Joy Thirumoolapuram
ജോയ് തിരുമൂലപുരം
മലയാള മനോരമ, ദീപിക, മംഗളം, കേരള കൗമുദി തുടങ്ങിയ നിരവധി ദിനപത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള പ്രശസ്ത മാധ്യമപ്രവര്‍ത്തകനാണ് ജോയ് തിരുമൂലപുരം.
കഴിഞ്ഞ നാലര ദാശാബ്ദത്തിനിടെ കേരളം കണ്ട മികച്ച പത്രപ്രവര്‍ത്തകരില്‍ ഒരാളാണ് ജോയി തിരുമൂലപുരം. ഈ നാട്, മംഗളം ദിനപത്രങ്ങളുടെ എഡിറ്റോറിയല്‍ വിഭാഗങ്ങളുടെ ആദ്യ തലവനായിരുന്നു.
ഇന്ത്യയിലെ ഏറ്റവും മികച്ച പത്രസംവിധാനത്തിന് രണ്ട് വര്‍ഷങ്ങളില്‍ രാഷ്ട്രപതിയുടെ പുരസ്‌കാരം നേടിയിട്ടുള്ള ഒരേയൊരു മലയാളി പത്രപ്രവര്‍ത്തകനാണ് ഇദ്ദേഹം.
ഗ്രാമീണ റിപ്പോര്‍ട്ടിങ്ങിനുള്ള രാജ്യത്തെ മികച്ച റിപ്പോര്‍ട്ടര്‍ക്കുള്ള സ്‌റ്റേറ്റ്‌സ്മാന്‍ അവാര്‍ഡ് നേടിയ ആദ്യ മലയാളിയും ജോയി തിരുമൂലപുരമാണ്. 'ഇടമലക്കുടിയിലെ മുതുവാന്മാര്‍' എന്ന പരമ്പരയാണ് സ്‌റ്റേറ്റ്‌സ്മാന്‍ അവാര്‍ഡ് നേടിക്കൊടുത്തത്. 700 ഓളം ചെറുകഥ എഴുതിയിട്ടുണ്ട്.
വാര്‍ത്ത, റിപ്പോട്ടിങ്, എഡിറ്റിങ്, സമ്പൂര്‍ണ്ണ പത്രസംവിധാനം എന്നിങ്ങനെ വ്യത്യസ്ത മേഖലകളെ കുറിച്ച് ജോയി തിരുമൂലപുരം രചിച്ച പുസ്തകങ്ങള്‍ മലയാള പത്രപ്രവര്‍ത്തനത്തിലെ ആധികാരിക ഗ്രന്ഥങ്ങളാണ്. ഫോട്ടോ എഡിറ്റിങ് രംഗത്ത് നവീനമായ ആശയങ്ങള്‍ പ്രദാനം ചെയ്ത വ്യക്തിയായിരുന്നു.
വാര്‍ത്ത(3 വോള്യം1.പത്രവും വാര്‍ത്തയും2.റിപ്പോര്‍ട്ടിംഗ് എഡിറ്റിംഗ്, 3. സമ്പൂര്‍ണ്ണ പത്രസംവിധാനം), ഓശാനപ്പൂക്കള്‍, വരാത്തവരുടെ കാല്‍പ്പാടുകള്‍, ഇടമലക്കുടിയിലെ മുതവാന്മാര്‍, ദു:ഖത്തിന്റെ തുരുത്തില്‍, യുദ്ധം, മാളത്തില്‍ തനിയെ, കറുത്ത പക്ഷം, ഉറങ്ങൂ ഓമനേ ഉറങ്ങൂ, ഓമലേ ആരോമലേ, തീര്‍ത്ഥ യാത്ര എന്നിവയാണ് രചിച്ച പുസ്തകങ്ങള്‍
73 ാം വയസ്സില്‍ 2010 ജൂലായി 23 ന് കോട്ടയത്ത് അന്തരിച്ചു. അന്നമ്മ മാത്യുവാണ് ഭാര്യ. മക്കള്‍: മുകേഷ്, മുകുള്‍, മുംതാസ്.