You are here:

Narayanan Edathatta

കേരള രാജ്യത്തിനു സമ്മാനിച്ച പ്രതിഭാശാലിയായ പത്രപ്രവര്‍ത്തകരില്‍ ഒരാളായിരുന്നു എടത്തട്ട നാരായണന്‍.  ഹിന്ദുസ്ഥാന്‍ ടൈംസ്, പഴനിയര്‍ എന്നീ പത്രങ്ങളില്‍ ജോലിചെയ്തശേഷം സോഷ്യലിസ്റ്റ് ആയിരുന്ന എടത്തട്ട ലിങ്ക് വാരികയും പേട്രിയട്ട് ദിനപത്രവും സ്ഥാപിച്ചു.  ന്യൂഡല്‍ഹി കോണാട്ട് പ്ലെയ്‌സിലെ ലിങ്ക് ഹൗസ് ഒരിക്കല്‍ രാജ്യത്തെ ഉല്‍പ്പതിഷ്ണുക്കളുടെ താവളമായിത്തീര്‍ന്നത് എടത്തട്ട നാരായണന്റെ സാന്നിദ്ധ്യം മൂലമാണ്.  കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഖപത്രങ്ങളായിരുന്ന ക്രോസ് റോഡ്, ന്യൂ ഏജ് എന്നിവയില്‍ എഡിറ്ററായിരിക്കെ ആശയപരമായ  വിയോജിപ്പുകളില്‍ അരുണാ അസഫലിക്കൊപ്പം എടത്തട്ട ബന്ധങ്ങള്‍ ഉപേക്ഷിച്ചു.  വി.കെ.കൃഷ്ണമേനോന്റെ ഒത്താശയോടെ 1963-ല്‍ പേട്രിയട്ട് പത്രം സ്ഥാപിച്ചുകൊണ്ട് ഇന്ത്യന്‍ ജനാധിപത്യത്തിനും പത്രപ്രവര്‍ത്തനത്തിനും വ്യത്യസ്തമായ വ്യാഖ്യാനങ്ങള്‍ ചമയ്ക്കാന്‍ അദ്ദേഹം ശ്രമിച്ചു.  സോവിയറ്റ് പട്ടാളം ഒരിക്കല്‍ ചൈനാ അതിര്‍ത്തിയില്‍ നുഴഞ്ഞുകയറിയതും കാവല്‍ക്കാരെ വെടിവച്ചതും ലിങ്ക് വാരിക റിപ്പോര്‍ട്ട് ചെയ്തതിലൂടെ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകള്‍ക്കിടയില്‍ വലിയ ആശയക്കുഴപ്പം ഉടലെടുത്തു.  ഒരു കമ്മ്യൂണിസ്റ്റ് രാജ്യം മറ്റൊരു കമ്മ്യൂണിസ്റ്റ് രാഷ്ട്രത്തെ ആക്രമിച്ച സംഭവം  കമ്മ്യൂണിസ്റ്റ് വിരുദ്ധര്‍ക്കിടയിലും കൗതുകമുണര്‍ത്തി.  പ്രജാ സോഷ്യലിസത്തെപ്പറ്റി എടത്തട്ട എഴുതിയ ഗന്ഥത്തില്‍ ലോക കമ്മ്യൂണിസത്തിന് ഭാവിയില്ലെന്നും ഇന്ത്യയില്‍ പ്രാദേശിക പാര്‍ട്ടികളുടെ ആധിപത്യം ഉണ്ടാകുമെന്നും തമിഴ്‌നാട്ടില്‍ കോഗ്രസ്സിനെ തോല്‍പിച്ച് അധികാരത്തില്‍ വന്ന ഡി.എം.കെയെ ചൂണ്ടി എടത്ത' പ്രവചിച്ചിട്ടുണ്ട്.
 
തലശ്ശേരിയിലെ തിരുവങ്ങാട്ട് 1907-ല്‍ ജനിച്ച നാരായണന്‍ തമിഴ്‌നാട്ടിലെ മദമല്‍പേട്ടിലാണ് ബാല്യകൗമാരങള്‍ ചെലവിട്ടത്.  ഇന്റര്‍മീഡിയറ്റ് കഴിഞ്ഞ് മദ്രാസ് പ്രസിഡന്‍സി കോളേജില്‍ ഇംഗ്ലീഷ് സാഹിത്യം പഠിക്കാന്‍ ഡിഗ്രിക്ക് ചേര്‍ന്നെങ്കിലും സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തതിനാല്‍ കോളേജില്‍ നിന്ന് പുറത്താക്കപ്പെട്ടു.  ഗാന്ധിജിയുടെ 'യംഗ് ഇന്ത്യയില്‍' ലേഖനങ്ങള്‍ എഴുതി പത്രപ്രവര്‍ത്തനത്തിലേക്ക് വന്ന എടത്തട്ട തന്റെ സഹപാഠിയായ ചലപതി റാവുവിനെ ചെറുപ്പത്തില്‍ വിസ്മയിപ്പിച്ച എഴുത്തുകാരനായിരുന്നു.
 
1978-ല്‍ അന്തരിക്കും വരെ രാഷ്ട്രീയവും പത്രപ്രവര്‍ത്തനവും സമരസപ്പെടുത്തുന്ന ഒരു ചിന്താശീലവും ജീവിതവും എടത്തട്ട നാരായണന്‍ കാത്തുസുക്ഷിച്ചു.  കേരളത്തില്‍ നിന്നു ഡല്‍ഹിയിലെത്തുന്ന യുവ പത്രപ്രവര്‍ത്തകര്‍ക്ക് അഭയവും അനുഗ്രഹവുമായിരുന്നു അദ്ദേഹം