You are here:

Sreedharan Nair K.K.

 

കെ.കെ.ശ്രീധരന്‍ നായര്‍

പെരുമ്പാവൂര്‍ വേങ്ങൂര്‍ ആക്കപ്പിള്ളില്‍ രാമന്‍പിള്ളയുടെയും കല്ല്യേലില്‍ പാറുക്കുട്ടിഅമ്മയുടെയും  മകന്‍. ജനനം : 1930 ആഗസ്ത് 10. ആലുവ യു.സി.കോളേജിലും എറണാകുളം മഹാരാജാസ് കോളേജിലും എറണാകുളം ലോകോളേജിലുമായി പഠനം.സാമ്പത്തിക ശാസ്ത്രത്തിലും നിയമത്തിലും ബിരുദങ്ങള്‍ നേടി. നാഗ്പൂര്‍ യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള ഹിസ്ലോപ് കോളേജില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ഡിപ്ലോമ. ഇംഗ്ലണ്ടിലെ തോംസണ്‍ ഫൗണ്ടേഷന്‍ ഹൈദരാബാദില്‍ നടത്തിയ ജേര്‍ണലിസം ഓറിയന്റേഷന്‍ കോഴ്‌സില്‍ പങ്കെടുത്തും ഡിപ്ലോമ നേടി.
മാതൃഭൂമിയില്‍ 1953-ല്‍ സബ് എഡിറ്ററായി ജോലിയില്‍ പ്രവേശിച്ചു. സീനിയര്‍ സബ്എഡിറ്റര്‍, ചീഫ് സബ് എഡിറ്റര്‍, ന്യൂസ് എഡിറ്റര്‍, ഡെപ്യൂട്ടി എഡിറ്റര്‍ തസ്തികകളിലൂടെ ഉദ്യോഗക്കയറ്റം നേടി എഡിറ്റര്‍ ആയി. 1990 മൂതല്‍ പത്തു വര്‍ഷം മാതൃഭൂമി പത്രത്തിന്റെ എഡിറ്ററായിരുന്നു. അതിനു ശേഷ പിരിയോഡിക്കല്‍സ് വിഭാഗത്തിന്റെ എഡിറ്ററായി പ്രവര്‍ത്തിച്ചു വരുന്നു. മലയാളപത്രത്തില്‍ ബിരുദാനന്തര ജേര്‍ണലിസം ഡിപ്ലോമയോടുകൂടി ജോലിയില്‍ പ്രവേശിക്കുന്ന ആദ്യത്തെ ജേണലിസ്റ്റാണ് അദ്ദേഹം. പത്രപ്രവര്‍ത്തനരംഗത്തെ  ആറുപതിറ്റാണ്ടുകാലത്തെ സമഗ്രമായ സംഭാവനയെ വിലയിരുത്തി കേരള മഹാത്മജി സാംസ്‌കാരികവേദി ഏര്‍പ്പെടുത്തിയ പ്രഥമ കേളപ്പജി സ്മാരക പുരസ്‌കാരത്തിന് (2010) അര്‍ഹനായിട്ടുണ്ട്. 2011 ജനവരിയില്‍ ജാനു-ഉണിച്ചെക്കന്‍ സ്മാരക ട്രസ്റ്റ് ഏര്‍പ്പെടുത്തിയ അവാര്‍ഡിനും അര്‍ഹനായി.
മാതൃഭൂമി ദിനപത്രം, മാതൃഭൂമി ആഴ്ചപ്പതിപ്പ്, മാതൃഭൂമി വാരാന്ത്യപ്പതിപ്പ് തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ ഒട്ടേറെ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.  മലബാര്‍ ജേര്‍ണലിസ്റ്റ് യൂണിയന്റെ സിക്രട്ടറി (1957-60), കേരള ഗവണ്‍മെന്റിന്റെ പ്രസ് അക്രഡിറ്റേഷന്‍ കമ്മിറ്റി അംഗം(1957-60), കേരളയൂണിയന്‍ ഓഫ് വര്‍ക്കിംഗ് ജേര്‍ണലിസ്റ്റിന്റെ ജോയിന്റ് സിക്രട്ടറി(1960)യായും തുടര്‍ന്നു വൈസ്പ്രസിഡണ്ട് (1961), കൊച്ചി പ്രസ്‌ക്ലബ് സിക്രട്ടറി(1963-67), ടെലിഫോണ്‍ അഡൈ്വസറി കമ്മിറ്റി അംഗം(1992) എന്നീ നിലകളിലും സേവനമനുഷ്ഠിച്ചു.  1994 മുതല്‍ തുടര്‍ച്ചയായി നാലുവര്‍ഷം കേരള പ്രസ് അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗമായിരുന്നു.   ജര്‍മ്മനി, ഇന്തോനേഷ്യ, സിംഗപ്പൂര്‍, മലേഷ്യ, ഇറ്റലി, റോം, അമേരിക്ക, ഫ്രാന്‍സ്, ഗള്‍ഫ് രാജ്യങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ പര്യടനം നടത്തിയിട്ടുണ്ട്.
മാതൃഭൂമിയുടെ എഡിറ്റോറിയല്‍ വിഭാഗത്തില്‍ 27 വര്‍ഷം സേവനമനുഷ്ഠിച്ച, പരേതയായ പത്മിനി എസ് നായരാണ് ഭാര്യ.    രണ്ടുമക്കളുണ്ട്.  മകള്‍ എസ്. ഇന്ദിരാ നായരെ വിവാഹം ചെയ്തിരിക്കുന്നത് ഇന്ത്യന്‍ നേവിയിലെ സര്‍ജന്‍ ക്യാപ്റ്റന്‍ ഡോ.പി.ആര്‍. നായരാണ്.  എന്‍ജിനിയറിംഗ് ബിരുദധാരിയായ മകന്‍ എസ്. അജിത്കുമാര്‍ ഫ്യൂജിടെക്‌നിക്കല്‍ സര്‍വീസസ് കമ്പനിയുടെ പാര്‍ട്ണറും ജോയിന്റ് ഡയറക്ടറുമാണ്.  മകന്റെ ഭാര്യ സരോജ് അജിത്കുമാര്‍.

 

Previous:
Next: