Dr.K Sreekumar
പത്രപ്രവര്‍ത്തനരംഗത്തും നാടകപഠനരംഗത്തും സാഹിത്യപഠനരംഗത്തും ഒരു പോലെ പ്രാഗത്ഭ്യം നേടിയ വ്യക്തിയാണ് ഡോ.കെ.ശ്രീകുമാര്‍. സംഗീതനാടകങ്ങളെക്കുറിച്ചുള്ള ഗവേഷണത്തിനാണ് ഡോക്റ്ററേറ്റ് ലഭിച്ചത്.
1993 മുതലാണ് മാതൃഭൂമിയില്‍ പത്രപ്രവര്‍ത്തകനായത്. റിപ്പോര്‍ട്ടിങ്ങ് രംഗത്തെ ശ്രദ്ധേയമായ പല രചനകള്‍ക്കും നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. മാതൃഭൂമി വാരാന്തപ്പതിപ്പും ആഴ്ചപ്പതിപ്പും ഉള്‍പ്പെടെ പല പ്രസിദ്ധീകരണങ്ങളുടെയും ചുമതല വഹിച്ചു.
നൂറിലേറെ കൃതികള്‍ രചിച്ചിട്ടുണ്ട്. മലയാള സംഗീതനാടകചരിത്രം, സെബാസ്റ്റ്യന്‍ കുഞ്ഞുകുഞ്ഞു ഭാഗവതര്‍, ആന്‍ഡ്രൂസ് മാസ്റ്റര്‍, ഒരു മുഖം-ജനപ്രിയ നാടകവേദിയുടെ മിടിപ്പുകള്‍, നമ്മുടെ നാടോടിക്കഥകളും ഐതിഹ്യങ്ങളും(മൂന്നു വാള്യങ്ങള്‍) , നാരദന്, ഗണപതി,കര്ണ്ണന്,കുഞ്ചിരാമാ സര്‍ക്കസ്, കുചേലന്,ലളിതാംഗി, ഉണ്ണിക്കഥ,
വിഡ്ഢി! കൂശ്മാണ്ഢം എന്നിവയാണ് പ്രധാനകൃതികള്‍.
സാഹിത്യരചനകള്‍ക്ക് കേരളസാഹിത്യ അക്കാദമിയുടെയും സംഗീത നാടക അക്കാദമിയുടെയും പുരസ്കാരങ്ങള്‍ക്കു പുറമെ അബുദാബി ശക്തി അവാര്‍ഡ്, ഭീമ ബാലസാഹിത്യ പുരസ്കാരം, കടവനാട് പുരസ്കാരം, കേരള ഹിസ്റ്ററി അസോസിയേഷന് അവാര്‍ഡ് തുടങ്ങിയ നിരവധി ബഹുമതികള്‍ നേടിയിട്ടുണ്ട്. 23 വര്‍ഷത്തെ പത്രപ്രവര്‍ത്തനത്തിനു ശേഷം 2016 ല്‍ ശ്രീകുമാര്‍ ജോലി ഉപേക്ഷിച്ച് മുഴുവന്‍ സമയ സാഹിത്യപ്രവര്‍ത്തകനായി.
1967 ല്‍ ചോറ്റാനിക്കരയില്‍ ജനിച്ചു. കെ.എം. ലക്ഷ്മണന്നായരും എ.എസ്.വിശാലാക്ഷിയും മാതാപിതാക്കള്‍. ഭാര്യ ഇന്ദു. വൈശാഖന്, നയന്‍താര എന്നിവര്‍ മക്കള്‍. കോഴിക്കോടിനടുത്ത് ബാലുശ്ശേരിയില്‍ താമസം.