Abdul Rehman C.M.
പ്രശസ്തിയുടെ പിറകെ പോകാത്ത പ്രതിഭാധനനായ പത്രപ്രവര്‍ത്തകനാണ് സി.എം.അബ്ദുള്‍ റഹ്മാന്. അടിയന്തിരാവസ്ഥയിലെ പത്രസെന്‍സര്‍ഷിപ്പിന്റെ കാലഘട്ടത്തില്‍ 'ദേശാഭിമാനി'യുടെ ഡെസ്കിലും റിപ്പോര്‍ട്ടിംഗിലും തന്റെ പേന കൊണ്ട് പ്രതിരോധം തീര്‍ക്കാന്‍ നിരവധി മുഖപ്രസംഗങ്ങളിലൂടെ അബ്ദുള്‍റഹ്മാനു കഴിഞ്ഞു.
1944 ഒക്ടോബര്‍ ഒന്നിന് മലപ്പുറം ജില്ലയിലെ തിരൂരിനടുത്ത വെട്ടത്താണ് അബ്ദുള്‍ റഹ്മാന്റെ ജനനം. ബാപ്പ സി.എം.മുഹമ്മദ്, ഉമ്മ ഫാത്തിമ, അഞ്ച് സഹോദരങ്ങള്‍. അബ്ദുള്‍ റഹ്മാന് 17 വയസ്സുള്ളപ്പോള്‍ ഉമ്മ മരിച്ചു.
കോഴിക്കോട് ഫറൂഖ് കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം നേടി. തിരൂര്‍ പോളിടെക്നിക്കില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് പഠിച്ചെങ്കിലും വിദ്യാര്‍ത്ഥി പ്രസ്ഥാനത്തില്‍ സജീവമായതിനെതുടര്‍ന്ന് കോളേജില്‍നിന്ന് പുറത്താക്കപ്പെട്ടു. പരീക്ഷ എഴുതാനും ആയില്ല.
എം.സി.ജോസഫ്, ഇടമറുക്, എ.ടി. കോവൂര്‍ തുടങ്ങിയവരുടെ ചിന്തകളില്‍ ആകര്ഷിക്കപ്പെട്ട്് യുക്തിവാദിയായി. മതയാഥാസ്ഥിതികരുടെ കുടുംബത്തിലെ ആദ്യ കമ്മ്യൂണിസ്റ്റും യുക്തിവാദിയുമായിരുന്നു അബ്ദുള്‍ റഹ്മാന്.
വീട്ടില്‍നിന്നും സമുദായത്തില്‍നിന്നും പുറത്തുപോകാന്‍ ഇതിടയാക്കി. കെ.ടി.മുഹമ്മദിന്റെ ചില നാടകങ്ങളില്‍ അഭിനയിച്ചതും മതനിന്ദയായി കണക്കാക്കപ്പെട്ടു. കെ.ടി.യുടെ ഇത് ഭൂമിയാണ്, കാഫര്‍ എന്നീ നാടകങ്ങളിലും സി.എല്‍.ജോസിന്റെ നിരവധി നാടകങ്ങളിലും അഭിനയിക്കുകയും പാട്ടെഴുതുകയും ചെയ്തു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കര്‍ഷകസംഘത്തിലും പ്രവര്‍ത്തിച്ചു.
1968-ല്‍ സബ് എഡിറ്ററായാണ് കോഴിക്കോട് ദേശാഭിമാനിയില്‍ പത്രപ്രവര്‍ത്തനമാരംഭിക്കുന്നത്. പി.ഗോവിന്ദപിള്ളയായിരുന്നു അന്ന് പത്രാധിപര്‍. കുറച്ചുകാലം ചിന്തയിലും ജോലിചെയ്തിട്ടുണ്ട്. സോവിയറ്റ് ലാന്റിലും മറ്റും വന്നിരുന്ന ലേഖനങ്ങള്‍ പരിഭാഷപ്പെടുത്തി. അബു എബ്രഹാമിന്റെ ലേഖനങ്ങളും മൊഴിമാറ്റം നടത്തിയിരുന്നത് അബ്ദുള്‍റഹ്മാനാണ്.
ദേശാഭിമാനിയുടെ കൊച്ചി, തിരുവനന്തപുരം എഡിഷനുകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. തിരുവനന്തപുരത്തായിരിക്കുമ്പോള്‍ ദേശാഭിമാനിക്കുള്ള ഇ.എം.എസ്സിന്റെ മുഖപ്രസംഗങ്ങള്‍ എഴുതിയെടുത്തിരുന്നത് അബ്ദുള്‍ റഹ്മാനാണ്. കുറച്ചുകാലം ജനറല്‍ എഡിറ്ററും ന്യൂസ് എഡിറ്ററുമായി ജോലിചെയ്ത അദ്ദേഹം 2004-ല്‍ എക്സിക്യൂട്ടീവ് എഡിറ്ററായാണ് ദേശാഭിമാനിയോട് വിടപറയുന്നത്.
ഇന്ത്യന്‍ ഫെഡറേഷന് ഓഫ് വര്‍ക്കിംഗ് ജേര്‍ണലിസ്റ്റിന്റെ ദേശീയ കൗസിലിലും വര്‍ക്കിംഗ് കമ്മിറ്റിയിലും അംഗമായിരുന്നു. കുറച്ചുകാലം സെക്രട്ടറിയുമായി. ഇപ്പോള്‍ സീനിയര്‍ ജേര്‍ണലിസ്റ്റ്സ് ഫോറം സംസ്ഥാന കമ്മിറ്റിയംഗമാണ്.
കൊച്ചി കലൂരില്‍ ഫ്രീഡം റോഡില്‍ ജെ.എം.അപ്പാര്‍ട്ട്മെന്റില്‍ താമസിക്കുന്നു. ഭാര്യ ഖദീജ ബീവി. ഏക മകന് റജീഷ് റഹ്മാന് ഇന്ത്യാവിഷനില്‍ പത്രപ്രവര്‍ത്തകനാണ്.