള്‍,
നിഴല്‍പോലെ അവന് വീണ്ടും, ഓര്‍ത്തുചൊല്ലാന്‍ അശ്രീകരം (നോവല്‍). ഇത് ദി അണ്‍സ്പോക്കണ്‍ കേഴ്സ് എന്നപേരില്‍ ഇംഗ്ലീഷിലേയ്ക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്.
വിമാനാപകടത്തില്‍ നിന്നു രക്ഷപ്പെട്ടതിനെകുറിച്ചാണ് അപകടം എന്റെ സഹയാത്രികന് എന്നൊരു പുസ്തകം രചിച്ചത്. പിന്നീടു പലതവണ മരണത്തിന്റെ പിടിയില്‍ നിന്നു രക്ഷപ്പെട്ടതിനെക്കുറിച്ചു നിഴല്‍ പോലെ അവന് വീണ്ടും എന്ന കൃതിയും എഴുതി. ദേശീയ രാഷ്ട്രീയ നേതാക്കളുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്ന മാധവന്‍കുട്ടി മുന്‍ രാഷ്ട്രപതി കെ.ആര്. നാരായണന്റെ അടുത്ത സുഹൃത്തായിരുന്നു. സാഹിത്യ അക്കാദമി പുരസ്കാരം, സോവിയറ്റ് ലാന്‍ഡ് നെഹ്റു പുരസ്കാരം എന്നിവയും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. സാംസ്കാരിക മേഖലകളിലെ സജീവ സാന്നിധ്യമായിരുന്ന അദ്ദേഹത്തിന് രാജ്യം പത്മശ്രീ നല്കി ആദരിച്ചിരുന്നു.
പുരസ്കാരങ്ങള്‍- വി.കെ.കൃഷ്ണമേനോന് (ജീവചരിത്രം) എന്ന കൃതിക്ക് 1990ല്‍ സോവിയറ്റ് ലാന്‍ഡ് അവാര്‍ഡ് ലഭിച്ചു. പത്രപ്രവര്‍ത്തനം ഒരു യാത്രയ്ക്ക് 1991ല്‍ പുത്തേഴന്‍ അവാര്‍ഡും 1992ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡും കിട്ടി.
2005 നവംബര്‍ ഒന്നിന് 71ാം വയസ്സില്‍ അന്തരിച്ചു.