You are here:

Sukumar Azhikode

സാംസ്‌കാരികനായകനും പ്രഭാഷകനും പണ്ഡിതനുമെല്ലാമായ സുകുമാര്‍ അഴീക്കോട് ജീവിതത്തിന്റെ പല ഘട്ടങ്ങളിലും മുഴുവന്‍സമയ മാധ്യമപ്രവര്‍ത്തകനായിരുന്നു. സാഹിത്യത്തെ കുറിച്ച് എഴുതിയതിലേറെ അദ്ദേഹം ജനങ്ങളുടെ പ്രശ്‌നങ്ങളെക്കുറിച്ച് എഴുതിയിട്ടുണ്ട്. ആറു ദശാബ്ദത്തിലേറെ നീണ്ട സാഹിത്യമാധ്യമപൊതുപ്രവര്‍ത്തനത്തിനിടയ്ക്ക് എഴുതിയിട്ടില്ലാത്ത മലയാള മാധ്യമങ്ങള്‍ അപൂര്‍വം, വിശകലനം ചെയ്തിട്ടില്ലാത്ത വിഷയങ്ങള്‍ അതിലേറെ അപൂര്‍വം.മാധ്യമപ്രവര്‍ത്തകനായി ജീവിതം ആരംഭിക്കുകയും പല പത്രങ്ങളിലും ഉത്തരവാദിത്തങ്ങള്‍ വഹിക്കുകയും ചെയ്ത അഴീക്കോട് മാധ്യമങ്ങളില്‍ എഴുതിയിരുന്ന പംക്തികളില്‍തന്നെ നിര്‍ദ്ദയമായ 'മാധ്യമവിചാരണ'യും നിര്‍വഹിക്കാറുണ്ട്.

കണ്ണൂര്‍ അഴീക്കോട് 1926 മെയ്12ന് ജനിച്ച സുകുമാരന്‍ 1946 ല്‍ ബി.കോം ജയിച്ച് ഡല്‍ഹിയില്‍ ജോലി തേടിപ്പോയെങ്കിലും വേഗം നാട്ടില്‍ തിരിച്ചെത്തി. 1947 ല്‍ നല്ല ശമ്പളമുള്ള ബാങ്ക് ജോലി നാട്ടില്‍തന്നെ കിട്ടിയെങ്കിലും കൊച്ചി ദീനബന്ധുവിലെ കുറഞ്ഞ ശമ്പളമുള്ള ജോലിയില്‍ ചേരാന്‍ കൊച്ചിക്ക് വണ്ടികയറുകയാണ് ചെയ്തത്. വി.ആര്‍.കൃഷ്ണന്‍ എഴുത്തച്ഛനായിരുന്നു ദീനബന്ധുവിന്റെ പത്രാധിപര്‍. ആറുമാസത്തിന് ശേഷം കണ്ണൂര്‍ ദേശമിത്രത്തില്‍ പത്രാധിപരായി തിരിച്ചെത്തി.. ദേശമിത്രത്തിലാണ് തന്റെ ആദ്യത്തെ കോളമെഴുതുന്നത് ലോകാലോകനം. താന്‍ അറിയാതെ ഉടമ പത്രത്തില്‍ ഒരു ലേഖനം പ്രസിദ്ധപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് പത്രംവിട്ടു. പിന്നെ, കണ്ണൂരില്‍ നിന്നുറങ്ങു നവയുഗത്തില്‍ ഇരിക്കെ മറ്റ് പ്രസിദ്ധീകരണങ്ങളിലും സാഹിത്യരാഷ്ട്രീയ ലേഖനങ്ങള്‍ എഴുതി. നവയുഗം പൂട്ടി, പത്രപ്രവര്‍ത്തനം ഉപേക്ഷിച്ച് അധ്യാപനരംഗത്തേക്ക് കടന്നതോടെ മാധ്യമങ്ങളിലെ എഴുത്ത് പൂര്‍വാധികം ശക്തമാവുകയാണ് ചെയ്തത്. 1956 മുതല്‍ 1963 വരെ മാതൃഭൂമി വാരാന്തപ്പതിപ്പില്‍ സാഹിതീസപര്യ എന്ന പേരില്‍ കോളം എഴുതി.

കോളേജില്‍ പഠിപ്പിച്ചുകൊണ്ടിരിക്കെ ദിനപ്രഭയില്‍ പത്രാധിപരായി. അവിടെയും തീര്‍ത്തും പത്രാധിപസ്വാതന്ത്ര്യപരമായ പ്രശ്‌നത്തില്‍ ഉടമയുമായി ഉടക്കി പുറത്തിറങ്ങി. 1963 ല്‍ ജാഗ്രത എന്ന ജനാധിപത്യവേദി പ്രസിദ്ധീകരണത്തിന്റെ പത്രാധിപരായി. ആദ്യം തുടങ്ങിയ ലോകാലോകനം, സാഹിതീസപര്യ കോളങ്ങള്‍ മുടങ്ങിയെങ്കിലും വൈകാതെ പത്രപംക്തികള്‍ പലതും ജനിച്ചു. മലയാള മനോരമയില്‍ ഗതിവിശേഷം, ഇന്ത്യാടുഡെയില്‍ നേര്‍ക്കാഴ്ച്ച, ഇന്ത്യന്‍ എക്‌സ്പ്രസ്സില്‍ In passing, ദേശാഭിമാനിയില്‍ മറയില്ലാതെ, ജനയുഗത്തില്‍ ദര്‍ശനം, തന്മയില്‍ അഴീക്കോടിന്റെ പേജ് തുടങ്ങിയ പംക്തികള്‍. പത്രങ്ങളെ നിരന്തരം വിമര്‍ശിക്കാറുണ്ടെങ്കിലും അദ്ദേഹം പത്രങ്ങളില്‍നിന്നു അകുന്നില്ല. 2003 ല്‍ കോഴിക്കോട്ട് നിന്നു തുടങ്ങിയ വര്‍ത്തമാനം പത്രത്തില്‍ പത്രാധിപരായി. അവിടെ പ്രവര്‍ത്തിച്ച  അഞ്ചുവര്‍ഷവും അദ്ദേഹം പത്രത്തില്‍ ആഴ്ചതോറും പംക്തി എഴുതി. പ്രധാനപ്രശ്‌നങ്ങളില്‍ പേരുവെച്ചുള്ള ശക്തമായ മുഖപ്രസംഗങ്ങളും എഴുതി.

നാല്പതോളം പുസ്തകങ്ങള്‍ രചിച്ചു, മലയാളത്തിലെ ഏറ്റവും ശ്രദ്ധേയ  പ്രഭാഷകരിലും നിരൂപകരിലും വിമര്‍ശകരിലും ഒരാളായ, പ്രോ വൈസ് ചാന്‍സലറായും വൈസ് ചാന്‍സലറായും പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹം 2012 ജനവരി 24 ന് അന്തരിച്ചു.

Previous:
Next: