You are here:

Muhammed Abdurahiman Sahib

1898-ല്‍ കൊടുങ്ങല്ലൂരിലെ അഴീക്കോട് കുലീന കുടംബത്തില്‍ ജനിച്ച മുഹമ്മ്ദ് അബ്ദുറഹിമാന്‍ പ്രഥമിക വിദ്യാഭ്യാസത്തിനുശേഷം കൊടുങ്ങല്ലൂര്‍ ഹൈസ്‌കൂളില്‍ ഇംഗ്ലീഷ് പഠനം നടത്തി.  വാണിയമ്പാടി മദ്രസാ ഇസ്ലാമിയ്യയില്‍ പഠനം തുടര്‍ന്നു.  കോഴിക്കോട് ബാസല്‍ മിഷന്‍ സ്‌കൂളില്‍ ചേര്‍ന്ന് മെട്രിക്കുലേഷന്‍ പൂര്‍ത്തിയാക്കി.  മദിരാശി മുഹമ്മദന്‍ കോളേജില്‍ എഫ്.എ.പരീക്ഷ പാസായി പ്രസിഡന്‍സി കോളേജില്‍ ബി.എ ഓണേഴ്‌സിന് ചേര്‍ന്നപ്പോഴാണ് മൗലാനാ മുഹമ്മദലിയുടേയും മൗലാനാ അബ്ദുല്‍കലാം ആസാദിന്റേയും ആഹ്വാനം ശ്രവിച്ച് മലബാറിലെ ഖിലാഫത്ത് നിസ്സഹകരണ പ്രസ്ഥാനത്തിന്റെ നേതൃത്വമേറ്റെടുക്കുന്നത്.  മലബാറിലെ ബ്രിട്ടീഷ് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം ശക്തി പകര്‍ന്നപ്പോള്‍ കിരാതമര്‍ദ്ദനങ്ങളാണ് ഏറ്റുവാങ്ങിയത്.  
പട്ടാള നടപടിയെ അതിരൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് ഹിന്ദു പത്രത്തില്‍ ലേഖനം എഴുതിയതിന്റെ പേരില്‍ 1921 ഒക്‌ടോബര്‍ 12-ന് അബ്ദുറഹിമാന്‍ സാഹിബിനെ അറസ്റ്റുചെയ്തു.  പട്ടാളക്കോടതി രണ്ടുവര്‍ഷത്തെ കഠിനതടവിന് ശിക്ഷിച്ചു.   ബല്ലാരി ജയിലില്‍ കൈകാലുകള്‍ ഇരുമ്പു ചങ്ങലകളില്‍ ബന്ധിക്കപ്പെട്ടാണ് അദ്ദേഹത്തെ പാര്‍പ്പിച്ചത്.  ഈ സന്ദര്‍ഭത്തിലാണ് ഒരു പത്രം ആരംഭിക്കാനുള്ള ആശയം മൊട്ടിടുന്നത്. ജയില്‍വാസം കഴിഞ്ഞ്  പുറത്തിറങ്ങിയ ഉടനെ കോഴിക്കോട്ടെത്തി അല്‍അമീന്‍ പത്രത്തിന്റെ പ്രവര്‍ത്തനം ആരംഭിച്ചു.  അല്‍ അമീനിലൂടെ അബ്ദുറഹിമാന്‍ സാഹിബ് നടത്തിയ സത്യഗര്‍ജ്ജനം ഉദ്യോഗസ്ഥ മേധാവികളേയും പ്രമാണിമാരേയും ഞെട്ടിച്ചു.    ആദര്‍ശധീരരും രാജ്യസ്‌നേഹികളും നീതിക്കും സത്യത്തിനും വേണ്ടി വാദിച്ച പരശ്ശതം ആളുകളും അല്‍അമീനിനെ ആദരിച്ചു.  സ്വാതന്ത്ര്യത്തിന്റെ തീജ്ജ്വാല പടര്‍ത്തുവാന്‍ പ്രതിജ്ഞയെടുത്ത അല്‍അമീന്‍ ദേശീയാവേശം പകരുകയും മതമൈത്രിക്ക് വേണ്ടി പോരാടുകയും ചെയ്തപ്പോള്‍ അധികാരികള്‍ പത്രത്തെ അടച്ചുപൂട്ടി. അബ്ദുറഹിമാന്‍ കോഴിക്കോട് കടപ്പുറത്ത് ഉപ്പുസത്യഗ്രഹത്തിന്  നേതൃത്വം നല്‍കിയപ്പോള്‍ ഒരു നേതാവിനും ഒരുകാലത്തും അനുഭവിക്കേണ്ടതായി വന്നിില്ലാത്ത കിരാതമര്‍ദ്ദനങ്ങളാണ് ഏറ്റുവാങ്ങേണ്ടിവന്നത്.  കണ്ണൂര്‍, വെല്ലൂര്‍, ബല്ലാരി ജയിലുകളില്‍ മാറിമാറി കഴിയേണ്ടിയും വന്നു.  മോചിതനായപ്പോള്‍ ബ്രിട്ടീഷുകാര്‍ ആവിഷ്‌ക്കരിച്ച ആന്‍ഡമാന്‍ പദ്ധതിയേയും മാപ്പിള ഔട്ട്‌റേജയസ് ആക്ട് തുടങ്ങിയ കരിനിയമങ്ങളേയും അതിശക്തമായി എതിര്‍ത്ത് മുന്നേറി.  
1937-ല്‍ മലപ്പുറം ഡിവിഷനില്‍ നിന്ന് മദിരാശിയിലെത്തി.  അസംബ്ലിയിലേക്ക് കോഗ്രസ്  സ്ഥനാര്‍ത്ഥിയായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ നിയമസഭയില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ജനശ്രദ്ധപിടിച്ചുപറ്റി.  അബ്ദുറഹിമാന്‍ സാഹിബ് കെ.പി.സി.സി പ്രസിഡന്റ് സ്ഥാനവും ഏറ്റെടുത്തു.  ഇ.എം.ശങ്കരനമ്പരൂതിരിപ്പാടായിരുന്നു സെക്രട്ടറി.  കോണ്‍ഗ്രസ് ജനകീയ പ്രസ്ഥാനമായി വളരാനും സമരസംഘടനയായിത്തീരാനും ഇതിടയാക്കി.  മുനിസിപ്പല്‍ കൗസിലര്‍, ഡിസ്ട്രിക്ട് ബോര്‍ഡ് മെമ്പര്‍, അദ്ധ്യാപക യൂണിയന്‍ പ്രസിഡന്റ് എന്നീ നിലകളിലെല്ലാം ശോഭിച്ച അദ്ദേഹം അവശത അനുഭവിക്കുന്നവരുടെ  രക്ഷാകേന്ദ്രമായി കണ്ടത് കോഴിക്കോെട്ട അല്‍അമീന്‍ ലോഡ്ജായിരുന്നു.  വൈക്കം മുഹമ്മദ് ബഷീറും കെ.എ.കൊടുങ്ങല്ലൂരും, ഇ.മൊയ്തുമൗലവിയും , എന്‍.പിഅബുസാഹിബും ഉള്‍പ്പെടെയുള്ള അക്ഷരസ്‌നേഹികള്‍ക്കും  ദേശീയ-രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും അക്ഷരാര്‍ത്ഥത്തില്‍ അത്താണിയായിരുന്നു അല്‍അമീന്‍ ലോഡ്ജ്.  ഇതേക്കുറിച്ച് സ്വാതന്ത്ര്യസേനാനി ഇ.മൊയ്തുമൗലവി 'എന്റെ കൂട്ടുകാരന്‍' എന്ന ഗ്രന്ഥത്തില്‍ സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്.
സ്വാതന്ത്ര്യത്തിന്റെ പൊന്‍പുലരി ദര്‍ശിക്കാന്‍ ധീരനായ ആ പടനായകന് വിധി അനുവദിച്ചില്ല.  1945 നവംബര്‍ 22-ാം തീയതി കൊടിയത്തൂരില്‍ ഒരു സമ്മേളനത്തില്‍ പ്രസംഗിച്ചു തിരിച്ചുവരവേ ഹൃദ്രോഗബാധയാല്‍ ജീവന്‍പൊലിയുകയാണുണ്ടായത്.  48 വയസ്സ് മാത്രമേ മരിക്കുമ്പോള്‍ അബ്ദുറഹിമാന്‍ സാഹിബിന് പ്രായമുണ്ടായിരുന്നുള്ളു.  ഒരു പുരുഷായുസ്സില്‍ ചെയ്തുതീര്‍ക്കാവുന്ന അമൂല്യസേവനമാണ് അദ്ദേഹം രാജ്യത്തിന് കാഴ്ചവെച്ചത്. 
1926-ല്‍ 28-ാമത്തെ വയസ്സില്‍ അബ്ദുറഹിമാന്‍ സാഹിബ് വിവാഹിതനായിരുന്നു.  പിറ്റേവര്‍ഷം വസൂരിരോഗത്താല്‍ ഭാര്യ കുഞ്ഞിബീവാത്തു മരണമടഞ്ഞു.  പിന്നീട് പുനര്‍വിവാഹത്തിന് അദ്ദേഹം തയ്യാറായില്ല.  അല്‍അമീന്‍ പത്രമാണ് അബ്ദുറഹിമാന്‍ സാഹിബിന്റെ നിത്യസ്മാരകം.  പത്രം നടത്തിപ്പില്‍ നിരവധി ക്ലേശങ്ങള്‍ അദ്ദേഹം അനുഭവിച്ചു.    അല്‍അമീന്‍ അസ്തമിച്ചുപോയെങ്കിലും കേരളീയഹൃദയങ്ങളില്‍ അതിനെക്കുറിച്ചുള്ള ഉപകാരസ്മരണകള്‍ ഒരിക്കലും മായില്ല.  ഒരു പത്രത്തിന് ജനഹൃദയങ്ങളില്‍ ആത്മധൈര്യം വളര്‍ത്താനാവുമെന്ന് അല്‍അമീന്‍ തെളിയിച്ചു.  
ആദ്യം ത്രൈവാരികയായി ആരംഭിച്ച അല്‍അമീന്‍ 1930 ജ് 25 മുതലാണ് ദിനപത്രമായത്.  അതേവര്‍ഷം ആഗസ്റ്റ് നാലിന് ഓര്‍ഡിനെന്‍സാണ് അമീനെ പിടികൂടിയത്.  നവംബറില്‍ വീണ്ടും പ്രസിദ്ധീകരിച്ചു.  സാമ്പത്തിക കുഴപ്പം നിമിത്തം വീണ്ടും ത്രൈവാരികയാക്കി.  1935 മാര്‍ച്ച് 15-ന്  വീണ്ടും ദിനപത്രമായി.  1939 സെപ്തംബര്‍ 29-ന് സര്‍ക്കാര്‍ താക്കീതനുസരിച്ച് നിര്‍ത്തി.  ഇക്കാലങ്ങളിലൊക്കെ തൂലിക ചലിപ്പിച്ചും ത്യാഗം സഹിച്ചും മുറുമുറുപ്പില്ലാതെ ജോലി നിര്‍വഹിച്ച ഗോപാലപിള്ള, എ.മുഹമ്മദ് കണ്ണ്,  ടി.പി.കുഞ്ചുണ്ണിമേനോന്‍, വക്കം അബ്ദുല്‍ഖാദര്‍, എ.വി.മേനോന്‍, അബ്ദുറഹിമാന്‍ സാഹിബിന്റെ സഹോദരന്‍ കെ.എ.ഇബ്രാഹിം തുടങ്ങിയവര്‍ വലിയൊരു പാഠമാണ് പിന്‍തലമുറക്ക് നല്‍കിയത്.
Previous:
Next: