You are here:

Pothen Joseph

നാല് ദശാബ്ം നീണ്ട പത്രപ്രവര്‍ത്തനത്തിനിടയില്‍ 26 പത്രങ്ങളില്‍ ജോലിചെയ്ത അസാധാരണത്വം വിഖ്യാതനായ പോത്തന്‍ ജോസഫിന് മാത്രമേ അവകാശപ്പെടാനാവൂ.    അവയില്‍ മിക്കതും അദ്ദേഹം സ്ഥാപിച്ച പത്രങ്ങളാണെന്ന പ്രത്യേകതയുമുണ്ട്.  
 
ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ തീച്ചൂളയില്‍ നിന്നാണ് പുതിയ ഇന്ത്യയെ വ്യാഖ്യാനിക്കാനുളള  ആവേശവുമായി പോത്തന്‍ ജോസഫ് എന്ന പത്രപ്രവര്‍ത്തകന്‍ ഉയര്‍ന്നുവന്നത്.  ഗാന്ധിജിയുടെ 'യംഗ്  ഇന്ത്യയില്‍' എഡിറ്ററായിരുന്ന ബാരിസ്റ്റര്‍ ജോര്‍ജ് ജോസഫിന്റെ സ്വാധീനം അനുജനായ പോത്തന്‍ ജോസഫിനെ പത്രപ്രവര്‍ത്തനത്തിലേക്ക് ആകര്‍ഷിച്ചു.  1947-ന് മുമ്പുള്ള ഇരുപത് വര്‍ഷവും ശേഷമുള്ള ഇരുപത് വര്‍ഷവുമാണ് പോത്തന്റെ പത്രപ്രവര്‍ത്തനകാലം.  ബോംബെയില്‍ ബി.ജി.ഹോണ്ടിമാന്‍ നയിച്ചിരുന്ന ക്രോണിക്കിള്‍ എന്ന പത്രത്തില്‍ ചേര്‍ന്ന പോത്തന്‍ പത്രാധിപരുടെ  പ്രവര്‍ത്തന സ്വാതന്ത്ര്യത്തിന്റെ മഹിമ ഉയര്‍ത്തിപ്പിടിക്കാനും പത്രജീവനക്കാരുടെ അവകാശങ്ങള്‍ ഉറപ്പിക്കാനും നിരന്തരം പോരാടി.  അതിനാല്‍ ഒരു പത്രത്തിലും ദീര്‍ഘകാലം ഉറച്ചുനില്‍ക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല.
 
ദൈനംദിന സംഭവങ്ങളെകുറിച്ച് പോത്തന്‍ എഴുതിയ 'ഓവര്‍ എ കപ്പ് ഓഫ് ടി' എന്ന പംക്തി അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുള്ള   പത്രങ്ങളുടെ പ്രചാരത്തിന് മുഖ്യകാരണമായപ്പോള്‍ അദ്ദേഹത്തെ സ്വാഗതം ചെയ്യാന്‍ പത്രഉടമകള്‍ എപ്പോഴും തയ്യാറായി.  ദിനപത്രങ്ങളില്‍ മുഖപ്രസംഗംപോലെ നിത്യവും പംക്തി എന്ന പതിവ് പോത്തനാണ് തുടങ്ങിയത്.  അദ്ദേഹത്തിന്റെ പംക്തിക്ക് ബൈലൈന്‍ ഇല്ലായിരുന്നു.  എങ്കിലും നിത്യവും അത് എഴുതുന്നത് ആരെന്ന് വായനക്കാര്‍ക്ക് ആ ശൈലിയുടെ സവിശേഷതമുലം അറിയാമായിരുന്നു.  മഹാത്മജിയും രാജാജിയും  'ഓവര്‍ എ കപ്പ് ഓഫ് ടിയുടെ'  നിത്യവായനക്കാരായിരുന്നു.  കലാശാലാ പ്രൊഫസര്‍ മുതല്‍ കോണാട്ട്‌പ്ലേയ്‌സിലെ കച്ചവടക്കാരും വരെ ആ പംക്തിയുടെ വായനക്കാരും പോത്തന്‍ ജോസഫിന്റെ ആരാധകരും ആയി.  എഴുത്തുകാരനും പത്രാധിപരുമായിരുന്ന ഫ്രാങ്ക്  മെറയ്‌സ് 'ഓവര്‍ എ കപ്പ് ഓഫ് ടി' എന്ന പംക്തിയെകുറിച്ച് ഇങ്ങനെ രേഖപ്പെടുത്തി.  : 'മഴയേയും കാറ്റിനെയും കൂസാതെ നീണ്ട് നാല്‍പത് കൊല്ലം എല്ലാ ദിവസവും ഒരു പംക്തി എഴുതാന്‍ ജോസഫിന് മാത്രമേ കഴിയൂ.  വാരികയുടെ ശീലമായ പംക്തിയെ ദിനപത്രത്തിന്റെ ആവശ്യമാക്കി മാറ്റിയ ആദ്യ സംഭവമാണത്.  
 
1892 മാര്‍ച്ച് 13-ന് ചെങ്ങന്നൂരിലെ ഊറയില്‍ കുടുംബത്തില്‍ ജനിച്ച പോത്തന്‍ ജോസഫ് പത്രപ്രവര്‍ത്തകരുടെ തൊഴില്‍ സംഘടനയുടേയും ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ എഡിറ്റേഴ്‌സ് കോഫറന്‍സിന്റെയും നേതാവായിരുന്നു.  സംഘടനയില്‍ വിഭാഗീയത ഉണ്ടെന്നുകണ്ട്  പ്രതിഷേധപൂര്‍വം സമ്മേളനത്തില്‍ നിന്നും അദ്ദേഹം ഇറങ്ങിപ്പോയി.  ശ്യാംലാല്‍, ദുര്‍ഗ്ഗാദാസ്, എടത്തട്ട നാരായണന്‍, കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍, ചമന്‍ ലാല്‍ എന്നീ പ്രശസ്ത വ്യക്തികള്‍ പോത്തന്‍ജോസഫിന്റെ പ്രോല്‍ത്സാഹനത്തില്‍  മാധ്യമരംഗത്തു വളര്‍ന്നു.  പാക്കിസ്ഥാനിലെ ഡോ മുതല്‍ ബാംഗ്‌ളൂരിലെ ഡക്കാന്‍ ഹെറാള്‍ഡ് വരെയുള്ള പത്രങ്ങള്‍ പോത്തന്‍ ജോസഫ് സ്ഥാപിച്ചവയാണ്.
Visit family site