Chandran C. A.
രാഷ്ട്രീയം, സ്പോട്സ്, സിനിമ തുടങ്ങിയ മേഖലകളിലൊക്കെ ഉള്‍ക്കാഴ്ച്ചയുള്ള പത്രപ്രവര്‍ത്തകനായിരുന്നു സി.എ.ചന്ദ്രന്. അകാലത്ത് അന്തരിക്കുമ്പോള്‍ ചന്ദ്രന് 54 വയസ്സ്. സൗഹൃദകൂട്ടായ്മകളില്‍ സിഎസി ആയിരുന്ന ചന്ദ്രന് 2013 ജൂണ്‍ 29-നാണ് വിടവാങ്ങിയത്.
തൊടുപുഴ കോലാനി ചക്കുങ്കല്‍ അയ്യപ്പന്റേയും ലക്ഷ്മിയുടേയും മകനായ ചന്ദ്രന് എറണാകുളം മഹാരാജാസ് കോളേജിലാണ് പഠിച്ചത്. മാതൃഭൂമിയില്‍ ഇടുക്കി ലേഖകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. തങ്കമണി ഗ്രാമത്തില്‍ പൊലിസിന്റെ നരനായാട്ടിനേയും സ്ത്രീകള്‍ക്ക് നേരെ നടന്ന കടന്നാക്രമങ്ങളേയും കുറിച്ച് ചന്ദ്രന് തയ്യാറാക്കിയ റിപ്പോര്‍ട്ടുകള്‍ കേരള രാഷ്ട്രീയത്തിലും നിയമസഭയിലും അത്യന്തം പ്രക്ഷുബ്ധമായ അവസ്ഥയുണ്ടാക്കി. അറിയപ്പെടാതെ പോകുമായിരുന്ന ഒരു ഗ്രാമത്തിന്റെ ഉള്ളുലയ്ക്കുന്ന വേദനകള്‍ ചന്ദ്രനിലൂടെ വെളിച്ചം കണ്ടു.
മാതൃഭൂമിയുടെ തൃശൂര്‍, തിരുവനന്തപുരം എഡിഷനുകളില്‍ പ്രവര്‍ത്തിച്ച ചന്ദ്രന് മരിക്കുമ്പോള്‍ കൊച്ചി എഡിഷനില്‍ ചീഫ് സബ്് എഡിറ്ററായിരുന്നു. ആലുവയില്‍ നിരവധി സാഹിത്യ സാംസ്കാരിക സംഘടനകളില്‍ പ്രവര്‍ത്തിച്ചിരുന്നു. വലിയൊരു സുഹൃദ്വലയത്തിന്റെ ഉടമയായിരുന്ന സിഎസി കേരള പത്രപ്രവര്‍ത്തക യൂണിയന്റെ സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു.
ഭാര്യ: ബിനി (കേരള ആയുര്‍വേദ ഫാര്‍മസി), മക്കള്‍: ആനന്ദ്.സി.ചന്ദ്രന് (ഛായാഗ്രാഹകന്‍), ചാന്ദ്നി (വിദ്യാര്‍ത്ഥിനി)