Kesari Balakrishnapilla
കര്‍മ്മ ജീവിതത്തില്‍ സത്യസന്ധനായിരിക്കണം എന്ന കാരണത്താല്‍ അഭിഭാഷകജോലി ഉപേക്ഷിച്ച് പത്രപ്രവര്‍ത്തനം ഇഷ്ടതൊഴിലായി സ്വീകരിച്ച പ്രതിഭാശാലിയാണ് കേസരി എ.ബാലകൃഷ്ണപിള്ള. ചരിത്ര ഗവേഷകന്, സാഹിത്യകലാചിന്തകന്‍, നിശ്ശബ്ദ വിപ്ലവകാരി എന്നീ നിലകളില്‍ ഇരുപതാം നൂറ്റാണ്ടിന്റെ മലയാള ഭാവനയെ സമഗ്രമായി സ്വാധീനിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.
എഴുപത്തൊന്നു വര്‍ഷം നീണ്ട ജീവിതത്തിനിടയില്‍ 13 വര്‍ഷം മാത്രമേ കേസരി പത്രപ്രവര്‍ത്തനത്തില്‍ വ്യാപരിച്ചിട്ടുള്ളു. അതിനിടെ സമദര്‍ശി, പ്രബോധകന്, കേസരി എന്നീ പത്രങ്ങളുടെ മുഖ്യ പത്രാധിപരായി ഇരുന്നുകൊണ്ട് തിരുവിതാംകൂറിലെ ദിവാന് ഭരണത്തെ വിറപ്പിച്ചു. പ്രബോധകനും കേസരിയും അദ്ദേഹം സ്വയം സ്ഥാപിച്ച പത്രങ്ങളായിരുന്നു. ജീവിതാന്ത്യം വരെ കേസരി എന്ന നിലച്ചുപോയ പത്രത്തിന്റെ പേരില്‍ അറിയപ്പെടാന്‍ ബാലകൃഷ്ണപിള്ള ഇഷ്ടപ്പെട്ടു. കേസരി ബാലകൃഷ്ണപിള്ളയും കേസരി സാഹിത്യ സദസ്സും ഉല്‍തിഷ്ണുക്കളായ മലയാളികളുടെ പ്രചോദനകേന്ദ്രമെന്ന നിലയില്‍ മലയാളക്കരയിലെ ഏറ്റവും മഹത്തായ സാംസ്കാരിക പ്രസ്ഥാനമായിരുന്നു. ദിവാന് സി.പി.രാമസ്വാമി പ്രലോഭനങ്ങള്‍ വഴി ബാലകൃഷ്ണപിള്ളയെ നിശ്ശബ്ദമാക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടപ്പോള്‍ പത്രമാരണനിയമം ഉപയോഗിച്ച് കേസരി പത്രം ഓഫീസ് പൂട്ടി മുദ്രവെച്ചു. പത്രം അച്ചടിച്ചിരുന്ന ശാരദ പ്രസ് വിറ്റ് തിരുപനന്തപുരത്തുനിന്ന് എറണാകുളത്തെ പറവൂരിലേക്ക് താമസം മാറ്റിയ കേസരി ബാലകൃഷ്ണപിള്ള ജീവിച്ചകാലത്ത് ചിന്താശീലരായ യുവാക്കളുടെ ആവേശമായിരുന്നു. ആര്.സുഗതന്, കെ.സി.ജോര്‍ജ്, പി.കൃഷ്ണപിള്ള എന്നീ രാഷ്ട്രീയ നേതാക്കളും പി.കേശവദേവ്, തകഴി, ബഷീര്‍, പോഞ്ഞിക്കര തുടങ്ങിയ സാഹിത്യപ്രതിഭകളും അദ്ദേഹത്തില്‍ നിന്ന് ആശയങ്ങള്‍ ഉള്‍ക്കൊണ്ട നിത്യസഹകാരികളായിരുന്നു. 'കേസരി സദസ്സ്' നൂതനമായ ആശയസംവാദങ്ങള്‍ കൊണ്ട് സമ്പന്നമായപ്പോള്‍ മലയാള സാഹിത്തിന്റെ രീതികള്‍തന്നെ മാറിപ്പോയെന്ന് സാഹിത്യവിമര്‍ശകന്‍ എം.എന്‍.വിജയന് നിരീക്ഷിക്കുന്നു. 'സംഘടനകളുടെ ശക്തികൊണ്ടല്ല അദ്ദേഹം സംസാരിച്ചത്. എന്നിട്ടും ഒരു കാലഘട്ടം മുഴുവന്‍ അദ്ദേഹത്തിന്റെ ചിന്തകൊണ്ടു നിറഞ്ഞു' എന്ന് 'പ്രൊമിത്യൂസിന്റെ കരള്‍' എന്ന പ്രബന്ധത്തില്‍ നിരൂപകന് കെ.പി.അപ്പന് കേസരിയെ അനുസ്മരിക്കുന്നു.
മലയാള പത്രപ്രവര്‍ത്തനത്തിന്റെ ആദര്‍ശമൂല്യങ്ങള്‍ കേസരി ബാലകൃഷ്ണയെപ്പോലുള്ള ഉന്നത ശീര്‍ഷകന്മാര്‍ തീര്‍ത്ത അടിത്തറയില്‍ നിന്നാണ് ഉയര്‍ന്നുവന്നതെന്ന് ചരിത്രം വ്യക്തമായി ചൂണ്ടിക്കാണിക്കുന്നുണ്ട്.