Parukutty Amma
സ്വാതന്ത്ര്യസമരത്തില്‍ പങ്കുചേര്‍ന്ന രാഷ്ട്രീയ പ്രവര്‍ത്തക, അധ്യാപിക, പത്രപ്രവര്‍ത്തക, പ്രാസംഗിക എന്നീ നിലകളില്‍ മലബാറിലെ പൊതുജീവിതത്തില്‍ പ്രസക്തയായിരുന്നു പാറുക്കുട്ടിയമ്മ.
കോഴിക്കോട്ടെ നെച്ചൂളി അച്യൂതന് നായരുടേയും മലപ്പുറം അരിയല്ലൂര്‍ വടക്കുംതാന്നി ലക്ഷ്മിക്കുട്ടിയമ്മയുടേയും മകളായി 1923-ലാണ് ജനനം. കോഴിക്കോട് ബി.ഇ.എം സ്കൂളില്‍ നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി മലബാര്‍ ക്രിസ്ത്യന്‍ കോളേജിലും പിന്നീട് മദ്രാസ് ക്രിസ്ത്യന്‍ കോളേജിലും പഠിച്ചു. ഗണിതശാസ്ത്രത്തില്‍ ബിരുദവും ബിഎഡ്ഡും നേടി. അധ്യാപികയായി ബി.എം. സ്കൂളില്‍ ജോലിചെയ്തുകൊണ്ടിരിക്കെ പൊതുരംഗത്തും സജീവമായി. ഇംഗ്ലീഷില്‍ പരിജ്ഞാനമുണ്ടായിരുന്നതിനാല്‍ പ്രമുഖ കോണ്‍ഗ്രസ് നേതാക്കളുടെ പ്രസംഗ പരിഭാഷകയായി ശോഭിച്ചു.
കണ്ണൂരിലും കാഞ്ഞങ്ങാട്ടുമൊക്കെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ പ്രസംഗങ്ങള്‍ പരിഭാഷപ്പെടുത്തി പ്രശംസ പിടിച്ചുപറ്റി. ഡോ.എസ്.രാധാകൃഷ്ണന്, വി.വി.ഗിരി, സഞ്ജീവറെഡ്ഡി, ഇന്ദിരാഗാന്ധി, സ്വാമി ചിന്മയാനന്ദന് എന്നിവരുടെ പ്രൗഢമായ നിരവധി പ്രസംഗങ്ങള്‍ മൊഴിമാറ്റം നടത്തിയിട്ടുണ്ട്. അധ്യാപന ജീവിതത്തില്‍ 17 വര്‍ഷം ബാക്കിയിരിക്കെ രാജിവച്ച് കോഴിക്കോട് മാതൃഭൂമിയില്‍ ലൈബ്രേറിയനായി. ഒരു വ്യാഴവട്ടം മാതൃഭൂമിയുടെ എഡിറ്റോറിയല്‍ വിഭാഗത്തില്‍ ജോലിചെയ്തു.
കോഴിക്കോട് നഗരത്തിലെ സാമൂഹ്യ-സാംസ്കാരിക മേഖലകളില്‍ പാറുക്കുട്ടിയമ്മ നിറസാന്നിദ്ധ്യമായിരുന്നു. കോഴിക്കോട്ടെ പുവര്‍ഹോം സൊസൈറ്റിയുടേയും ജുവനൈല്‍ ഹോമിന്റേയും മുഖ്യ സംഘാടകരിലൊരാളായിരുന്നു. കോണ്‍ഗ്രസ്സിലെ പിളര്‍പ്പിനെ തുടര്‍ന്ന് സജീവരാഷ്ട്രീയം വിട്ട പാറുക്കുട്ടിയമ്മ വ്യക്തിജീവിതത്തില്‍ ഏകാകിനിയായിരുന്നു. മഹദ് വ്യക്തികളുടെ ജീവചരിത്രരചനയിലും ഗീതാജ്ഞാന യജ്ഞങ്ങളിലും മുഴുകിയ പാറുക്കുട്ടിയമ്മ ചിത്രങ്ങള്‍ പെയ്ന്റ് ചെയ്തും കവിതയെഴുതിയും വാര്‍ദ്ധക്യ ജീവിതത്തിലെ വിരസത ഒഴിവാക്കി.
2013 സെപ്തംബര്‍ 19-ന് 90-ാം വയസ്സില്‍ കോഴിക്കോട്ട് അന്തരിച്ചു.