Aboobakar P. M
1932 ല്‍ വി.സി. മുഹമ്മദ് കോയയുടേയും പി.എം. കദീസബിയുടേയും പുത്രനായി കോഴിക്കോട്ട് ജനിച്ച പി.എം. അബൂബക്കര്‍ ഇരുപതാമത്തെ വയസ്സില്‍ പത്രപ്രവര്‍ത്തകനായിട്ടാണ് ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. കാല് നൂറ്റാണ്ട് ചന്ദ്രിക ദിനപത്രത്തിന്റെ ന്യൂസ് എഡിറ്ററായി പ്രവര്‍ത്തിച്ചു. വിവിധ വിഷയങ്ങളേക്കുറിച്ച് അനേകം ലേഖനങ്ങള്‍ അക്കാലത്ത് എഴുതി.
വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയരംഗത്ത് കടന്നുവന്ന പി.എം. 1962 മുതല്‍ 1973 വരെ കോഴിക്കോട് കോര്പ്പറേഷന് അംഗമായിരുന്നു. രണ്ടര വര്‍ഷം ഡെപ്യൂട്ടി മേയറുമായി. 1965 ലും 67 ലും 77 ലും 80 ലും 82 ലും കോഴിക്കോട് രണ്ടാം മണ്ഡലത്തില്‍നിന്ന കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1980 ല്‍ നായനാര്‍ മന്ത്രിസഭയില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായി. അടിയന്തരാവസ്ഥക്കാലത്ത് പതിനാറ് മാസം കണ്ണൂര്‍ സെട്രല്‍ ജയിലില്‍ കഴിഞ്ഞു. ജയിലനുഭവങ്ങളേക്കുറിച്ച് പുസ്തകം രചിച്ചിട്ടുണ്ട്.
പത്രപ്രവര്‍ത്തകനായിരിക്കെ മുസ്ലീം ലീഗ് പിളര്‍ന്നപ്പോള്‍ ന്യൂസ് എഡിറ്റര്‍ സ്ഥാനം രാജിവച്ച് അഖിലേന്ത്യ ലീഗിന്റെ മുഖപത്രമായ ലീഗ് ടൈംസിന്റെ ഡയറക്ടറായിരുിട്ടുണ്ട്. പത്ര പ്രവര്‍ത്തകരുടെ ഉറ്റ സുഹൃത്തായ പി.എം. പത്രപ്രവര്‍ത്തക യൂണിയന് കെട്ടിപ്പടുക്കുന്ന കാലം തുടങ്ങി അതിന്റെ സജീവ പ്രവര്‍ത്തകനായി. അറുപതുകളിലും എഴുപതുകളിലും വര്‍ക്കിംഗ് ജേര്‍ണലിസ്റ്റ് യൂണിയന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും സഹകരിച്ച് മുന്നേറിയ പി.എം. യൂണിയന് സമ്മേളനങ്ങളിലെ ശ്രദ്ധേയനായ പ്രഭാഷകനുമായി. പത്രപ്രവര്‍ത്തകരുടെ അവകാശ സംരക്ഷണത്തിനായി ഒട്ടുവളരെ സേവനങ്ങളര്പ്പിച്ചു.
സോവ്യറ്റ് യൂണിയന്, സൗദിഅറേബ്യ, യു.എ.ഇ, ഖത്തര്‍, ഈജിപ്ത്, ബ്രിട്ടന് എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. പക്വതവന്ന പാര്‍ലിമെന്റേറിയനും വാഗ്മിയും വിവര്‍ത്തകനും തൊഴിലാളി യൂണിയന് നേതാവും വിദ്യാഭ്യാസ പ്രചാരകനും സേവന സംഘടനകളുടെ വഴികാട്ടിയുമായിരുന്ന പി.എം. 1994 ഒക്ടോബര്‍ 17-ാം തീയതിയാണ് വിടപറഞ്ഞത്. എം.പി. സൈനബിയാണ് ഭാര്യ. മുഹമ്മദ് ഇഖ്ബാല്‍, ഫിറോസ്, അഫ്സല്, മുസമ്മില്‍ എന്നിവര്‍ പുത്രന്മാരും ഷംഷാദ്ഭാനു പുത്രിയുമാണ്.