You are here:

Chowalloor Krishnankutti

നാനാമേഖലകളില്‍ പ്രശംസനീയമായ നേട്ടങ്ങള്‍ കൈവരിച്ച ബഹുമുഖപ്രതിഭയാണെങ്കിലും ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി ആദ്യം മുതല്‍ ഒരു മുഴുവന്‍സമയ പത്രപ്രവര്‍ത്തകനാണ്. ചെണ്ടക്കാരനായും പാട്ടുകാരനായും കഥകളിക്കാരനായും  എഴുത്തുകാരനായും കവിയായും തിരക്കഥാകൃത്തായും ഹാസ്യരചയിതാവും ഗാനരചയിതാവായുമെല്ലാം പേരെടുത്ത പ്രതിഭാശാലിയാണ് ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി. 

ഗുരുവായൂരിനടുത്ത് ചൊവ്വല്ലൂരില്‍ 1936 ജുണ്‍ 11നാണ് ജനിച്ചത്. അച്ഛന്‍: കെ.വി.ശങ്കുണ്ണി വാര്യര്‍. അമ്മ:  പാറുക്കുട്ടി വാരസ്യാര്‍. തൃശ്ശൂര്‍ ശ്രീ കേരളവര്‍മ്മ കോളേജില്‍നിന്നു ബിരുദം നേടിയ ശേഷം 1959ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രസിദ്ധീകരണമായ നവജീവനില്‍ ജോലിക്കു ചേര്‍ന്നു. 1963 വരെ സബ് എഡിറ്ററായി അവിടെ തുടര്‍ന്നു. 
സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കേ കമ്യൂണിസ്റ്റ് സഹയാത്രികനായാണ് ജീവിതയാത്ര തുടങ്ങിയത്. ജോസഫ് മുണ്ടശ്ശേരിയുടെയും  എം.ആര്‍.ബി.യുടെയും ലേഖനങ്ങള്‍ കേട്ടെഴുതുക നവജീവനില്‍ ചൊവ്വല്ലൂരായിരു. ഉറൂബും തകഴിയും പി.ഭാസ്‌കരനും വയലാര്‍ രാമവര്‍മ്മയും ബഷീറും ചൊവ്വല്ലൂരിന് ഗുരുക്കളായി ഒപ്പം പ്രവര്‍ത്തിച്ചിന്നുണ്ട്. 
1963-64 കാലത്ത് ഗുരുവായൂരില്‍നിന്നു പ്രസിദ്ധപ്പെടുത്തുന്ന സ്വതന്ത്രമണ്ഡപം പത്രത്തിന്റെ എഡിറ്ററായി. 

1966-ല്‍ മലയാള മനോരമയുടെ കോഴിക്കാട് യൂണിറ്റില്‍ സബ് എഡിറ്ററായി ചേര്‍ന്നു. 2004 ജനവരിയില്‍ അസി.എഡിറ്ററായാണ് വിരമിച്ചത്. കോഴിക്കോട്  ഭാരതീയ വിദ്യാഭവന്‍ മാസ് കമ്യൂണിക്കേഷന്‍ സെന്ററില്‍ ഹോണററി ലെക്്ചറര്‍ ആയും കേരള കലാമണ്ഡലം വൈസ് ചെയര്‍മാന്‍ ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്.   

ആക്ഷേപഹാസ്യ നോവലുകളായും ഹാസ്യകഥകളായും കലാ സാഹിത്യപഠനങ്ങളായും വിവര്‍ത്തനങ്ങളായും 16 പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിരവധി ചലചിത്രങ്ങള്‍ക്ക് തിരക്കഥകളും ഗാനങ്ങളും രചിച്ച ചൊവ്വല്ലൂര്‍ ആറു പടങ്ങളില്‍ അഭിനയിച്ചിട്ടുമുണ്ട്. നിരവധി റേഡിയോ നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്.   കമ്യൂണിസത്തിലാണ് തുടങ്ങിയതെങ്കിലും ഭക്തകവി ആയാണ് ചൊവ്വല്ലൂര്‍ പ്രസിദ്ധി നേടിയത്. 2500-ലേറെ ഭക്തിഗാനങ്ങള്‍ അദ്ദേഹം എഴുതിയിട്ടുണ്ട്.     

ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍, കലാമണ്ഡലം കല്യാണിക്കുട്ടി, വെങ്കിച്ചന്‍സ്വാമി, കലാമണ്ഡലം രാമന്‍കുട്ടിനായര്‍, കലാമണ്ഡലം അപ്പുക്കുട്ടി പൊതുവാള്‍, കീഴ്പാടം കുമാരന്‍ നായര്‍, ചെമ്പക്കുളം പാച്ചുപ്പിള്ള, കുടമാളൂര്‍ കരുണാകരന്‍ നായര്‍ തുടങ്ങിയ കലാകാരന്മാരെക്കുറിച്ചുള്ള ഡോക്യമെന്ററികളുടെയും ടെലിഫിലിമുകളുടെയും രചന ചൊവ്വല്ലൂരാണ് നിര്‍വഹിച്ചത്്. ക്ഷേത്രകലാരംഗത്ത് പ്രവര്‍ത്തിച്ചിരു ഏറെ പ്രതിഭാശാലികളെ പ്രസിദ്ധരാക്കിയത് ചൊവ്വല്ലൂരിന്റെ ലേഖനങ്ങളാണ്. ആചാര്യന്‍, ചിത്രന്‍, വിനോദന്‍ തുടങ്ങിയ തൂലികാനാമത്തിലും അദ്ദേഹം ലേഖനങ്ങളെഴുതിയിരുന്നു.  

നാടകഗാനത്തിനുള്ള സംസ്ഥാന അവാര്‍ഡ് നേടിയിട്ടുള്ള ചൊവ്വല്ലൂര്‍ കേരള സംഗീത നാടക അക്കാദമിയുടെയും കേരള സാഹിത്യ അക്കാദമിയുടെയും ഭരണസമിതി അംഗമായിരുന്നു. സരസ്വതിയാണ് ഭാര്യ. മക്കള്‍ ഉഷ, ഉണ്ണികൃഷ്ണന്‍