You are here:

Moorkoth Kumaran

എഴുത്തിന്റെ ലോകത്ത് ഒരു സര്‍വകലാവല്ലഭന്‍ ആയിരുന്നു മൂര്‍ക്കോത്ത് കുമാരന്‍(1874-1941). കൈവെക്കുകയും വിജയിക്കുകയും ചെയ്തിട്ടില്ലാത്ത മേഖലകളില്ല.  

ആധുനിക മലയാള ഗദ്യശില്പി, ലക്ഷണമൊത്ത സാഹിത്യവിമര്‍ശകന്‍, മാതൃകയാക്കാവുന്ന ഉപന്യാസകാരന്‍,  ചെറുകഥാപ്രസ്ഥാനത്തിന് തുടക്കമിട്ടവരില്‍ പ്രധാനി, റിയലിസ്റ്റ് നോവലിന്റെ പ്രാരംഭകന്‍, എണ്ണമറ്റ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപര്‍, നര്‍മം വെടിയാത്ത എഴുത്തുകാരന്‍, വിവര്‍ത്തകന്‍, കവി, ബാലസാഹിത്യകാരന്‍, നാടകകൃത്ത്, ശാസ്ത്രസാഹിത്യകാരന്‍, ജീവചരിത്രകാരന്‍ എന്നിങ്ങനെ എണ്ണിയാല്‍ തീരാത്ത മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചു മൂര്‍ക്കോത്ത് കുമാരന്‍. 

എല്ലാറ്റിനും മീതെ ഉയര്‍ന്നുനില്‍ക്കും കുമാരന്റെ പത്രപ്രവര്‍ത്തനമികവ്. ഇത്രയും പത്രങ്ങളുടെ പത്രാധിപത്യം വഹിച്ച വേറെ ആരെങ്കിലും ഉണ്ടോ എന്ന് സംശയമാണ്. കേരളസഞ്ചാരി, ഗജകേസരി, മിതവാദി, സമുദായദീപിക, കേരളചിന്താമണി, സരസ്വതി, വിദ്യാലയം, ആത്മപോഷിണി, പ്രതിഭ, ധര്‍മം, ദീപം, സത്യവാദി, കഠോരകുഠാരം എന്നിങ്ങനെ പോകുന്നു അദ്ദേഹം പത്രാധിപത്യം വഹിച്ച പ്രസിദ്ധീകരണങ്ങള്‍. കോഴിക്കോട്ടെ കേരളസഞ്ചാരിയുടെ പത്രാധിപത്യം ഏറ്റെടുക്കുമ്പോള്‍ കുമാരന് വയസ്സ് വെറും 23. പത്രാധിപര്‍ സി. കൃഷ്ണന്‍ നിയമപഠനത്തിന് ചെന്നൈയിലേക്ക് പോയ ഒഴിവിലായിരുന്നു അത്. തലശ്ശേരി സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ അധ്യാപകനായിരിക്കെ ആയിരുന്നു ഈ സാഹസം. 16ാം വയസ്സ് കഴിഞ്ഞ സമയത്ത് കോഴിക്കോട് സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളില്‍ അധ്യാപകനായി ചേര്‍ന്ന ആളാണ് കുമാരന്‍. കേസരി എന്ന തൂലികാനാമത്തില്‍ കേസരി വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാര്‍ ഹാസ്യലേഖനങ്ങളും ഉപന്യാസങ്ങളും എഴുതിയിരുന്ന പ്രസിദ്ധീകരണമാണ് കേരളസഞ്ചാരി. കുമാരന്‍ കേരളസഞ്ചാരിയില്‍ എഴുതിയ മുഖപ്രസംഗങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഏറെ കഥകളും ഹാസ്യലേഖനങ്ങളും പംക്തികളും അദ്ദേഹം ഈ പ്രസിദ്ധീകരണങ്ങളിലെല്ലാം എഴുതി. ഇന്ന് പല ആനുകാലികങ്ങളിലും കാണുന്ന പല സ്ഥിരം പംക്തികളും- പലരും പലതും, പലതില്‍ ചിലത് തുടങ്ങിയ - കുമാരന്റെ സൃഷ്ടികളായിരുന്നു.

അദ്ദേഹം പത്രാധിപരായ ഒരു പ്രധാന പത്രം 'മിതവാദിയാണ്'. ആദ്യം തലശ്ശേരിയില്‍ നിന്നു മൂര്‍ക്കോത്തിന്റെ പത്രാധിപത്യത്തില്‍ ആരംഭിച്ച ശേഷം കോഴിക്കേട്ടേക്കു മാറുകയായിരുന്നു. കുമാരനാശാന്റെ വീണപൂവ് മിതവാദിയില്‍ പ്രസിദ്ധീകരിച്ചത് മൂര്‍ക്കോത്ത് കുമാരന്‍ പത്രാധിപരായിരുന്നപ്പോഴാണ്. ഗജകേസരി,  സത്യവാദി,  സമുദായദീപിക, ആത്മപോഷിണി തുടങ്ങിയ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപരായി കുമാരന്‍. സ്വദേശാഭിമാനി രാമകൃഷ്ണപിള്ള അവസാനകാലത്ത് നടത്തിയ ആത്മപോഷിണി അദ്ദേഹം ഒടുവില്‍ ഏല്‍പ്പിച്ചത് മൂര്‍ക്കോത്ത് കുമാരനെ ആയിരുന്നു. മാതൃഭൂമി ഉള്‍പ്പെടെ അക്കാലത്തെ അറിയപ്പെടുന്ന പ്രസിദ്ധീകരണങ്ങളിലെല്ലാം അദ്ദേഹം എഴുതിയിട്ടുണ്ട്. മുപ്പത് വര്‍ഷം മദിരാശി മെയിലിന്റെ ലേഖകനായും പ്രവര്‍ത്തിച്ചു. 

ശുദ്ധമായ മലയാളം ആസ്വാദ്യമായി വായനക്കാരനില്‍ എത്തിക്കുക എന്നതിന് പുറമെ സാമൂഹ്യ അനാചാരങ്ങള്‍ക്കെതിരെ പോരാടുന്നതിനുള്ള ഉപകരണം കൂടിയായിരുന്നു കുമാരന് താന്‍ ചുമതല ഏറ്റ പ്രസിദ്ധീകരണങ്ങളെല്ലാം. കേരളീയ നവോത്ഥാനത്തിന്റെ പതാകാവാഹകരില്‍ മുന്‍പന്തിയില്‍ നിന്നു കുമാരന്‍. ഒ.ചന്തുമേനോന്‍, കേസരി വേങ്ങയില്‍ നായനാര്‍, ഗുണ്ടര്‍ട്ട്്് എന്നിവരുടെ ജീവചരിത്രം എഴുതിയിട്ടുണ്ട് കുമാരന്‍.

മലയാള മനോരമ എക്‌സി. എഡിറ്ററായിരുന്ന മൂര്‍ക്കോത്ത് കുഞ്ഞപ്പ, ഇന്ത്യാഗവണ്മെന്റ് സര്‍വീസില്‍ ഉതോദ്യോഗങ്ങള്‍ വഹിച്ച മൂര്‍ക്കോത്ത് രാവുണ്ണി, പോണ്ടിച്ചേരി സെന്‍ട്രല്‍ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ആയിരു മൂര്‍ക്കോത്ത് ശ്രീനിവാസന്‍ എന്നിവരാണ് മക്കള്‍.

Previous:
Next: