Gopi P
പത്രപ്രവര്‍ത്തന രംഗത്തെ സാഹസികതകള്‍ അനുഭവ സമ്പത്തായുള്ള പത്രപ്രവര്‍ത്തകനാണ് പെരിക്കഞ്ചേരി ഗോപിയെന്ന പി.ഗോപി. ജീവന് പണയംവച്ചും വാര്‍ത്തയുടെ പൊരുളറിയാനും തിരശീലക്കുപിന്നിലെ വാര്‍ത്തകള്‍ പുറത്തുകൊണ്ടുവരാനും ഗോപി പണിയെടുത്തിട്ടുണ്ട്. 1970കളിലെ നക്സലൈറ്റ് പ്രസ്ഥാനത്തെ അടിച്ചമര്‍ത്താന്‍ വയനാട്ടിലും കണ്ണൂരിലുമെല്ലാം പോലീസ് നടത്തിയ വേട്ട, നക്സലൈറ്റ് നേതാവ് വര്‍ഗീസിന്റെ കൊലപാതകം, സാമുദായിക നിറം നല്കപ്പെട്ട ചില രാഷ്ട്രീയ കലാപങ്ങള്‍ എന്നിവ റിപ്പോര്‍ട്ട് ചെയ്യാന്‍ സാഹസികമായി നടത്തിയ ശ്രമങ്ങള്‍ ഗോപിയുടെ പത്രപ്രവര്‍ത്തന ജീവിതത്തിലെ അനുഭവങ്ങളായി രേഖപ്പെടുത്തേണ്ടതാണ്. അക്രമി സംഘങ്ങളില്‍ നിന്നും പോലിസിന്റെ വെടിയുണ്ടകളില്‍ നിന്നും അദ്ദേഹം അത്ഭുതകരമായി രക്ഷപ്പെട്ടിട്ടുണ്ട്. അപ്പുനായരുടേയും കുഞ്ഞിക്കുട്ടിയമ്മയുടേയും പുത്രനായി 1937 നവംബര്‍ 15നാണ് കോഴിക്കോട് ജില്ലയിലെ നെല്ലിക്കോട്ഗോപിയുടെ ജനനം. കോഴിക്കോട് ഗണപത് ഹൈസ്കൂള്‍, സ്കോളര്‍ കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.
1955-ല്‍ പത്രപ്രവര്‍ത്തനമാരംഭിച്ചു. എക്സ്പ്രസ് പത്രത്തിലായിരുന്നു തുടക്കം. പിന്നീട് ദീപികയിലും തെരുവത്ത് രാമന്റെ പ്രദീപത്തിലും ലേഖകനായി.
നാലുവര്‍ഷത്തെ പ്രവൃത്തി പരിചയവുമായി പ്രദീപത്തില്‍ നിന്ന് പുറത്തിറങ്ങിയ ഗോപി മാതൃഭൂമിയില്‍ പാര്‍ട'് ടൈം ലേഖകനായി. കെ.പി.കേശവമേനോനേയും എന്‍.വി.കൃഷ്ണവാര്യരേയും എം.ടി.വാസുദേവന്‍ നായരേയും പോലെ പത്രാധിപന്മാരുടെ മുന്‍നിരതന്നെ അന്ന് മാതൃഭൂമിയിലുണ്ടായിരുന്നു.
1965ലാണ് മനോരമ കോഴിക്കോടാരംഭിച്ചപ്പോള് ഗോപി അവിടെയെത്തുന്നത്. ഗോപിയുടെ പരിചയസമ്പത്ത് തിരിച്ചറിഞ്ഞ തോമസ് ജേക്കബ്ബിനേയും കെ.ആര്.ചുമ്മാറിനേയും പോലുള്ളവര്‍ പത്രപ്രവര്‍ത്തന രംഗത്ത് ഗോപിയെ സാക്ഷ്യപ്പെടുത്തി. 2007-ലാണ് മനോരമയില്‍ നിന്ന് വിരമിക്കുന്നത്.
കെ.യു.ഡബ്യൂ.ജെ കണ്ണൂര്‍ ജില്ലാ സ്ഥാപക സെക്രട്ടറിയും പ്രസ് ക്ലബ്ബിന്റെ ആദ്യ പ്രസിഡന്റുമാണ്. 1973-ല്‍ കണ്ണൂര്‍ പ്രസ് ക്ലബിന് രാഷ്ട്രപതി വി.വി.ഗിരി തറക്കല്ലിടുന്നത് ഗോപി പ്രസിഡന്റായിരിക്കുമ്പോഴാണ്. സി.എച്ച്.മുഹമ്മദ്കോയ സ്മാരക പുരസ്കാരം നേടിയിട്ടുണ്ട്.
ഭാര്യ : അംബുജാക്ഷി (റിട്ട. ഹൈസ്കൂള്‍ അധ്യാപിക)
മൂന്ന് മക്കള്‍.
കണ്ണൂര്‍ ജില്ലയിലെ ചിറക്കലില്‍ പട്ടേല്‍ റോഡ് അംബികാലയത്തില്‍ താമസിക്കുന്നു. സീനിയര്‍ ജേര്‍ണലിസ്റ്റ് ഫോറം കണ്ണൂര്‍ ജില്ലാ പ്രസിഡന്റാണ്.