You are here:

Kambissery Karunakaran

ഏഴ് ദിനപത്രങ്ങളില്‍ ജോലിചെയ്ത് പത്രപ്രവര്‍ത്തനത്തിന്റെ നാനാ മേഖലകളില്‍ സ്ഥിരമായി ശോഭിച്ച വ്യക്തിയാണ് കാമ്പിശ്ശേരി കരുണാകരന്‍.  തലസ്ഥാന നഗരത്തിലെ സാധാരണ റിപ്പോര്‍ട്ടര്‍ മുതല്‍ ചീഫ് എഡിറ്റര്‍ വരെ നീളുന്ന എല്ലാ മേഖലകളിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.  ജനയുഗത്തിന്റെ പത്രാധിപരെന്ന നിലയില്‍ കാല്‍നൂറ്റാണ്ടുകാലം കാമ്പിശ്ശേരി മലയാള പത്രപ്രവര്‍ത്തന രംഗത്ത് സൃഷ്ടിച്ച മാതൃക അവിസ്മരണീയം.  സി.പി.ഐ.യുടെ മുഖപത്രമെന്നതിലുമുപരി ജനയുഗത്തെ വിവിധതര ആനുകാലിക പ്രസിദ്ധീകരണങ്ങളിലൂടെ ഒരു കാലത്ത് കേരളത്തിലെ പൊതുവായനാ സമൂഹത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നത് കാമ്പശ്ശരി കുരണാകരനായിരുന്നു.  സാഹിത്യം, രാഷ്ട്രീയം, സിനിമ, യുക്തിചിന്ത, ശാസ്ത്രം എന്നീ മേഖലകളില്‍ നൂതനമായ അറിവുകള്‍ സ്വാംശീകരിക്കുന്നതില്‍ ജനയുഗം പ്രസിദ്ധീകരണങ്ങളെ അദ്ദേഹം  മുന്നില്‍  നിര്‍ത്തി.  ആശയലോകത്ത് അവസാന വാക്ക് എന്ന എന്നൊന്നില്ല. ആരാണ് ശിരയെന്നും തെറ്റെന്നും കാലം നിശ്ചയിക്കട്ടെ എന്ന വിശാലമായ കാഴ്ചപ്പാട് പുലര്‍ത്തിയ പത്രാധപരായിരുന്നു കാമ്പിശ്ശേരി.    കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രചരണായുധം എന്ന നിലയില്‍ നിന്ന് ജനയുഗത്തെ എല്ലാ ഭവനങ്ങളിലും സ്വീകാര്യമാകുന്ന പ്രസിദ്ധീകരണമാക്കി വളര്‍ത്താനാണ് കാമ്പശ്ശേരി ശ്രമിച്ചത്.  അതിനാല്‍ ജനയുഗം വാരികയുടെ പ്രചാരം അദ്ദേഹം പത്രാധിപരായിരുന്ന കാലത്ത് അച്ചടിയന്ത്രത്തിന്റെ ക്ഷമതയും കവിഞ്ഞുപോയി.  ഏജന്റുമാര്‍ കൂടുതല്‍ കോപ്പി ആവശ്യപ്പെടരുതെന്ന് പരസ്യം നല്‍കിയ ഏക വാരികയും കാമ്പിശ്ശേരിയുടെ ജനയുഗമാണ്.  
 
രാഷ്ട്രീയത്തില്‍ നിന്ന് പത്രപ്രവര്‍ത്തനത്തിലേക്ക് വന്ന കാമ്പിശ്ശേരി കരുണാകരന്‍ പ്രതിബാധനനായ ഒരു നടന്‍ എന്ന നിലയിലും പ്രശസ്തനായിരുന്നു.  നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന നാടകത്തില്‍ പരമുപിള്ളയായും, ശരശയ്യയില്‍ കുഷ്ഠരോഗിയായും അഭനയിച്ച കാമ്പിശ്ശേരി ആസ്വാദകരുടെ പ്രശംസ നേടി.  ഏതാനും സിനികളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.  തിരുകൊച്ചി നിയമസഭയില്‍ അംഗമായിരിക്കുമ്പോഴാണ്   നാടകവേദിയില്‍ കാമ്പശ്ശേരി തിരക്കുള്ള നടനായി തിളങ്ങിയത്.  എന്നാല്‍ അഭിനയവും പാര്‍ലമെന്ററി രാഷ്ട്രീയവും എന്നെന്നേക്കുമായി ഉപേക്ഷിച്ച് തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പത്രപ്രവര്‍ത്തനത്തില്‍ പില്‍ക്കാലത്ത് അദ്ദേഹം പൂര്‍ണ്ണമായി മുഴുകി.  ബംഗാളി നോവലുകള്‍ പരിഭാഷയിലൂടെ മലയാളം വായനക്കാര്‍ക്ക് സുപരിചിതമാക്കാന്‍ പത്രാധിപരെന്ന നിലയില്‍ കാമ്പിശ്ശേരി കാട്ടിയ താത്പര്യം ശ്രദ്ധേയമാണ്.    മലയാള പത്രങ്ങളില്‍ ആദ്യമായി ബോക്‌സ് കാര്‍ട്ടൂണ്‍ എന്ന ആശയവും അദ്ദേഹം കൊണ്ടുവന്നു.  അത് മറ്റുപത്രങ്ങളെല്ലാം പിന്നീട് അനുകരിച്ചു.  യേശുദാസന്‍, ജി.സോമനാഥന്‍, അജയഘോഷ്, സുജാതന്‍ എന്നീ കാര്‍ട്ടൂണിസ്റ്റുകളെ പരിചയപ്പെടുത്തിയത് കാമ്പശ്ശേരിയാണ്.  യുവ എഴുത്തുകാരുടേയും കലാകാരന്മാരുടേയും പത്രപ്രവര്‍ത്തകരുടേയും കളരിയായി ജനയുഗം, സിനിരമ, ബാലയുഗം തുടങ്ങിയ പ്രസിദ്ധീകരണങ്ങളെ മാറ്റിയ കാമ്പശ്ശേരിയുടെ നര്‍മ്മബോധം പ്രസിദ്ധമാണ്.  നാടകവേദിയെപ്പറ്റിയും അഭിനയകലയേക്കുറിച്ചും വ്യക്തിബന്ധങ്ങളെകുറിച്ചും കാമ്പശ്ശേരി എഴുതിയ ഗ്രന്ഥങ്ങള്‍ സരസമായ വായനാനുഭവങ്ങളാണ്.  1977 ജൂലായില്‍ 56-ാം വയസ്സില്‍ അന്തരിക്കുമ്പോള്‍ മലയാള പത്രപ്രവര്‍ത്തനത്തിന് മറക്കാനാവാത്ത ഒരു മാതൃക അദ്ദേഹം അവശേഷിപ്പിച്ചിരുന്നു.